Thursday - 23 April, 2026 5-Dhu al-Qadah-1447

സാമിരി (2)

   വിശുദ്ധ ഖുർആൻ പറയുന്നു: "അദ്ദേഹം പറഞ്ഞു: ഹാറൂൻ ഇവർ വഴിപിഴച്ചതായി നീ കണ്ടപ്പോൾ നിനക്ക് എന്ത് തടസ്സമാണുണ്ടായത്?" (20:92)


"എന്നെ പിന്തുടരാതിരിക്കാൻ അപ്പോൾ നീ എന്റെ കൽപനക്ക് എതിര് പ്രവർത്തിച്ചുവോ?" (20:93)


അദ്ദേഹം (ഹാറൂൻ) പറഞ്ഞു: എന്റെ മാതൃപുത്രാ എന്റെ താടിയും മുടിയും പിടിക്കരുത്. ഇസ്രാഈൽ സന്തതികൾക്കിടയിൽ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു. എന്റെ വാക്ക് നീ ഗൗനിച്ചതുമില്ല. എന്ന് (എന്നെപ്പറ്റി) നീ പറയുമെന്ന് ഞാൻ ഭയപ്പെട്ടു." (20:94)


"മൂസ (അ) കോപത്തോടെ സാമിരിയുടെ നേരെ തിരിഞ്ഞു അദ്ദേഹം ചോദിച്ചു: എന്നാൽ നിന്റെ കാര്യം എന്താണ് സാമിരീ." (20:95)


 സാമിരിയുടെ മറുപടി ഇങ്ങനെയായിരുന്നു. അല്ലാഹുﷻവിന്റെ ദൂതനായ ജിബ്രീൽ (അ) കുതിരപ്പുറത്ത് വന്നപ്പോൾ അതിന്റെ കാലിന്നടിയിലെ മണ്ണിൽ നിന്ന് അൽപം ഞാനെടുത്തുവെച്ചു. അത് ചേർത്തു പശുക്കുട്ടിയെ ഉണ്ടാക്കി. അങ്ങനെ ചെയ്യാൻ എനിക്ക് തോന്നി. ഞാനത് ചെയ്തു...


 വിശുദ്ധ ഖുർആൻ പറയുന്നത് കാണുക : "അവൻ (സാമിരി) പറഞ്ഞു:  അവർ (ജനങ്ങൾ) കണ്ടിട്ടില്ലാത്തത് ഞാൻ കണ്ടു. അങ്ങനെ ദൂതന്റെ കാൽപ്പാടിൽ നിന്ന് ഒരുപിടി ഞാൻ പിടിച്ചു. എന്നിട്ട് അത് ഞാൻ ഇട്ടുകളയുകയും ചെയ്തു. അങ്ങനെയാണ് എന്റെ മനസ് എനിക്ക് പ്രേരണ നൽകിയത്.  (20:96)


മൂസ (അ) പറഞ്ഞു:  "നീ പോ.... നിന്നെ മനുഷ്യർ തൊടില്ല. നിന്നെ തൊട്ടാൽ രോഗം വരും നിന്നെ ബഹിഷ്കരിക്കുന്നു. ഒരാളും നിന്നോട് സഹവസിക്കില്ല." 


സാമിരി ഒറ്റപ്പെട്ടു. ഒരാളും മിണ്ടില്ല. കാട്ടിൽ അഭയം തേടി. പശുക്കിടാവിനെ മൂസ (അ) ചുട്ടു ഭസ്മമാക്കി. കടലിൽ വിതറിക്കളഞ്ഞു.  


ഖുർആൻ പറയുന്നു: "അദ്ദേഹം (മൂസ) പറഞ്ഞു:  എന്നാൽ നീ പോ. നിശ്ചയമായും ഈ ജീവിതത്തിൽ തൊട്ടുകൂടാ എന്നു പറയൽ നിനക്കുണ്ടായിരിക്കട്ടെ!  നിശ്ചയമായും നിനക്കൊരു നിശ്ചിത സമയമുണ്ട് അതൊരിക്കലും നിനക്ക് ലംഘിക്കപ്പെടുകയില്ല. നീ ഭജിച്ചുകൊണ്ടിരിക്കുന്ന നിന്റെ ഈ ആരാധ്യവസ്തുവെ നോക്കുക. നാം അതിനെ ചുട്ടു കരിക്കുക തന്നെ ചെയ്യുന്നതാണ്. പിന്നെ നിശ്ചയമായും നാം അതിനെ പൊടിപാറ്റി കടലിൽ വിതറിക്കളയുന്നതുമാണ്. (20:97)


"നിശ്ചയമായും നിങ്ങളുടെ ആരാധ്യർ താനല്ലാതെ മറ്റൊരു ആരാധ്യനില്ലാത്ത അല്ലാഹു ﷻ ആകുന്നു. എല്ലാ വസ്തുവെക്കുറിച്ചും (അവന്റെ) അറിവ് വിശാലമായിരിക്കുന്നു." (20:98)


 സൂറത്തുൽ ബഖറയിൽ ഇങ്ങനെ കാണാം: "മൂസായുമായി നാൽപ്പത് രാത്രിക്ക് നാം കരാർ ചെയ്ത സന്ദർഭം (ഓർക്കുക) പിന്നീട് അദ്ദേഹത്തിന്റെ അഭാവത്തിന് ശേഷം നിങ്ങൾ പശുക്കുട്ടിയെ ഉണ്ടാക്കിത്തീർത്തു. നിങ്ങൾ അക്രമികളായും കൊണ്ട് .(2:51)


"പിന്നെ അതിനുശേഷം  നാം നിങ്ങൾക്ക് മാപ്പ് ചെയ്തു. നിങ്ങൾ നന്ദി ചെയ്യാൻ വേണ്ടി." (2:52) 


"മൂസാക്ക് നാം വേദഗ്രന്ഥവും (സത്യാസത്യ) വിവേചനവും നൽകിയ സന്ദർഭവും (ഓർക്കുക) നിങ്ങൾ സന്മാർഗം പ്രാപിക്കുവാൻ വേണ്ടി.  (2:53) 


 മൂസ (അ) അവരുടെ ശരീരത്തിന്റെ വിധി പ്രഖ്യാപിച്ചു. പശുക്കുട്ടിയെ ആരാധിക്കുന്നതിൽ മുന്നിട്ടുനിന്നവരെ വധിക്കണം. തൗഹീദിൽ ഉറച്ചുനിന്നവരാണ് വധിക്കേണ്ടത്.  വധിക്കപ്പെടുന്നതോടെ അവർ കുറ്റവിമുക്തരായി. വധിക്കുന്നവരാകട്ടെ നീതി നടപ്പാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവർ പശ്ചാത്തപിക്കുകയും നീതി നടപ്പാക്കുകയും ചെയ്തു... 


 വിശുദ്ധ ഖുർആൻ പറയുന്നു: "മൂസ തന്റെ ജനതയോട് പറഞ്ഞ സന്ദർഭവും (ഓർക്കുക)  എന്റെ ജനങ്ങളേ നിശ്ചയമായും നിങ്ങൾ പശുക്കുട്ടിയെ ഉണ്ടാക്കിയത് നിമിത്തം നിങ്ങൾ നിങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ നിങ്ങളെ സൃഷ്ടിച്ചവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുവീൻ. അങ്ങനെ നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുവീൻ! അത് നിങ്ങളുടെ സൃഷ്ടാവിന്റെയടുത്ത് നിങ്ങൾക്ക് ഗുണകരമാകുന്നു. എന്നിട്ട് അവർ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും അവൻ തന്നെയാകുന്നു വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും. കരുണാനിധിയുമായുള്ളവൻ. (2:54)


 മൂസ (അ) ന് അല്ലാഹു ﷻ തൗറാത്ത് നൽകി. ചില പലകകളായിട്ടാണ് അവതരിപ്പിച്ചത്. സൂറത്ത് അഹ്റാഫിൽ പറയുന്നു: "മൂസാക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും പലകകളിൽ നാം എഴുതിക്കൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും എല്ലാ കാര്യത്തിനുമുള്ള ഉപദേശവും. അതിനാൽ നീ അവയെ ബലത്തോടെ എടുത്ത് (സ്വീകരിച്ചു)  കൊള്ളുക. നിന്റെ ജനങ്ങളോട്  അവയിലെ വളരെ നല്ല കാര്യങ്ങളെ അവർ സ്വീകരിക്കാൻ കൽപ്പിക്കുകയും ചെയ്യുക. ദുർമാർഗ്ഗികളുടെ പാർപ്പിടം നാം നിങ്ങൾക്കു വഴിയെ കാണിച്ചുതരാം. (7:145) 


"നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും വ്യാജമാക്കിയവരാകട്ടെ അവരുടെ പ്രവർത്തികൾ (പൊളിഞ്ഞ്) വിഫലമായി അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്നല്ലാതെ അവർക്ക് പ്രതിഫലം കൊടുക്കുമോ? (ഇല്ലതന്നെ)."  (7:147)


"കുപിതനായും ദുഃഖിതനായും കൊണ്ട് മൂസ തന്റെ ജനതയിലേക്ക് മടങ്ങിവന്നപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ (പോക്കിന്) ശേഷം നിങ്ങൾ എന്റെ പിന്നിൽ പ്രവർത്തിച്ചത് എത്രയോ ചീത്തയാണ്. നിങ്ങളുട


െ റബ്ബിന്റെ കൽപനക്കു (കാത്തിരിക്കാതെ) നിങ്ങൾ ധൃതി കാട്ടിയോ? 

അദ്ദേഹം പലകകൾ താഴെയിടുകയും ചെയ്തു. തന്റെ സഹോദരന്റെ തലമുടി പിടിച്ചു. തന്നിലേക്ക് വലിക്കുകയും ചെയ്തു. അദ്ദേഹം (സഹോദരൻ) പറഞ്ഞു:  നിശ്ചയമായും ഈ ജനങ്ങൾ എന്നെ ബലഹീനനാക്കിത്തീർക്കുകയും  എന്നെ അവർ കൊലപ്പെടുത്താറാവുകയും ചെയ്തു. അതിനാൽ എന്നെ (നിന്ദിച്ചു). നീ ശത്രുക്കളെ സന്തോഷിപ്പിക്കരുതേ. എന്നെ നീ അക്രമികളോടുകൂടെ ആക്കുകയും ചെയ്യരുതേ!" (7:150)


"അദ്ദേഹം മൂസാ പറഞ്ഞു: റബ്ബേ എനിക്കും എന്റെ സഹോദരനും നീ പൊറുത്തു തരുകയും നിന്റെ കാരുണ്യത്തിൽ ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണയുള്ളവനുമാകുന്നു." (7:151)


"മൂസയിൽ നിന്ന് കോപം അടങ്ങിയപ്പോൾ അദ്ദേഹം പലകകൾ എടുത്തു അവയിലെ എഴുത്തിൽ തങ്ങളുടെ റബ്ബിനെക്കുറിച്ച് യാതൊരു കൂട്ടർ ഭയപ്പെടുന്നുവോ അവർക്ക് മാർഗ്ഗദർശനവും കാരുണ്യവും ഉണ്ടായിരുന്നു." (7:154)


 മൂസ (അ) നാൽപ്പത് ദിവസം ഭജനമിരുന്നു. അതിനുശേഷം തൗറാത്ത് ലഭിച്ചു. അതുമായി വന്നപ്പോൾ ജനങ്ങൾ പശുക്കുട്ടിയെ ആരാധിക്കുന്നത് കണ്ടു. കോപം വന്നു പലകകൾ താഴെയിട്ടു. കോപം തണുത്തപ്പോൾ പലകകൾ എടുത്തു...  


 പിന്നെ മൂസ (അ) എഴുപത് പ്രതിനിധികളെ തിരഞ്ഞെടുത്തു. അവർ ജനങ്ങൾക്കു വേണ്ടി പശ്ചാത്തപിക്കും. പ്രാർത്ഥിക്കും. അതിനുവേണ്ടി അവരെ ത്വൂർ പർവ്വതത്തിലേക്ക് മൂസ (അ) കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ അവർക്ക് അല്ലാഹുﷻവിനെ കാണണം. അവർ നിർബന്ധം പിടിച്ചു. അവർ പ്രകാശം കണ്ടു ബോധരഹിതരായി വീണു...


 ഖുർആൻ പറയുന്നു: "മൂസ തന്റെ ജനങ്ങളിൽ നിന്ന് നമ്മുടെ നിശ്ചിത സമയത്തേക്ക് എഴുപത് പുരുഷന്മാരെ തിരഞ്ഞെടുത്തു. എന്നിട്ട് അവർക്ക് കഠിന കമ്പനം പിടിപെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:  എന്റെ റബ്ബേ നീ ഉദ്ദേശിച്ചിരുന്നെങ്കിൽ മുമ്പുതന്നെ അവരെയും എന്നെയും നശിപ്പിക്കാമായിരുന്നു. ഞങ്ങളിൽ നിന്നുള്ള ഭോഷന്മാർ ചെയ്തതിന് ഞങ്ങളെ നീ നശിപ്പിക്കുന്നുവോ! അത് നിന്റെ പരീക്ഷണമല്ലാതെ (മറ്റൊന്നും) അല്ലല്ലോ? 


അതുമൂലം നീ ഉദ്ദേശിക്കുന്നവരെ നീ വഴിപിഴവിലാക്കുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ നേർമാർഗത്തിലാക്കുകയും ചെയ്യുന്നു. നീ ഞങ്ങളുടെ കാര്യകർത്താവാകുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണ ചെയ്യുകയും വേണമേ! നീയാകട്ടെ പൊറുക്കുന്നവരിൽ വെച്ചു ഉത്തമനാകുന്നു." (7:155)


സൂറത്തുൽ ബഖറയിലെ വചനങ്ങൾ കാണുക: നിങ്ങൾ പറഞ്ഞ സന്ദർഭം (ഓർക്കുക)  ഓ മൂസാ..... 

അല്ലാഹുﷻവിനെ പ്രത്യക്ഷത്തിൽ കാണുന്നതുവരെ ഞങ്ങൾ  താങ്കളിൽ വിശ്വസിക്കുകയില്ലതന്നെ.  

എന്നിട്ട് നിങ്ങൾ നോക്കിക്കൊണ്ടിരിക്കെ നിങ്ങൾക്ക് ഇടിത്തീ പിടിപെട്ടു." (2:55)


"പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേൽപിച്ചു. നിങ്ങൾ നന്ദി ചെയ്യുവാൻ വേണ്ടി." (2:56) 


 ജനങ്ങൾ അല്ലാഹുﷻവിനെ കാണണമെന്ന് ശാഠ്യം പിടിച്ചു. അവർ ഒരു പ്രകാശം കണ്ടു. ഇടിത്തീപോലെ. അത് കാരണം അവർ മരണപ്പെട്ടു.  മൂസാ (അ) സങ്കടപ്പെട്ടു പ്രാർത്ഥിച്ചു. അല്ലാഹു ﷻ അവർക്ക് ജീവൻ തിരിച്ചു നൽകി. അല്ലാഹു ﷻ ഇസ്രാഈല്യർക്കു നൽകിയ അനുഗ്രഹങ്ങൾ എടുത്തു പറയുന്നു. 


"ഇസ്രാഈൽ സന്തതികളേ നിങ്ങൾക്കു നാം മേഘത്തെ തണലാക്കിത്തരികയും ചെയ്തു. നിങ്ങൾക്കു നാം മന്നായും സൽവായും ഇറക്കിത്തരികയും ചെയ്തു. നാം നിങ്ങൾക്കു നൽകിയിട്ടുള്ള നല്ല വസ്തുക്കളിൽ നിന്ന് നിങ്ങൾ തിന്നുകൊള്ളുവീൻ! എന്നാൽ അവർ നമ്മെയല്ല അക്രമിച്ചത്. അവർ അവരുടെ സ്വന്തങ്ങളോട് തന്നെയായിരുന്നു അക്രമം പ്രവർത്തിച്ചിരുന്നത്."  (2:57)


 അല്ലാഹു ﷻ വളരെയേറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുത്ത ഒരു സമൂഹമാണ് ഇസ്രാഈൽ സന്തതികൾ. അവരിൽ ഒരുവിഭാഗം അത് നന്നായി മനസ്സിലാക്കുകയും അല്ലാഹുﷻവിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അധികപേരും നന്ദികേടാണ് കാണിച്ചത്. മൂസാനബി (അ) നെയും ഹാറൂൻ (അ)നെയും അവർ വല്ലാതെ ബുദ്ധിമുട്ടിച്ചു. നബിമാർ ഉപദേശിക്കാൻ തുടങ്ങിയാൽ അവർ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കും. നന്ദിയില്ലാത്ത ധിക്കാരികളായിതന്നെ അവർ കഴിഞ്ഞുകൂടി. പല പരീക്ഷണങ്ങളും അവർക്ക് നേരിടേണ്ടതായും വന്നു.