Thursday - 23 April, 2026 5-Dhu al-Qadah-1447

ശിക്ഷകൾ പലവിധം

   മൂസ (അ) അല്ലാഹുﷻവിന്റെ റസൂലാണെന്ന് പലർക്കും ബോധ്യപ്പെട്ടു. അവർ രഹസ്യമായി വിശ്വസിച്ചു. ഫിർഔനിന്റെ ശിക്ഷ ഭയന്ന് വിശ്വാസം പരസ്യപ്പെടുത്തിയില്ല. പൊതുസ്ഥലത്ത് വെച്ചു നിസ്കരിക്കാൻ പറ്റില്ല. ഒരു മസ്ജിദ് പണിയാനും പറ്റില്ല.  വീടുകൾ തന്നെ നിസ്കാരസ്ഥലമാക്കാൻ കൽപ്പന വന്നു. വീടുകൾ മസ്ജിദുകളായി. ഖിബ്ലയായ ബൈത്തുൽ മുഖദ്ദസിനു നേരെയാക്കി വീടുകൾ നിർമ്മിച്ചു... 


 സൂറത്ത് യൂനുസിൽ അല്ലാഹു ﷻ പറയുന്നത് കാണുക : "എന്നാൽ മൂസയെ അദ്ദേഹത്തിന്റെ ജനതയിൽ നിന്നുള്ള ചില സന്തതികളല്ലാതെ വിശ്വസിച്ചില്ല. (അതുതന്നെ) ഫിർഔനെയും അവരിലുള്ള പ്രധാനികളെയും സംബന്ധിച്ച് അവർ തങ്ങളെ കുഴപ്പത്തിലാക്കുമെന്ന ഭയപ്പാടോടെയാണ്. നിശ്ചയമായും ഫിർഔൻ ഭൂമിയിൽ ഔന്നിത്യം നടിക്കുന്നവനാണ്. നിശ്ചയമായും അവൻ പരിധി വിട്ടവനാകുന്നു." (10:83)


"മൂസ പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുﷻവിൽ വിശ്വസിച്ചുവെങ്കിൽ നിങ്ങൾ അവനിൽ ഭരമേൽപിക്കുവീൻ! നിങ്ങൾ മുസ്ലിംകളാണെങ്കിൽ (ഭരമേൽപിക്കുവീൻ). (10:84)


"അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുﷻവിന്റെ മേൽ ഭരമേൽപിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കുഴപ്പങ്ങൾക്കിരയാക്കരുതേ." (10:85)


"വിശ്വസിക്കാത്ത ജനങ്ങളിൽ നിന്ന് ഞങ്ങളെ നിന്റെ കാരുണ്യം കൊണ്ട് നീ രക്ഷപ്പെടുത്തേണമേ." (10;86)


"മൂസാക്കും അദ്ദേഹത്തിന്റെ സഹോദരനും നാം വഹ്യ്യ് നൽകുകയും ചെയ്തു. നിങ്ങൾ രണ്ടാളും ജനങ്ങൾക്ക് മിസ്റിൽ വീടുകൾ സൗകര്യപ്പെടുത്തുവീൻ. നിങ്ങളുടെ വീടുകൾ ഖിബ്ല ആക്കുകയും. നിങ്ങൾ നിസ്കാരം നിലനിർത്തുകയും ചെയ്യുവീൻ.. ! (മൂസാ) സത്യ വിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. (10:87)


 അങ്ങനെ അവരുടെ വീടുകളിൽ നിസ്കാരം നിലനിർത്തി. വീടുകൾ ഖിബ്ലക്കു നേരെയാക്കി. ഇസ്ലാം അവർക്കിടയിൽ സ്വാധീനം ചെലുത്തി... 


 ഫിർഔനിന്റെയും കിങ്കരന്മാരുടെയും ധിക്കാരം കൂടിക്കൂടിവന്നു... 

 

 അല്ലാഹുﷻവിന്റെ പരീക്ഷണങ്ങളും വന്നുതുടങ്ങി. ആദ്യം ക്ഷാമം വന്നു. പിന്നെ വന്നത് പ്രളയം. നിരന്തരം മഴ വർഷിച്ചുകൊണ്ടിരുന്നു. ജലവിതാനം ഉയർന്നു. ആഴ്ചകളോളം സൂര്യനെ കണ്ടില്ല. ഖിബ്തികൾ മലമുകളിൽ അഭയം പ്രാപിച്ചു...


 ഒടുവിൽ ജനങ്ങൾ മൂസ (അ)വിന്റെ സമീപം വന്നു. "മൂസാ, നിന്റെ റബ്ബിനോട് പ്രാർത്ഥിക്കൂ! ഈ പ്രളയം നീങ്ങിക്കിട്ടട്ടെ! ഞങ്ങൾ നിന്റെ റബ്ബിൽ വിശ്വസിക്കാം..."  

മൂസ (അ) പ്രാർത്ഥിച്ചു. പ്രളയം അവസാനിച്ചു. ജനങ്ങൾ പഴയതെല്ലാം മറന്നു. അവർ മൂസ (അ)നെ കളിയാക്കി. ഫിർഔൻ വീരവാദം മുഴക്കി...  


 അപ്പോൾ മൂസ (അ) പ്രഖ്യാപിച്ചു: "ഖിബ്തികളേ നിങ്ങളെ പ്ലേഗ് രോഗം ബാധിക്കാൻ പോവുന്നു."  


അപ്പോൾ ഫിർഔൻ പ്രഖ്യാപിച്ചതിങ്ങനെ: "ഖിബ്തികൾ ഇസ്രാഈല്യരുടെ വീടുകളിൽ ചെന്നു താമസിക്കട്ടെ! പ്ലേഗ് അവരെയും ബാധിക്കട്ടെ..." 


 ചെള്ള് വർദ്ധിച്ചു. പ്ലേഗ് വന്നു... ഖിബ്തികളെ മാത്രം ബാധിച്ചു. എഴുപതിനായിരം കിബ്തികൾ മരിച്ചു. കന്നുകാലികൾ നശിച്ചു. ജനം മൂസ (അ) നെ സമീപിച്ചു. 


 "മൂസാ, നിന്റെ റബ്ബിനോട് പ്രാർത്ഥിക്കൂ! പ്ലേഗ് പോയിക്കിട്ടട്ടെ! ഞങ്ങൾ നിന്റെ റബ്ബിൽ വിശ്വസിക്കാം."


 മൂസ (അ) പ്രാർത്ഥിച്ചു. പ്ലേഗ് പോയി. സുഖം വന്നു. ജനം വീണ്ടും ധിക്കാരികളായി. പരിഹാസം തുടർന്നു.  മൂന്നു വർഷത്തെ വരൾച്ച പിന്നെ പ്രളയം. ഇപ്പോൾ ഐശ്വര്യകാലം. കൃഷി വർദ്ധിച്ചു. പ്ലേഗും പോയി. ഫിർഔൻ കൂടുതൽ ധിക്കാരിയായി... 


 വിളഞ്ഞുനിൽക്കുന്ന കൃഷി. അതാ വരുന്നു വെട്ടുകിളികൾ. കൃഷി തിന്ന് അവ പറന്നു പോയി. വീണ്ടും ദുരിതം. വീണ്ടും മൂസ (അ)നെ സമീപിച്ചു. പ്രാർത്ഥിക്കാനപേക്ഷിച്ചു. പ്രാർത്ഥിച്ചു. ദുരിതം നീങ്ങി. ഐശ്വര്യകാലം വന്നു...


 ഒരു കൊല്ലത്തേക്കുള്ള ധാന്യം ശേഖരിച്ചു. വീണ്ടും ധിക്കാരികളായി. ഉടനെ വരുന്നു തവളകൾ. നോക്കുന്നിടത്തെല്ലാം തവള. വീട്ടിനകത്തും പുറത്തും തവള. നടക്കാൻ വയ്യ. ഇരിക്കാൻ വയ്യ. കിടക്കാനൊട്ടുംവയ്യ. വീണ്ടും നബിയെ സമീപിച്ചു. കുറ്റങ്ങൾ ഏറ്റുപറഞ്ഞു പ്രാർത്ഥിച്ചു. ദുരിതം നീങ്ങി. വീണ്ടും ധിക്കാരം പരിഹാസം... 


 ഉടനെ വരുന്നു വെള്ളത്തിന് രക്തനിറം. വെള്ളമെല്ലാം രക്തംപോലെ. ശുദ്ധജലമില്ല. വീണ്ടും മൂസാനബി(അ)നെ സമീപിച്ചു. ദുആ ചെയ്യിച്ചു ദുരിതം നീങ്ങി. ജനം പഴപടിതന്നെ... 


 സൂറത്ത് അഹ്റാഫിലെ ചില വചനങ്ങൾ കാണുക : "അപ്പോൾ അവരിൽ നാം ജലപ്രളയവും, വെട്ടുകിളിയും, പേനും (ചെള്ള്) തവളകളും, രക്തവും അയച്ചു. വിശദമാക്കപ്പെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ട്. എന്നാൽ അവർ അഹംഭാവം നടിക്കുകയാണ് ചെയ്തത്. അവർ കുറ്റവാളികളായ ഒരു ജനതയായിരുന്നുതാനും. (7:133)


"അവരുടെ മേൽ ശിക്ഷ ഭവിച്ചപ്പോൾ അവർ പറഞ്ഞു: മൂസാ, നിന്റെ റബ്ബ് നിന്റെയടുക്കൽ കരാർ നൽകിയ പ്രകാരം അവനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക. ഞങ്ങളിൽ നിന്ന് ശിക്ഷ നീങ്ങിക്കിട്ടിയാൽ നിശ്ചയമായും ഞങ്ങൾ നിന്നെ വിശ്വസിക്കുക തന്നെ ചെയ്യും. നിന്നോടൊപ്പം ഇസ്രാഈൽ സന്തതികളെ അയച്ചുതരികയും ചെയ്യും." (7:134) 


"എന്നാൽ ഒരു അവധി അതവർ പ്രാപിക്കും വരെ നാം അവരിൽ നിന്ന് ശിക്ഷ നീക്കിയപ്പോൾ അതാ അവർ വാക്ക് ലംഘിക്കുന്നു." (7:135) 


ഇസ്ലാം മതം സ്വീകരിച്ചവർ മൂസ നബി (അ) നോടൊപ്പം ഉറച്ചു നിന്നു. മറ്റുള്ളവർ എന്തൊക്കെ അനുഭവിച്ചിട്ടും പാഠം പഠിച്ചില്ല. ധിക്കാരികളായിത്തന്നെ തുടർന്നു. ഇനി വലിയ പരീക്ഷണം വരികയാണ്.  ധിക്കാരികളെ മുഴുവൻ അല്ലാഹു ﷻ കടലിൽ മുക്കിക്കൊല്ലാൻ പോകുന്നു...  


 ഇസ്രാഈല്യരുടെ കൂട്ടത്തിൽ തന്നെ വിശ്വാസം വേണ്ടത്ര ബലപ്പെടാത്ത ചിലരുണ്ടായിരുന്നു. അവരെക്കൊണ്ട് വലിയ പ്രയാസങ്ങൾ നേരിടേണ്ടിവന്നിട്ടുമുണ്ട്.  ഇസ്രാഈല്യരെ സംഘടിപ്പിക്കുക. കന്നുകാലികളെയും വീട്ടുസാമഗ്രികളുമെല്ലാം ശേഖരിക്കുക. എന്നിട്ട് കടൽതീരത്തേക്ക് നീങ്ങുക. മൂസ (അ)നോട് അല്ലാഹു ﷻ കൽപ്പിച്ചു...