ഇസ്രാഈലി സമൂഹം വലിയ പരീക്ഷണത്തെ നേരിടാൻ പോവുകയാണ്. ഇതിൽ അവർ വിജയിക്കുമോ? പരാജയപ്പെടുമോ?
മുഹമ്മദ് നബിﷺതങ്ങൾ സ്വഹാബികളെ ബദറിലേക്ക് ക്ഷണിച്ച രംഗം ഓർക്കുക. പട്ടിണിയുടെയും കഷ്ടപ്പാടുകളുടെയും മധ്യത്തിലായിരുന്ന സ്വഹാബികൾ ആ വിളി കേട്ടു ബദറിലേക്കുപോയി. ശത്രുക്കളുമായി ധീരമായി പോരാടി. അല്ലാഹു ﷻ അവരെ സഹായിച്ചു. അവർ വിജയം വരിച്ചു. ലോകം ഏറെ ആദരവോടെ അവരെ ഏക്കാലവും ഓർക്കും...
എന്നാൽ ഇസ്രാഈലികളുടെ ചരിത്രം? ബദറിലേക്കുള്ള ക്ഷണംപോലെ ഒരു ക്ഷണം. ഇസ്രാഈല്യർക്കിപ്പോൾ കഷ്ടപ്പാടില്ല. ദുരിതങ്ങളില്ല. ഐശ്വര്യത്തിന്റെ മധ്യത്തിലാണവർ. ഈജിപ്തിലെ പഴവർഗങ്ങളും ധാന്യവും മറ്റ് വിഭവങ്ങളും അവർക്കുള്ളതാണ്. അതിനു മധ്യത്തിൽ സുഖകരമായി ജീവിക്കുമ്പോൾ അല്ലാഹുﷻവിന്റെ കൽപന വന്നു...
"സിറിയക്കാർ ധിക്കാരികളും അക്രമികളുമായി മാറിയിരിക്കുന്നു. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. വേണ്ടിവന്നാൽ യുദ്ധം ചെയ്തു അവരെ കീഴടക്കുക"
മൂസ (അ) അല്ലാഹുﷻവിന്റെ കൽപന അവരെ അറിയിച്ചു. അവർ അല്ലാഹുﷻവിന്റെ കൽപന അനുസരിക്കാൻ പെട്ടെന്ന് തയ്യാറായില്ല. പന്ത്രണ്ട് ഗോത്രങ്ങളാണ് ഇസ്രാഈലികൾ. പന്ത്രണ്ട് ഗോത്രത്തിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുത്തു. നിങ്ങൾ സിറിയയിലും ഫലസ്തീനിലും പോവണം. അവിടുത്തെ സ്ഥിതിഗതികൾ മനസ്സിലാക്കണം. എന്നിട്ടുവേണം നമുക്ക് യുദ്ധസന്നാഹത്തോടെ പോവാൻ. അവരുടെ കൂട്ടത്തിൽ രണ്ട് മഹാപുരുഷൻമാർ കൂടിയുണ്ടായിരുന്നു. യൂശഹ് (അ), കാലബ് (റ)...
അവർ ഗോത്രനേതാക്കന്മാരോട് അല്ലാഹുﷻവിന്റെ കൽപന സ്വീകരിക്കണമെന്ന് നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ ഗോത്രത്തലവന്മാർ യുദ്ധത്തിൽ നിന്ന് തല ഊരാനുള്ള മാർഗങ്ങളാണ് ചിന്തിച്ചു കൊണ്ടിരുന്നത്. അവർ അരീഹാ പട്ടണം വരെ പോയി. അവിടത്തെ മല്ലന്മാരെ കണ്ടു ഭയന്നുപോയി. കുറെ പഴവർഗങ്ങളും മറ്റും ശേഖരിച്ച് അവർ വേഗത്തിൽ മടങ്ങിവന്നു...
ഗോത്രനേതാക്കൾ സിറിയക്കാരുടെ സൈനിക ശക്തിയും മറ്റും വിവരിച്ചു. എന്നിട്ട് പറഞ്ഞു. നമുക്കവരോട് യുദ്ധം ചെയ്യാൻ കഴിയില്ല. അവർ അത്രക്ക് ശക്തരാണ്. നമ്മെ അവർ തകർത്തു തരിപ്പണമാക്കിക്കളയും. എന്തായാലും യുദ്ധം വേണ്ട.
യൂശഹ് (അ)ഉം കാലബ് (റ)വും എതിർത്തു. നിങ്ങൾ ഭീരുക്കളാവരുത്. നിങ്ങൾ നഗര കവാടത്തിലേക്ക് മാർച്ചു ചെയ്യൂ. അല്ലാഹുﷻവിന്റെ സഹായം നമ്മൾക്കുണ്ടാവും. വിജയം നമ്മുടേതാണ്. ഇസ്രാഈല്യർ ഈജിപ്ത് വിട്ട് മരുഭൂമിയിലെത്തിയിട്ടുണ്ട്. ഈജിപ്തിലേക്ക് തന്നെ മടങ്ങിപ്പോകണമെന്നാണവരുടെ ആഗ്രഹം. പക്ഷെ അത് ഇനി നടപ്പില്ല...
മുഹ്മിനീങ്ങൾ പരീക്ഷണങ്ങൾ നേരിടണം. പരീക്ഷണങ്ങളിൽ വിജയിക്കണം. അല്ലാഹുﷻവിന്റെ കൽപനകളാണ് പ്രവാചകന്മാർ അറിയിക്കുന്നത്. അതനുസരിക്കണം അതിന് ഇസ്രാഈല്യർ തയ്യാറല്ല. പിന്നെ പരീക്ഷണം തന്നെ. അവസാനം വരെ. അവർ മരുഭൂമിയിൽ കുടുങ്ങി. വിശപ്പും ദാഹവും വന്നു. കഠിനമായ ചൂട് അനുഭവപ്പെട്ടു...
അപ്പോൾ മൂസ (അ)നോട് പറഞ്ഞു; ഞങ്ങൾക്കുവേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക. ഞങ്ങൾക്ക് ആഹാരം വേണം. വെള്ളം വേണം. ഞങ്ങൾക്ക് തണൽ വേണം. അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിച്ചു. കാടപ്പക്ഷിയെ ഇറക്കിക്കൊടുത്തു. അവർ രാവാലെ മുതൽ വൈകുന്നേരം വരെ കാടപ്പക്ഷിയുടെ ഇറച്ചി തിന്നുകൊണ്ടിരുന്നു. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരം കാടപ്പക്ഷി ഇറങ്ങും. രാവിലെ മന്ന (കട്ടിത്തെൻ) ഇറങ്ങും. നല്ല ആഹാരം. നല്ല പാനീയം. ശനീയാഴ്ചത്തേക്കുള്ളത് വെള്ളിയാഴ്ച കരുതിവെക്കും...
വെളുത്ത മേഘം അവർക്ക് തണലിട്ട് കൊടുത്തു. അല്ലാഹു ﷻ ഇസ്രാഈല്യർക്ക് നൽകിയ അനുഗ്രഹങ്ങൾക്കുണ്ടോ വല്ല കണക്കും. അവർ അല്ലാഹുﷻവിനോട് ക്ഷമ ചോദിച്ചു. ഞങ്ങൾക്ക് തെറ്റുപറ്റി ഇനിയങ്ങനെ സംഭവിക്കില്ല. ആ പിൻമാറ്റം താൽക്കാലികമായിരുന്നു. പിന്നെയും അവർ പല അബദ്ധങ്ങൾ ചെയ്തുകൊണ്ടിരുന്നു. പലപ്പോഴും മൂസ (അ) അവരെക്കൊണ്ട് പൊറുതിമുട്ടി...
ഇസ്രാഈല്യർക്ക് അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾ വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്. കട്ടിത്തേൻ (മന്ന) സൽവ (കാടപ്പക്ഷി) എന്നിവ നൽകപ്പെട്ടു. എത്ര രുചികരമായ ഭക്ഷണം. വിശുദ്ധ ഖുർആൻ പറയുന്നു.
"ഇസ്രാഈൽ സന്തതികളേ നിങ്ങളുടെ ശത്രുവിൽ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തി. ത്വൂറിന്റെ (സീനാ പർവ്വതത്തിന്റെ) വലതു ഭാഗത്തുവെച്ച് നാം നിങ്ങളുമായി കരാർ ചെയ്യുകയും നിങ്ങൾക്ക് മന്നാ (തേൻ)യും സൽവാ (കാടപ്പക്ഷിയും ) ഇറക്കിത്തരികയും ചെയ്തു." (20:80)
"(നാം നിങ്ങളോട് പറഞ്ഞു) നിങ്ങൾക്ക് നാം നൽകിയിട്ടുള്ള പരിശുദ്ധ സാധനങ്ങളിൽ നിന്ന് തിന്നുകൊള്ളുക. അതിൽ അതിക്രമം പ്രവർത്തിക്കരുത്. എന്നാൽ (അതിക്രമം പ്രവർത്തിച്ചാൽ) നിങ്ങളുടെ മേൽ എന്റെ കോപം ഇറങ്ങിയേക്കും. എന്റെ കോപം ആരുടെ മേൽ ഇറങ്ങുന്നുവോ തീർച്ചയായും അവൻ (നാശത്തിൽ ) പതിച്ചു." (20:81)
"നിശ്ചയമായും പശ്ചാത്താപിക്കുകയും വിശ്വസിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും പിന്നെ നേർമാർഗത്തിൽ മരിക്കുകയും ചെയ്തവർക്ക് ഞാൻ ധാരാളം പൊറുത്തുകൊടുക്കുന്നവനുമാകുന്നു." (20:82)
അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തുന്ന വചനം. ധിക്കാരികളായി ജീവിച്ചാൽ എന്ത് സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നു. വമ്പിച്ച സമ്പത്ത് നൽകിക്കൊണ്ട് അല്ലാഹു ﷻ അവരെ പരീക്ഷിച്ചു. ഫിർഔനും കൂട്ടരും നശിച്ചു. വമ്പിച്ച സ്വത്ത് ബാക്കിവെച്ചാണ് അവർ മരണപ്പെട്ടത്. ആ സ്വത്തെല്ലാം ഇസ്രാഈല്യർക്ക് ലഭിച്ചു. ഖിബ്തികളുടെ നാശത്തിനുശേഷം തോട്ടങ്ങളുടെയും കൃഷിയുടെയും ഖജനാവുകളുടെയും കൊട്ടാരങ്ങളുടെയും ആഭരണങ്ങളുടെയും നാൽക്കാലികളുടെയും അവകാശികൾ ഇസ്രാഈല്യരായിരുന്നുവല്ലോ. ഇപ്പോളവർ മരുഭൂമിയിലാണ്...