Thursday - 23 April, 2026 5-Dhu al-Qadah-1447

മൂന്നു സംഭവങ്ങൾ

   ഒരു ദിവസം മൂസ (അ) ജനങ്ങൾക്ക് സദുപദേശം നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ചോദിച്ചു : "താങ്കളെക്കാൾ അറിവുള്ള മറ്റു വല്ലവരെയും താങ്കൾക്കറിയാമോ?" ഇല്ല എന്ന് മറുപടി പറഞ്ഞു. അല്ലാഹു അഅ്ലം (അല്ലാഹുവിന്നറിയാം) എന്നായിരുന്നു പറയേണ്ടിയിരുന്നത്.  


 അല്ലാഹു ﷻ ഇങ്ങനെ കൽപിച്ചു : എന്റെ ഒരു അടിയൻ നിന്നെക്കാൾ അറിവുള്ളവനാകുന്നു. രണ്ടു സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്ത് നിനക്കദ്ദേഹത്തെ കാണാം. ഒരു വേവിച്ച മത്സ്യവുമായി പോവുക. അതിന് ജീവൻ വെക്കുന്നിടത്ത് നിനക്കദ്ദേഹത്തെ കാണാം. 


 സേവകനായ യൂശഇനെയും കൂട്ടി മൂസ (അ) യാത്ര തിരിച്ചു. രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്തുവെച്ച് യൂശഇന്റെ കൈവശമുണ്ടായിരുന്ന മത്സ്യം കടലിൽ ചാടിപ്പോയി. യൂശഅ്(അ) വുളൂഅ്‌ എടുത്തപ്പോൾ വെള്ളം തട്ടി മത്സ്യത്തിന് ജീവൻ വെച്ചു. കടലിൽ ചാടിപ്പോയി. അപ്പോൾ മൂസ (അ) ഉറക്കത്തിലായിരുന്നു. അവർ യാത്ര തുടർന്നു കുറെ ദൂരം ചെന്നപ്പോൾ മൂസ (അ) ഭക്ഷണം ആവശ്യപ്പെട്ടു. നോക്കുമ്പോൾ മത്സ്യം കാണാനില്ല. തിരിച്ചു നടന്നു സമുദ്രങ്ങൾ ചേരുന്ന സ്ഥലത്തെത്തി. അവിടെ ഒരാളെ കണ്ടുമുട്ടി. അത് ഖിള്ർ നബി (അ) ആയിരുന്നു... 


 വിശുദ്ധ ഖുർആൻ ഖിള്റ് (അ) നെ ഇങ്ങനെ പരിചയപ്പെടുത്തുന്നു: "അപ്പോൾ നമ്മുടെ അടിയന്മാരിൽ നിന്ന് ഒരു അടിയാനെ അവർ കണ്ടെത്തി. നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യം നാം അദ്ദേഹത്തിന് നൽകിയിരിക്കുന്നു. നമ്മുടെ അടുക്കൽ നിന്നുതന്നെയുള്ള ഒരു  പ്രത്യേക ജ്ഞാനം നാം അദ്ദേഹത്തിന് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു." (18:65)


"താങ്കളിൽ നിന്ന് വിദ്യ തേടാൻ ഞാനാഗ്രഹിക്കുന്നു. താങ്കളെ പിന്തുടരാൻ എന്നെ അനുവദിച്ചാലും."  മൂസ (അ) അപേക്ഷിച്ചു. 


"ക്ഷമ വേണം ഞാനെന്തു ചെയ്താലും ചോദ്യം ചെയ്യരുത്. പറയുമ്പോൾ അറിഞ്ഞാൽ മതി." ഖിള്ർ (അ) പറഞ്ഞു.


"ഞാൻ ക്ഷമിച്ചു കൊള്ളാം... ഒന്നും ചോദിക്കില്ല.


അവർ ഒരു കപ്പലിൽ സഞ്ചരിച്ചു. കുറെ ചെന്നപ്പോൾ ഖിള്ർ (അ) കപ്പലിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചു. 


"എന്താണീ കാണിക്കുന്നത്?  കപ്പൽ മുങ്ങിപ്പോവില്ലേ?" മൂസ (അ) ചോദിച്ചുപോയി. 


"നിങ്ങൾക്കു  ക്ഷമിക്കാനാവില്ലെന്ന് ഞാൻ പറഞ്ഞില്ലേ?"


"ക്ഷമിക്കണം. ഇനി ചോദിക്കില്ല."  


കപ്പലിൽ നിന്നിറങ്ങി നടന്നു. ഒരു ബാലനെ കണ്ടു ഖിള്റ് (അ) അവനെ വധിച്ചു.


"എന്തൊരക്രമമാണിത്? ഒരു കുട്ടിയെ വധിക്കുകയോ?" മൂസ (അ) പെട്ടെന്ന് ചോദിച്ചുപോയി.  


"നിങ്ങൾക്ക് ക്ഷമിക്കാനാവില്ലെന്ന് ഞാൻ പറഞ്ഞില്ലേ?" ഖിള്ർ (അ) ചോദിച്ചു.  


"അബദ്ധം പറ്റിപ്പോയി. ഇനി ഒരബദ്ധം കൂടി വന്നാൽ നമുക്കു പിരിയാം."  മൂസ (അ) പറഞ്ഞു.  


അവർ ഒരു നാട്ടിലെത്തി. നാട്ടുകാരോട് ഭക്ഷണം ചോദിച്ചു അവർ കൊടുത്തില്ല. വിശന്നുകൊണ്ട് നടന്നു. പൊളിഞ്ഞു വീഴാറായ മതിൽ കണ്ടു. ഖിള്ർ (അ)  മതിൽ നന്നാക്കി.  


"മതിൽപ്പണിക്ക് കൂലി വാങ്ങിക്കൂടേ?" മൂസ (അ) ചോദിച്ചു.  


 ഖിള്ർ (അ) ഇങ്ങനെ മറുപടി നൽകി: ഇനി നമുക്കു പിരിയാം മൂന്നു സംഭവങ്ങളുടെ വിശദീകരണം  കേട്ടോളൂ... 


ആദ്യം കപ്പലിന്റെ കാര്യം പറയാം. കടലിൽ ജോലി ചെയ്തു ജീവിക്കുന്ന കുറെ പാവപ്പെട്ട മനുഷ്യരുടെ വകയാണ് ആ കപ്പൽ. അപ്പുറത്ത് ഒരു രാജാവ് കാത്തിരിപ്പുണ്ട് നല്ല കപ്പലുകൾ പിടിച്ചെടുക്കാൻ. ഞാൻ കപ്പലിൽ വിള്ളലുണ്ടാക്കിയതുകൊണ്ട് കപ്പൽ രക്ഷപ്പെട്ടു. രാജാവ് പിടിച്ചില്ല. 


 ഇനി ആ കുട്ടിയുടെ കാര്യം. അവന്റെ മാതാപിതാക്കൾ സത്യവിശ്വാസികളാണ്. കുട്ടി വളർന്നുവന്നാൽ മാതാപിതാക്കൾ ബുദ്ധിമുട്ടും. അവൻ മതനിഷേധിയായി വളരും. അതിനാൽ ഞാനവനെ കൊന്നു. അവർക്ക് സൽഗുണ സമ്പന്നനായ ഒരു കുട്ടിയെ അല്ലാഹു ﷻ നൽകും...


 ഇനി മതിലിന്റെ കാര്യം. പട്ടണത്തിലെ രണ്ട് ബാലന്മാർക്ക് ലഭിക്കേണ്ട നിധി മധിലിന് താഴെയുണ്ട്. പിതാവ് കുഴിച്ചിട്ടതാണ്. അയാൾ നല്ല മനുഷ്യനായിരുന്നു കുട്ടികൾ യൗവ്വനം പ്രാപിക്കുംവരെ മതിൽ തകർന്നുപോവരുത്. അതുകൊണ്ടാണ് ഞാനത് നന്നാക്കിയത്.  


കാര്യങ്ങളെല്ലാം മൂസ (അ) മനസ്സിലാക്കി. ഖിള്റ് (അ) അല്ലാഹു ﷻ നൽകിയ പ്രത്യേക വിജ്ഞാനമനുസരിച്ചാണ് പ്രവർത്തിച്ചത്...