ഇസ്രാഈലി സന്തതികൾ ആ വാർത്ത രഹസ്യമായി കൈമാറി. രഹസ്യവാർത്ത എല്ലാ വീടുകളിലുമെത്തി. എല്ലാവരും സാധനങ്ങൾ പെറുക്കിക്കെട്ടുക. ആടുമാടുകളെ കൊണ്ടുപോകാൻ തയ്യാറാവുക. രാത്രിയാണ് യാത്ര. എല്ലാവരും ഒരുങ്ങി. ഖിബ്തികൾ ഉറങ്ങി. വീടുകളിൽ വിളക്കണിഞ്ഞു...
ഈസ്രാഈലികൾ കൂട്ടം കൂട്ടമായി പുറപ്പെട്ടു. കെട്ടും ഭാണ്ഡവും ഒട്ടകപ്പുറത്തും കഴുതപ്പുറത്തും വെച്ചുകെട്ടി. പലരും തലയിൽ ഭാരം ചുമക്കുന്നുണ്ട്. വൻജനാവലി നീങ്ങുകയാണ്. കടൽതീരത്തേക്ക്. ചരിത്രമുറങ്ങുന്ന ചെങ്കൽ തീരം. രാത്രി കുറെ കടന്നുപോയി. അപ്പോൾ ഏതോ ഖിബ്തികൾ വിവരമറിഞ്ഞു. ഉടനെ കൊട്ടാരത്തിൽ വിവരമെത്തിച്ചു. ഫിർഔൻ ചാടിയിറങ്ങിവന്നു...
ഉടൻ പട്ടാളമിറങ്ങട്ടെ. കുറഞ്ഞ സമയം ആയിരക്കണക്കിൽ പടയാളികൾ അണിനിരന്നു. ഫിർഔനും മന്ത്രിമാരും പ്രമുഖന്മാരും ഇറങ്ങി. എല്ലാവരും ഇസ്രാഈല്യരുടെ പിന്നാലെ സഞ്ചരിച്ചു. കുതിരകളുടെ കുളമ്പടിശബ്ദം കേട്ട് ഇസ്രാല്യർ തിരിഞ്ഞുനോക്കി. ഞെട്ടിപ്പോയി...!!
ഫിർഔനും സൈന്യവും കുതിച്ചുവരുന്നു. മുമ്പിൽ ചെങ്കടൽ പിന്നിൽ ശത്രുസൈന്യം. ഇസ്രാഈല്യർ വിരണ്ടുപോയി. പലരും മൂസ (അ)നോട് കയർക്കാൻ തുടങ്ങി. ഞങ്ങളെ കൊല്ലാൻ കൊണ്ടുവന്നതാണോ..?
മൂസ (അ) അവരെ ആശ്വസിപ്പിക്കാൻ നോക്കി. ക്ഷമിക്കുക, അല്ലാഹു ﷻ നമ്മോടൊപ്പമുണ്ട്. ദൃഢമായ ഈമാനുള്ളവർക്ക് ഒരു പതർച്ചയുമില്ല. അല്ലാത്തവർ വെപ്രാളത്തിലാണ്. സൂറത്തു ശുഅറാഇൽ ഈ രംഗം കാണാം...
"നാം മൂസാക്ക് വഹ്യ്യ് (ബോധം) നൽകി. എന്റെ അടിയാന്മാരെയും രാപ്രയാണം ചെയ്യുക. (രാത്രി പോയിക്കൊള്ളുക) നിങ്ങൾ അനുഗമിക്കപ്പെടുന്നവരായിരിക്കും (ഫിർഔനും കൂട്ടരും നിങ്ങളെ അനുഗമിക്കും)" (26:53)
"അപ്പോൾ (വിവരമറിഞ്ഞ്) ഫിർഔൻ നഗരങ്ങളിൽ ജനങ്ങളെ ശേഖരിക്കുന്ന ആളുകളെ അയച്ചു." (26:54)
"(അവർ വിചാരിച്ചു) ഇക്കൂട്ടർ കുറഞ്ഞ ആളുകളുള്ള ഒരു സംഘമാകുന്നു." (26:55)
"അവർ നിശ്ചയമായും നമ്മെ അരിശംകൊള്ളിച്ചവരുമാണ്." (26:56)
"നാം ജാഗരൂകരായ ഒരു സംഘമാകുന്നു." (26:57)
വാസ്തവത്തിൽ ഇവിടെയെന്താണ് സംഭവിച്ചത്? ഫിർഔനെയും സംഘത്തെയും അല്ലാഹു ﷻ പുറത്തിറക്കുകയാണ്. കൊട്ടാരങ്ങളിൽ നിന്നും ഉന്നത സൗധങ്ങളിൽ നിന്നും ഉദ്യാനങ്ങളിൽ നിന്നും നൈൽ നദീതീരത്തുനിന്നും അല്ലാഹു ﷻ എല്ലാ ധിക്കാരികളെയും ഇറക്കിവിട്ടു എങ്ങോട്ട്?ചെങ്കടലിലേക്ക്. എന്തിന്? സമൂലുമായി നശിപ്പിക്കാൻ. കൂട്ടനാശം സംഭവിക്കാൻ...
വിശുദ്ധ ഖുർആൻ പറയുന്നു: "അങ്ങനെ നാം അവരെ ഉദ്യാനങ്ങളിൽ നിന്നും നീരുറവകളിൽ നിന്നും പുറത്താക്കി." (26:58)
"ഭണ്ഡാരങ്ങളിൽ നിന്നും മാന്യമായ സ്ഥാനത്തുനിന്നും." (26;59)
അപ്രകാരമാണ് (സംഭവിച്ചത്) അവയ്ക്ക് ഇസ്രാഈൽ സന്തതികളെ നാം അവകാശപ്പെടുത്തുകയും ചെയ്തു." (26:60)
"എന്നിട്ട് അവർ (ഫിർഔനും സംഘവും) സൂര്യോദയ സമയത്ത് അവരുടെ പിന്നാലെ വന്നു." (26;61)
"അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോൾ മൂസയുടെ ആൾക്കാർ പറഞ്ഞു: നിശ്ചയമായും നാം പിടികൂടപ്പെടുമല്ലോ." (26:62)
"അദ്ദേഹം (മൂസ) പറഞ്ഞു: ഒരിക്കലുമില്ല. നിശ്ചയമായും എന്റെ റബ്ബ് എന്റെ കൂടെയുണ്ട്. അവൻ എനിക്ക് മാർഗദർശനം നൽകിക്കൊള്ളും." (26:63)
"അപ്പോൾ നിന്റെ വടികൊണ്ട് സമുദ്രത്തിൽ അടിക്കുക എന്ന് മൂസാക്ക് നാം വഹ്യ്യ് നൽകി. (അദ്ദേഹം അടിച്ചു) അപ്പോൾ അത് പിളർന്നു. എന്നിട്ട് ഓരോ പിളർപ്പും വമ്പിച്ച മലമ്പിണ്ണപോലെ ആയിത്തീർന്നു." (26:63)
മൂസ (അ) വടിക്കൊണ്ട് കടലിൽ അടിച്ചു. കടൽ പിളർന്നു. ഇരുഭാഗത്തും വെള്ളം മലപോലെ നിന്നു. നമുക്ക് നല്ല വഴി കാണപ്പെട്ടു. മൂസ (അ) അനുയായികളോടൊപ്പം വേഗത്തിൽ മുമ്പോട്ട് നടന്നു. അങ്ങേകരയിലെത്തി...
ഫിർഔനും കൂട്ടരും കടൽതീരത്തെത്തി. കടൽ പിളർന്നു മാറിനിൽക്കുന്നു. അവർ അഹങ്കാരത്തോടെ കടലിലിറങ്ങി. പെട്ടെന്ന് വെള്ളം ഒന്നായിച്ചേർന്നു. ഒരു വൻ ജനക്കൂട്ടം വെള്ളത്തിൽ മുങ്ങിനശിച്ചു. അവരുടെ സ്വർണ്ണ നിധികളും വമ്പിച്ച സമ്പത്തും ബാക്കിയായി. എല്ലാം ഉപേക്ഷിച്ചു അവർ യാത്രയായി. അവരുടെ ദുരന്തമോർത്തു ദുഃഖിക്കാൻ ഒരാളുമില്ല...
വിശുദ്ധ ഖുർആൻ പറയുന്നു: "അവിടെ വെച്ച് മറ്റവരെ (ഫിർഔനെയും സംഘത്തെയും) നാം അടുപ്പിക്കുകയും ചെയ്തു." (26:65)
"മൂസായെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും മുഴുവൻ നാം രക്ഷപ്പെടുത്തുകയും ചെയ്തു." (26:66)
"പിന്നീട് മറ്റേ കൂട്ടരെ നാം മുക്കിക്കൊന്നു." (26:67)
"നിശ്ചയമായും അതിൽ ഒരു വലിയ ദൃഷ്ടാന്തം ഉണ്ട്. അവരിൽ അധികമാളും വിശ്വസിക്കുന്നവരല്ല." (26:68)
"നിശ്ചയമായും നിന്റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും." (26:69)