പ്രവാചകൻ ﷺ പ്രസംഗിക്കാൻ വരുന്നു. സത്യവിശ്വാസികൾ ആവേശപൂർവം കാത്തിരിക്കുന്നു, കേട്ടു പഠിക്കുക. പഠിച്ചതു ജീവിതത്തിൽ പകർത്തുക. അതാണവരുടെ ലക്ഷ്യം.
പ്രവാചകൻ ﷺ യെ കണ്ടതോടെ അവരുടെ മനസ്സുകൾ കോരിത്തരിച്ചു. മിമ്പറിൽ കയറി സലാം ചൊല്ലി. അല്ലാഹു ﷻ വിനെ സ്തുതിച്ചു. മനുഷ്യർ പരസ്പരം പാലിക്കേണ്ട ബാധ്യതകളെക്കുറിച്ചാണു സംസാരിക്കുന്നത്.
രോഗിയെ സന്ദർശിക്കുക, വിശന്നവർക്ക് ആഹാരം നൽകുക. ദാഹിച്ചവനു വെള്ളം കൊടുക്കുക. ഇവയെല്ലാം മഹത്തായ സേവനങ്ങളാണ്. വമ്പിച്ച പ്രതിഫലമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഇത്തരം സൽകർമങ്ങൾ ചെയ്യാൻ സത്യവിശ്വാസികളെ
പ്രേരിപ്പിക്കുക എന്നതാണു പ്രവാചകൻ ﷺ യുടെ ഇന്നത്തെ പ്രസംഗത്തിന്റെ ലക്ഷ്യം.
സുന്ദരമായ ശബ്ദത്തിൽ നബി ﷺ സംസാരിക്കുന്നു... “സത്യവിശ്വാസികളേ... പരലോകത്തെക്കുറിച്ചു ചിന്തിക്കുക. അന്ത്യദിനത്തിൽ ഒരു വിചാരണയുണ്ട്. കണക്കുചോദ്യം. മനുഷ്യൻ ഈ ലോകത്തു വച്ചു പറഞ്ഞ കാര്യങ്ങളും ചെയ്ത കർമങ്ങളുമെല്ലാം വിചാരണയ്ക്കു വിധേയമാക്കുന്ന ദിവസം. ഓരോ മനുഷ്യനെയും ഹാജരാക്കും. അവനെ ചോദ്യം ചെയ്യും..."
ഒരു മനുഷ്യനെ കൊണ്ടുവരുന്നു. അവനോട് അല്ലാഹു ﷻ ചോദിക്കുന്നു: “മനുഷ്യപുത്രാ, ഞാൻ രോഗിയായിരുന്നു. അപ്പോൾ നീ എന്നെ സന്ദർശിക്കാൻ വന്നില്ല. നീ എന്തുകൊണ്ടാണു വരാതിരുന്നത്..?”
ചോദ്യം കേട്ടു അന്ധാളിച്ചുപോയ മനുഷ്യൻ ചോദിക്കുന്നു: “എന്റെ നാഥാ, നിനക്കു രോഗം ബാധിക്കുകയോ..! സകല ലോകത്തിനും നീയല്ലേ അധിപൻ. പിന്നെ നിനക്കെങ്ങനെ രോഗം വരും..?”
അപ്പോൾ ഒരു മനുഷ്യനെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു ﷻ
പറയുന്നു: “അവൻ രോഗിയായി കിടന്നു. അക്കാര്യം നീ അറിഞ്ഞുവല്ലോ.. എന്നിട്ടു നീ അവനെ കാണാൻ പോയില്ല. നീ അവനെ കാണാൻ പോയിരുന്നുവെങ്കിൽ, അവനിൽ നിനക്ക് എന്നെ കാണാൻ കഴിയുമായിരുന്നു. നിശ്ചയം, അവിടെ നീയെന്നെ കാണുമായിരുന്നു...”
മറ്റൊരു മനുഷ്യനോട് അല്ലാഹു ﷻ ചോദിക്കുന്നു: “മനുഷ്യപുത്രാ, ഞാൻ വിശന്നപ്പോൾ നിന്നോട് ആഹാരം
ചോദിച്ചു. നീ ആഹാരം തന്നില്ല. നീ എന്റെ വിശപ്പു മാറ്റിയില്ലല്ലോ...”
മനുഷ്യൻ അമ്പരപ്പോടെ ചോദിക്കുന്നു: “അല്ലാഹു ﷻ വേ, നിനക്കു വിശക്കുകയോ..! നീയല്ലേ ലോകത്തിന്റെ അധിപൻ, നിനക്കു ഞാനെങ്ങനെ ഭക്ഷണം നൽകും..?”
അപ്പോൾ ഒരു മനുഷ്യനെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു ﷻ
പറയുന്നു: “എന്റെ ദാസന്മാരിൽപെട്ട ആ മനുഷ്യൻ വിശന്നപ്പോൾ നിന്നോട് ആഹാരം ചോദിച്ചില്ലേ..? നീ കൊടുത്തില്ലല്ലോ..? അവനു നീ ആഹാരം കൊടുത്തിരുന്നുവെങ്കിൽ അവനിലൂടെ നിനക്കെന്നെ കാണാൻ കഴിയുമായിരുന്നില്ലേ..?”
വേറൊരു മനുഷ്യനോട് അല്ലാഹു ﷻ ചോദിക്കുന്നു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു ദാഹശമനത്തിനു വെള്ളം
ചോദിച്ചു. നീ തന്നില്ലല്ലോ. എന്റെ ദാഹം നീ തീർത്തില്ലല്ലോ..?”
മനുഷ്യൻ അമ്പരപ്പോടെ ചോദിക്കുന്നു: “അല്ലാഹുﷻവേ, നീ സർവ ലോകത്തിന്റെയും നാഥനല്ലേ!
നിനക്കു ദാഹിക്കുകയോ, ഞാൻ നിനക്കെങ്ങനെ വെള്ളം നൽകും..?”
അല്ലാഹു ﷻ ഒരു മനുഷ്യന്റെ പേരു പറഞ്ഞുകൊണ്ട് ഇങ്ങനെ ചോദിക്കുന്നു; “എന്റെ ദാസന്മാരിൽപ്പെട്ട ആ മനുഷ്യൻ ദാഹിച്ചു വലഞ്ഞു നിന്റെ അടുത്തുവന്നില്ലേ. നിന്നോടു വെള്ളം ചോദിച്ചില്ലേ. നീ അവനു വെള്ളം കൊടുത്തില്ലല്ലോ. നീ അവന്റെ ദാഹം തീർത്തിരുന്നുവെങ്കിൽ അവന്റെ സമീപം നിനക്ക് എന്നെ കാണാൻ കഴിയുമായിരുന്നു.”
ഓർക്കുക..! ജനങ്ങളോടു കരുണ കാണിക്കാത്തവരോട്
അല്ലാഹു ﷻ കരുണ കാണിക്കുകയില്ല.
പ്രസംഗം അത്രയുമെത്തുമ്പോൾ സ്വഹാബികൾ കരയുന്നു. അവരുടെ മനസ്സുകളെ ആട്ടിയുലച്ച പ്രസംഗം.
വിശന്നവർക്ക് ആഹാരം നൽകുക, ദാഹിച്ചവർക്ക് വെള്ളം നൽകുക, രോഗികളെ പരിചരിക്കുക. അതിനു ലഭിക്കുന്ന ഒരവസരവും പാഴാക്കിക്കളയരുത്. അവരുടെ മനസ്സിന്റെ പ്രതിജ്ഞ.