Thursday - 23 April, 2026 5-Dhu al-Qadah-1447

സാമിരി (1)

   ഈജിപ്തിലെ ഇസ്രാഈല്യർക്കിടയിലെ ഒരു വംശമായിരുന്നു സാമിറത്ത് വിഭാഗം. സ്വർണപ്പണിയിൽ മികവ് കാണിച്ച ചിലർ ഇവർക്കിടയിലുണ്ടായിരുന്നു. പശുക്കുട്ടിയെ ഭംഗിയായി രൂപപ്പെടുത്തും. സ്വർണത്തിലും വെള്ളയിലുമെല്ലാം പശുക്കുട്ടിയെ നിർമ്മിക്കും. അതിനെ ആരാധിക്കും.  ഈ പശുവാരാധന ആ സമൂഹത്തെ വല്ലാതെ സ്വാധീനിച്ചു...


 സാമിറത്ത് വംശത്തിലെ ഒരു പ്രമുഖനായിരുന്നു ളഫർ. പശുവാരാധകൻ തന്നെ. ളഫർ വിവാഹം ചെയ്തത് മൂസ (അ) ന്റെ എളേമയെ (മാതൃസഹോദരി) ആയിരുന്നുവെന്ന് ചില രേഖകളിൽ കാണുന്നു. 


 ഫിർഔൻ ഇസ്രാഈല്യരുടെ ആൺകുട്ടികളെയെല്ലാം കൊന്നൊടുക്കുന്ന കാലം. ഗർഭിണികൾ ആൺകുട്ടികളെ പ്രസവിച്ചാൽ ഉടനെ ബന്ധുക്കൾ കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കും. കാട്ടിലെ ഗുഹകളിലും മരപ്പൊത്തുകളിലും കുഴികളിലും ധാരാളം ആൺകുട്ടികൾ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്... 


 ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അല്ലാഹു ﷻ മലക്കുകളെ നിയോഗിച്ചു. മലക്കുകൾ അവർക്ക് പാലും വെള്ളവും ആഹാരവും നൽകി വളർത്തി. ഏതാനും വർഷം കഴിഞ്ഞാൽ അവർ സമൂഹത്തിലേക്കിറങ്ങിവരും...  


 ളഫറിന്റെ ഭാര്യ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഫിർഔനിന്റെ പട്ടാളക്കാരറിയാതെ കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. അല്ലാഹു ﷻ ജിബ്രീൽ (അ) നെ ഈ കുട്ടിയെ സംരക്ഷിക്കാൻ ഏൽപിച്ചു. കുട്ടിയുടെ പേര് മൂസ എന്നായിരുന്നു... 


 ജിബ്രീൽ (അ) ന്റെ മൂന്ന് വിരലുകളിലൂടെ കുട്ടിക്ക് ആഹാരം കിട്ടി. പാലും, വെള്ളവും, തേനും കിട്ടി.  ബുദ്ധിമാനും ആരോഗ്യവാനുമായി കുട്ടി വളർന്നു. ജിബ്രീൽ  (അ) കുതിരപ്പുറത്ത് വരുന്നതാണ് കുട്ടി എന്നും കാണുന്നത്. കുതിരയുടെ പേര് ഫർസുൽ ഹയാത്ത് എന്നായിരുന്നു. വിശദീകരണം കുതിരയുടെ പേര് ഹൈസും എന്നായിരുന്നുവെന്നും അഭിപ്രായമുണ്ട്...


 ഫർസുൽ ഹയാത്ത് എന്ന കുതിരയുടെ കുളമ്പ് തട്ടിയ മണ്ണിൽ ജീവന്റെ അംശമുണ്ടെന്ന് കുട്ടി മനസ്സിലാക്കി. ആ മണ്ണെടുത്ത് പശു ബിംബത്തിന്റെ അകത്തിട്ടാൽ അത് മുക്രയിടും. മൂസ സാമിരി വളർന്നു. മൂസ(അ) നോടൊപ്പംകൂടി ചെങ്കടൽ കടന്നു വന്നു. പിന്നീട് മൂസ സാമാരി ഇസ്രാഈല്യരെ വഴിപിഴപ്പിച്ചു... 


 അല്ലാഹു ﷻ മൂസ (അ) ന് തൗറാത്ത് എന്ന വേദഗ്രന്ഥം നൽകാൻ പോകുകയാണ്. സീനാ പർവ്വതത്തിൽ വെച്ചാണ് വേദഗ്രന്ഥം നൽകപ്പെടുക. അതിന്റെ മുന്നോടിയായി നാൽപ്പത് ദിവസം ഭജനയിരിക്കണം. ഇഹ്തികാഫ് ഇരിക്കണം. മൂസ (അ) ഒറ്റക്ക് പുറപ്പെടുകയാണ്. ഇസ്രാഈല്യരുടെ കാര്യങ്ങൾ നോക്കാൻ സഹോദരൻ ഹാറൂൻ (അ) നെ ചുമതലപ്പെടുത്തി...


 വേദഗ്രന്ഥം ലഭിക്കുകയെന്നത് സമൂഹത്തിനാകമാനം വലിയ അനുഗ്രഹമാണ്. നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും അതിലുണ്ടാവും. ആരാധനാ ക്രമങ്ങൾ വിവരിക്കും. നന്മയും തിന്മയും വേർതിരിച്ചു തരും. വേദഗ്രന്ഥത്തിൽ പറയുന്നത് പോലെ ജീവിച്ചാൽ അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരായി മാറാം. തൗറാത്ത് സ്വീകരിക്കാൻ വളരെ ആവേശത്തോടെയാണ് പുറപ്പെട്ടത്...


 മൂസ (അ) പോയി ഹാറൂൻ (അ) ജനങ്ങൾക്ക് നേതൃത്വം നൽകി. ഇതിന്നിടയിൽ സാമിരി എന്ന ധിക്കാരി രംഗത്തുവന്നു. സ്വർണത്തിന്റെ പശുക്കുട്ടിയെ പ്രദർശിപ്പിച്ചു. അത് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. ഇതാണ് റബ്ബ്. ഇതിനെ ആരാധിക്കുക. സാമിരി പറഞ്ഞു. വലിയൊരു വിഭാഗം ജനങ്ങൾ സാമിരിയുടെ ചുറ്റും കൂടി. പശുക്കുട്ടിയെ ആരാധിക്കാൻ തുടങ്ങി... 


 ഹാറൂൻ (അ) സകല കഴിവുമുപയോഗിച്ചു അവരെ തടയാൻ നോക്കി. ഫലിച്ചില്ല. കൂടുതൽ കൂടുതൽ പേർ ആരാധനയിൽ പങ്കാളികളായിക്കൊണ്ടിരുന്നു. മൂസ (അ) ഇതൊന്നും അറിഞ്ഞില്ല. ആ മനസ്സിൽ അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്തമാത്രം. മൂസ (അ) സീനായിലെത്തി.


 സൂറത്ത് ത്വാഹായിലെ വചനങ്ങൾ കാണുക : "നിന്റെ ജനതയെ വിട്ടേച്ച് (വരുവാൻ) നിന്നെ ഇത്രയും ധൃതിപ്പെടുത്തിയത് എന്താണ് മൂസാ." (20:83)


"അദ്ദേഹം പറഞ്ഞു:  അവരിതാ എന്റെ പിന്നിൽ തന്നെയുണ്ട്. രക്ഷിതാവേ നീ തൃപ്തിപ്പെടുവാനായി ഞാൻ നിന്നിലേക്ക് ധൃതിപ്പെട്ട് വന്നിരിക്കുകയാണ്." (20:84)


"അവൻ (അല്ലാഹുﷻ) പറഞ്ഞു: എന്നാൽ നിന്റെ ശേഷം  (നീ യാത്ര തിരിച്ചതിനു ശേഷം) നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുകയാണ്. സാമിരി അവരെ പിഴപ്പിക്കുകയും ചെയ്തിരിക്കുന്നു."  (20:85)


 മൂസ (അ) അതീവ ദുഃഖിതനും നിരാശനുമായി മാറി. എന്തൊരു ജനതയാണിത്. മൂസ (അ) കോപത്തോടെയും ദുഖത്തോടെയും തന്റെ  ജനതയിലേക്ക് മടങ്ങി വന്നു. 


ഖുർആൻ പറയുന്നത് കാണുക : "അങ്ങനെ കുപിതനും വ്യാകുല ചിത്തനുമായിക്കൊണ്ട് മൂസ തന്റെ ജനങ്ങളുടെ അടുക്കലേക്ക് മടങ്ങിവന്നു. അദ്ദേഹം പറഞ്ഞു:  എന്റെ ജനങ്ങളേ നിങ്ങളുടെ റബ്ബ് നല്ലതായ ഒരു വാഗ്ദാനം നിങ്ങളോട് ചെയ്തിട്ടില്ലേ? വേദഗ്രന്ഥം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലേ? എന്നിട്ട് നിങ്ങൾക്ക് കാലം ദീർഘിച്ചുപോയോ? അഥവാ നിങ്ങളുടെ റബ്ബിന്റെ പക്കൽ നിന്ന് വല്ല കോപവും നിങ്ങളിൽ ഇറങ്ങണമെന്ന് നിങ്ങൾ ഉദ്ദേശിച്ചിരിക്കുന്നുവോ? അങ്ങനെ എന്റെ കരാർ നിങ്ങൾ ലംഘിച്ചിരിക്കുകയാണോ?" (20:86) 


വളരെ ഗൗരവത്തിലാണ് മൂസ (അ) സംസാരിച്ചത്. അതിന് അവരിങ്ങനെ മറുപടി പറഞ്ഞു. ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ആരാധിച്ചതല്ല. ഞങ്ങളുടെ പക്കൽ ഖിബ്തികളുടെ ധാരാളം സ്വർണമുണ്ടായിരുന്നു. ഞങ്ങളത് സാമിരിക്ക് കൊടുത്തു. സാമിരി സ്വർണം ഉരുക്കി പശുക്കുട്ടിയെ ഉണ്ടാക്കി. ഞാങ്ങളോട് ആരാധിക്കാൻ പറഞ്ഞു. ഇത് കേട്ടപ്പോൾ കോപം വർദ്ധിച്ചു. 


വിശുദ്ധ ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കൂ : "അവർ പറഞ്ഞു:  ഞങ്ങൾ ഞങ്ങളുടെ ഹിതപ്രകാരം താങ്കളുടെ കരാർ ലംഘിച്ചിരിക്കുകയല്ല. എങ്കിലും ജനങ്ങളുടെ (ഖിബ്തികളുടെ ) അലങ്കാരവസ്തുക്കളിൽപെട്ട കുറെ ഭാരങ്ങൾ (സ്വർണാഭരണങ്ങൾ) ഞങ്ങൾ വഹിക്കപ്പെട്ടു. അങ്ങനെ ഞങ്ങളത് എറിഞ്ഞുകളഞ്ഞു. അപ്രകാരം സാമിരി (അത് തീയിൽ) എടുത്തിട്ടു." (20:87)  


"എന്നിട്ട് അവൻ (സാമിരി) അവർക്കൊരു പശുക്കിടാവിനെ  മുക്കുറ ശബ്ദമുണ്ടാക്കുന്ന ഒരു ദേഹത്തെ പുറപ്പെടുവിച്ചുകൊടുത്തു. അപ്പോൾ അവർ (തമ്മിൽ)  പറഞ്ഞു : നിങ്ങളുടെയും മൂസായുടെയും ഇലാഹ് ഇതാകുന്നു. അദ്ദേഹം (മൂസ) മറന്നു പോയതാകുന്നു." (20:88)


"എന്നാൽ അവർ കാണുന്നില്ലേ? അവരോട് അത് യാതൊരു വാക്കും മറുപടി പറയുന്നില്ല. അവർക്ക് ഒരു ഉപദ്രമാകട്ടെ, ഉപകാരമാവട്ടെ ചെയ്യാൻ അതിനു സാധിക്കുന്നില്ല." (20:89)


"മുമ്പുതന്നെ ഹാറൂൻ അവരോട് പറഞ്ഞിട്ടുണ്ട്. എന്റെ ജനങ്ങളെ ഇത് (പശുക്കിടാവ്) മൂലം നിങ്ങൾ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുക തന്നെയാണ്. നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനാകുന്നു. അതുകൊണ്ട് നിങ്ങൾ എന്നെ പിൻപറ്റുവീൻ! എന്റെ കൽപന അനുസരിക്കുകയും ചെയ്യുവീൻ." (20:90)


"അവർ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുക്കലേക്ക് മടങ്ങിവരുവോളം ഞങ്ങൾ ഇതിന്റെയടുക്കൽ ഭജനം നടത്തുന്നവരായിരിക്കും." (20:91)


 മൂസ (അ) കോപത്തോടെ സഹോദരൻ ഹാറൂൻ (അ) ന്റെ നേരെ ചെന്നു. കോപത്തിന്റെ കടുപ്പത്തിൽ ഹാറൂൻ (അ)ന്റെ താടിയും മുടിയും പിടിച്ചു വലിച്ചു...