Thursday - 23 April, 2026 5-Dhu al-Qadah-1447

ഖാറൂൻ

   മൂസ (അ)ന്റെ പിതാവ് ഇംറാൻ. അദ്ദേഹത്തിന്റെ പിതാവ് ഖാഹിസ്. ഇനി ഖാഹിസിന്റെ മറ്റൊരു മകന്റെ പേര് പറയാം യസ്ഹർ (യസ്ഹബ്). ഇദ്ദേഹത്തിന്റെ മകനാണ് ഖാറൂൻ. മൂസ (അ)മിന് ഖാറൂനുമായുള്ള കുടുംബബന്ധം മനസ്സിലായല്ലോ. പിതാവിന്റെ സഹോദരപുത്രൻ...


 വളരെ കഷ്ടപ്പെട്ടാണ് ഖാറൂൻ ജീവിച്ചത്. സമ്പത്തില്ല. നല്ല വീടില്ല. നേരത്തിന് ഭക്ഷണമില്ല. ഖാറൂൻ ബുദ്ധിമാനാണ്. പണ്ഡിതനുമാണ്. തൗറാത്ത് നന്നായി ഓതിപ്പഠിച്ചു. ജനങ്ങൾക്കു മുമ്പിൽ തൗറാത്ത് വായിച്ചു വ്യാഖ്യാനിക്കും. മനസ്സിലേക്ക് ആശയങ്ങൾ ഇറങ്ങിച്ചെല്ലും. ഇസ്രാഈലി സമൂഹത്തിൽ ഖാറൂൻ വളരെയേറെ ആദരിക്കപ്പെട്ടു...


 ഭാര്യയും മക്കളും പ്രയാസപ്പെട്ടു കഴിയുന്നു. ചുറ്റും പല പ്രമാണിമാർ താമസിക്കുന്നു. തനിക്കും അവരെപ്പോലെ ആയാൽ കൊള്ളാമെന്ന് മോഹിച്ചു. മൂസാ (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചാൽ താൻ ധനികനായിത്തീരും. ഖാറൂൻ മൂസ (അ) നോട് തനിക്കുവേണ്ടി  പ്രാർത്ഥിക്കാൻ നിർബന്ധം തുടങ്ങി... 


 നബി ഇങ്ങനെ ഉപദേശിച്ചു: "പ്രിയസഹോദരാ ധനികനാവാൻ മോഹിക്കരുത്. ധനം ആപത്താണ്. ദരിദ്രാവസ്ഥയാണ് നല്ലത്. ഇഹത്തിലും പരത്തിലും വിജയിക്കാൻ അതാണ് നല്ലത്."


 ഖാറൂൻ വഴങ്ങിയില്ല. നിർബന്ധം കൂടിക്കൂടി വന്നു. ഒടുവിൽ മൂസ (അ) പ്രാർത്ഥിച്ചു. പ്രാർത്ഥന ഫലിച്ചു. ആടുകളുടെ എണ്ണം പെരുകി. അവ വീണ്ടും വീണ്ടും പെറ്റുപെരുകി. തോട്ടങ്ങളും കൊട്ടാരങ്ങളുമുണ്ടായി. സ്വർണനിക്ഷേപം വർധിച്ചു. ധനികനായ ഖാറൂനെ വിശുദ്ധ ഖുർആൻ ഇങ്ങനെ പരിചയപ്പെടുത്തുന്നു: 


"നിശ്ചയമായും ഖാറൂൻ മൂസയുടെ ജനതയിൽ പെട്ടവനായിരുന്നു. എന്നിട്ട് അവൻ അവരുടെ മേൽ ധിക്കാരം കാണിച്ചു. അവന്റെ താക്കോലുകൾ തന്നെ ശക്തന്മാരായ ഒരു സംഘത്തിന് വഹിക്കാൻ കഴിയാത്ത ഭാരമാകുംവിധം നാം അവന് നിക്ഷേപങ്ങൾ നൽകി. അങ്ങനെയിരിക്കെ അവന്റെ ജനങ്ങൾ അവനോട് പറഞ്ഞു:  നീ പുളകം കൊള്ളേണ്ട. നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ﷻ ഇഷ്ടപ്പെടുകയില്ല." (28:76)


 ഖാറൂന്റെ ഖജനാവുകളുടെ താക്കോൽ ശക്തന്മാരായ ഒരു സംഘം ആളുകൾക്ക് പ്രയാസപ്പെട്ട് ചുമക്കാൻ മാത്രമുണ്ടായിരുന്നു. ഖാറൂൻ വലിയ ധിക്കാരിയായിരുന്നു. ജനങ്ങളോട് ക്രൂരമായി പെരുമാറി. നാട്ടിൽ പലതരം കുഴപ്പങ്ങളുണ്ടാക്കി. സദുപദേശം നൽകിയവരെ ഉപദ്രവിച്ചു. സക്കാത്ത് കൊടുത്തില്ല. ഒരു വേശ്യയെ അയച്ചു മൂസ (അ)നെ മാനക്കേടിലാക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടു. അവൾ തൗബ ചെയ്തു...  


 അല്ലാഹു ﷻ ഫിർഔനിന്റെയും ഹാമാന്റെയും കൂടെ ഖാറൂനിന്റെ പേരും ചേർത്തു പറഞ്ഞു. സൂറത്ത് അങ്കബൂത്തിൽ ഇങ്ങനെ കാണാം : 


 "ഖാറൂനെയും, ഫിർഔനിനെയും, ഹാമാനെയും (നശിപ്പിച്ച) മൂസാ അവർക്ക് തെളിവുകളുമായി വരികയുണ്ടായി. അപ്പോൾ അവൻ നാട്ടിൽ അഹംഭാവം നടിച്ചു. അവർ (നമ്മെ) തോൽപിച്ചു മുൻകടന്നു പോകുന്നവരായിരുന്നില്ല. (29;39)


 ഇസ്രാഈലികൾക്കിടയിലെ നല്ല മനുഷ്യന്മാർ ഖാറൂനെ ഉപദേശിച്ചതിങ്ങനെയായിരുന്നു: "അല്ലാഹു ﷻ നിനക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങൾകൊണ്ട് നീ പരലോക ഗുണത്തെ തേടിക്കൊള്ളുക. ഈ ലോകത്തുള്ള നിന്റെ നേട്ടങ്ങൾ വിസ്മരിക്കുകയും വേണ്ട. നിനക്ക് അല്ലാഹു ﷻ നന്മ ചെയ്തുതന്ന പ്രകാരം  നീയും നന്മ ചെയ്യുക. നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്. നിശ്ചയമായും കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ﷻ ഇഷ്ടപ്പെടുകയില്ല." (28:77)


"അവൻ (ഖാറൂൻ) പറഞ്ഞു: എന്റെ അടുക്കൽ അറിവുള്ളതിന്റെ പേരിൽ തന്നെയാണ് എനിക്കിത് നൽകപ്പെട്ടിരിക്കുന്നത്. അവന്റെ മുമ്പ് അവനെക്കാൾ കടുത്ത ശക്തയുള്ളവരും കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു ﷻ നശിപ്പിക്കുകയുണ്ടായിട്ടുണ്ടെന്നത് അവൻ അറിഞ്ഞിട്ടില്ലേ?" (28:78)


 ഖാറൂൻ വിലകൂടിയ വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളും ധരിച്ചാണ് ജനങ്ങൾക്കിടയിലേക്ക് വരിക. അവൻ സഞ്ചരിക്കുന്ന മൃഗങ്ങൾ വരെ അത്ഭുതം ജനിപ്പിക്കും. അത് കാണുമ്പോൾ ദുർബ്ബലരായ ഈമാനുള്ളവർ ചിന്തിക്കും ഖാറൂൻ എത്ര ഭാഗ്യവാൻ..! അവനെപ്പോലെ അല്ലാഹു ﷻ എന്നെയും ആക്കിയിരുന്നെങ്കിൽ. ശക്തമായ ഈമാനുള്ളവർ ഖാറൂനിന്റെ ധിക്കാരം കാണുമ്പോൾ സഹതപിക്കും. പരലോകം മറന്ന വിഡ്ഢി എന്നവർ കരുതും...


 വിശുദ്ധ ഖുർആൻ പറയുന്നു : "അങ്ങനെ അവൻ തന്റെ ആഢംബരത്തിലായുംകൊണ്ട് തന്റെ ജനങ്ങളിൽ പ്രത്യക്ഷപ്പെട്ടു. (അത് കണ്ട്) ഐഹിക ജീവിതത്തെ ഉദ്ദേശിക്കുന്നവർ പറഞ്ഞു: ഹാ ....ഖാറൂന് നൽകപ്പെട്ടതുപോലെ ഞങ്ങൾക്കുമുണ്ടായിരുന്നെങ്കിൽ! നിശ്ചയമായും അവൻ വമ്പിച്ച ഭാഗ്യവാൻ തന്നെ." (28;79)


"അറിവ് നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു:  നിങ്ങളുടെ നാശം. വിശ്വസിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അല്ലാഹുﷻവിൽ നിന്നുള്ള പ്രതിഫലം കൂടുതൽ ഉത്തമമായിരിക്കും. ക്ഷമാശിലർക്കല്ലാതെ അത് കിട്ടുന്നതല്ല." (28:80)


 ഖാറൂന്റെയും കൂട്ടരുടെയും ധിക്കാരം പാരമ്യതയിലെത്തി. ഇനി നാശം തന്നെ. ഭൂമി പിളർന്നു. ഖാറൂൻ താഴ്ന്നു. അവന്റെ കൊട്ടാരങ്ങളും സമ്പാദ്യങ്ങളുമെല്ലാം ഭൂമിയിലേക്ക് താഴ്ന്നുപോയി. പിന്നെ ഭൂമി പഴയതുപോലെയായി. അടുത്ത പ്രഭാതത്തിൽ ആളുക


ൾ പരസ്പരം പറയാൻ തുടങ്ങി. ഈ സ്ഥലം കാണുമ്പോൾ ഇന്നലെ ഇവിടെ ആരെങ്കിലും താമസിച്ചിരുന്നതായി തോന്നുന്നേയില്ല...


 വിശുദ്ധ ഖുർആൻ പറയുന്നു : "അങ്ങനെ, അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു. അപ്പോൾ അല്ലാഹുﷻവിനെക്കൂടാതെ തന്നെ സഹായിക്കുന്ന ഒരു  കക്ഷിയും അവനുണ്ടായില്ല. അവൻ സ്വയം രക്ഷാനടപടിയെടുക്കുന്നവരിൽ പെട്ടവനുമായില്ല." (28:81)


"ഇന്നലെ അവന്റെ സ്ഥാനത്ത് കൊതിച്ചിരുന്നവർ ഇന്ന് പുലർച്ചെ പറയുകയായി അഹോ..... അല്ലാഹു ﷻ അവന്റെ അടിയാന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലപ്പെടത്തിക്കൊടുക്കുന്നു. (മറ്റ്ചിലർക്ക് ഉപജീവനം)  കുടൂസ്സാക്കിക്കൊടുക്കുകയും ചെയ്യുന്നു. നമ്മളിൽ അല്ലാഹു ﷻ ദാക്ഷിണ്യം ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ നമ്മെയും അവൻ ഭൂമിയിൽ ആഴ്ത്തിക്കളയുമായിരുന്നു. യഥാർത്ഥ വിശ്വാസികളല്ലാത്തവർ വിജയിക്കുകയില്ല." (28:82)