Thursday - 23 April, 2026 5-Dhu al-Qadah-1447

കടലിലെ ദുരന്തം (2)

   സൂറത്തുൽ ഖസ്വസിൽ ഇങ്ങനെ കാണാം: "ഫിർഔൻ പറഞ്ഞു : പ്രധാനികളേ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങൾക്കുള്ളതായി ഞാനറിയുന്നില്ല. അതുകൊണ്ട് ഓ..... ഹാമാൻ എനിക്കുവേണ്ടി നീ കളിമണ്ണിൽ നെരിപ്പൂട്ടുക. (ഇഷ്ടികയുണ്ടാക്കി ചൂളവെക്കുക) എന്നിട്ട് എനിക്കൊരു ഉന്നതസൗധമുണ്ടാക്കിത്തരിക. മൂസ(അ)യുടെ ഇലാഹിലേക്ക് എനിക്ക് ചെന്നുനോക്കാമല്ലോ. നിശ്ചയമായും അവൻ വ്യാജം പറയുന്നവനാണെന്ന് ഞാൻ കരുതുന്നു." (28:38) 


"അവനും അവന്റെ സൈന്യങ്ങളും നാട്ടിൽ ന്യായരഹിതമായി അഹങ്കാരം നടിച്ചു. നമ്മുടെ അടുക്കലേക്ക് അവർ മടക്കപ്പെടുകയില്ലെന്ന് അവർ ധരിക്കുകയും ചെയ്തു." (28:39) 


"അതിനാൽ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു. എന്നിട്ടു സമുദ്രത്തിൽ എറിഞ്ഞു കളഞ്ഞു. അപ്പോൾ ആ ആക്രമികളുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന് നോക്കുക." (28:40)


"നാം അവരെ നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കളാക്കി. അന്ത്യനാളിൽ അവർക്ക് സഹായം നൽകപ്പെടുന്നതല്ല." (28:41)


"ഈ ഐഹിക ലോകത്ത് നാം അവർക്ക്  ശാപം തുടർത്തുകയും ചെയ്തു. ഖിയാമത്തുനാളിലാവട്ടെ അവർ വഷളാക്കപ്പെട്ടവരുടെ കൂട്ടത്തിലുമായിരിക്കും." (28:41)


"പൂർവ്വ തലമുറകളെ നശിപ്പിച്ചതിന് ശേഷം ജനങ്ങൾക്ക് ഉൾക്കാഴ്ചകളായും മാർഗദർശനമായും കാരുണ്യമായും കൊണ്ട്  നാം മൂസാക്ക് വേദഗ്രന്ഥം നൽകുകയുണ്ടായി. അവർ ശരിക്ക് ആലോചിക്കുവാൻ വേണ്ടി." (28:42)  


 മൂസ (അ) ഇസ്രാഈല്യരോടൊപ്പം ചെങ്കടൽ കടന്നു. സീനാ പർവ്വതത്തിന്റെ താഴ് വരയായ തീഹു മരുഭൂമിയിൽ അവർ താമസിച്ചു. ഇവിടെ വെച്ച് നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്... 


 അല്ലാഹു ﷻ കണക്കില്ലാത്ത അനുഗ്രഹങ്ങൾ ഇസ്രാഈല്യർക്ക് നൽകിയിട്ടുണ്ട്. അവരിലൊരുകൂട്ടർ ദുർവാശിക്കാരായി മാറുകയും ചെയ്തു. ഇസ്രാഈല്യരുടെ നന്ദികേട് പ്രകടമായ ഒരു സംഭവം കടൽ കടന്ന് അധികനാൾ കഴിയുംമുമ്പെ നടന്നു... 


 കൻആനിലേക്കുള്ള യാത്രയിൽ അവർ ഒരു ഗ്രാമത്തിലെത്തി. അവിടെ കുറച്ചു ദിവസം തങ്ങി. അവരിൽപെട്ട കുറെപേർ ഗ്രാമത്തിൽ സഞ്ചരിച്ചു. ലുഖമ് ഗോത്രക്കാർ താമസിക്കുന്ന സ്ഥലത്തെത്തി. അവർ വിഗ്രഹാരാധകരാണ്. പശുവും കുട്ടിയും അതാണവരുടെ വിഗ്രഹം. കാണാൻ നല്ല ചന്തം. ഇസ്രാഈല്യർ നോക്കിനിന്നു. തങ്ങൾക്കും ആരാധിക്കാൻ ഇതുപോലൊന്ന് കിട്ടിയാൽ കൊള്ളാം. അവർ മൂസാനബി(അ) നെ സമീപിച്ചു... 


 "മൂസാ.... ഞങ്ങൾക്കും അതുപോലെയുള്ള വിഗ്രഹം വേണം. ആരാധന നടത്താൻ." മൂസ (അ)ന് കോപം വന്നു. അവർക്ക് ശക്തമായ താക്കീത് നൽകി...


 ചെങ്കടലിൽ മുങ്ങിച്ചാവാൻ പോവുമ്പോൾ ഫിർഔൻ ഇങ്ങനെ വിളിച്ചു പറഞ്ഞു : "ഇസ്രാഈല്യർ ഏതൊരു അല്ലാഹുവിൽ വിശ്വസിക്കുന്നുവോ അവനിൽ ഞാൻ വിശ്വസിച്ചുകൊള്ളുന്നു. പക്ഷെ ആ വിശ്വാസം ഫലം ചെയ്തില്ല.  അവന്റെ ശരീരത്തെ അല്ലാഹു ﷻ സംരക്ഷിച്ചില്ല. പിൽക്കാല തലമുറക്കാർക്ക് പാഠമാവാൻ വേണ്ടി ഇന്നും ആ ശവശരീരം നിലനിൽക്കുന്നു. എല്ലാ ധിക്കാരികൾക്കും അതൊരു പാഠമാണ്... 


 സൂറത്ത് യൂനുസിൽ അല്ലാഹു ﷻ പറയുന്നു: "ഇസ്രാഈൽ സന്തതികളെ നാം സമുദ്രം കടത്തിവിട്ടു. അപ്പോൾ ഫിർഔനും അവന്റെ സൈന്യങ്ങളും ധിക്കാരത്തോടും ക്രൂരതയോടും കൂടി അവരെ പിൻതുടർന്നു ചെന്നു. അങ്ങനെ മുങ്ങിമരണം അവന് പിടിപെട്ടപ്പോൾ അവൻ പറഞ്ഞു: ഇസ്രാഈൽ സന്തതികൾ യാതൊരുവനിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് ഞാൻ വിശ്വസിച്ചു. ഞാൻ മുസ്ലിംകളിൽ പെട്ടവനാകുന്നു." (10:90)


"(അവനോട് പറയപ്പെട്ടു) ഇപ്പോഴാണോ (വിശ്വസിക്കുന്നത്?) മുമ്പ്  നീ അനുസരണക്കേട് കാണിക്കുകയുണ്ടായി. നീ നാശകാരികളിൽ പെട്ടവനുമായിരുന്നു." (10:91)


"ഇന്ന് നിന്നെ നിന്റെ ശരീരം മുഖേന നാം രക്ഷപ്പെടുത്തുന്നു. നിന്റെ പിന്നിലുള്ളവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാൻ വേണ്ടി. മനുഷ്യരിൽ വളരെ ആളുകൾ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി ശ്രദ്ധിക്കാത്തവർ തന്നെയാകുന്നു." (10:92)


 റഹ്മസീസ് എന്നായിരുന്നു ആ ഫിർഔനിന്റെ പേരെന്ന് പത്രങ്ങൾ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഈജിപ്തിലെ മ്യൂസിയത്തിലുള്ള ജഡത്തിന്റെ ഫോട്ടോയും വന്നിരുന്നു... 


 ഇസ്രാഈല്യർ ഒന്നിച്ചുനിന്നു. അറിവ് ലഭിച്ചപ്പോൾ ഭിന്നിച്ചു. ഖുർആൻ പറയുന്നു: "തീർച്ചയായും ഇസ്രാഈൽ സന്തതികളെ സത്യത്തിന്റെ ഒരു സങ്കേതത്തിൽ നാം ഇറക്കി. വിശിഷ്ട വസ്തുക്കളിൽ നിന്ന് നാം അവർക്ക് ആഹാരം നൽകി. എന്നാൽ അവർക്ക് അറിവ് വന്നെത്തുംവരെയും അവർ ഭിന്നിച്ചില്ല. നിശ്ചയമായും അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ നിന്റെ റബ്ബ് അന്ത്യനാളിൽ അവർക്കിടയിൽ തീരുമാനമെടുക്കുന്നതാണ്." (10:93)