മാതാവിന്റെ മടിയിൽ കിടക്കുകയാണു കുഞ്ഞ്. എന്തൊരു കിടപ്പ്. അത്യാസന്ന നില. ദുഖത്തിന്റെ പ്രതീകമായി മാതാവും. മാരിയ്യതിന്റെ തൊട്ടടുത്തു സഹോദരി സീറീൻ.
അവരും ദുഃഖം സഹിക്കാനാവാതെ കരയുന്നു.
മാതാവിന്റെ മടിത്തട്ടിൽ നിന്നു കുഞ്ഞിനെ നബിﷺതങ്ങൾ വാരിയെടുത്തു. സ്വന്തം മടിത്തട്ടിൽ കിടത്തി. പൊന്നുമോന്റെ വാടിയ മുഖം. ഇളം മാറിടം പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു.
ഒരു പിതാവിനു കണ്ടുനിൽക്കാനാവാത്ത രംഗം. പ്രവാചകൻ ﷺ കടുത്ത ദുഃഖം കടിച്ചമർത്തുകയാണ്. ചുറ്റും നിൽക്കുന്നവർക്കതു മനസ്സിലാക്കാൻ കഴിഞ്ഞു.
എല്ലാ മരുന്നുകളും പരാജയപ്പെട്ടു. എല്ലാ പരിചരണവും അവസാനിച്ചു.
കുഞ്ഞ് അവസാന ശ്വാസം വലിച്ചുതീർക്കുന്നു. ദുഖം കനത്തുകെട്ടിയ അന്തരീക്ഷം.
സ്വന്തം മടിയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കിക്കൊണ്ടുപിതാവ് ഇങ്ങനെ മൊഴിഞ്ഞു. “പൊന്നുമോനേ... ഇബ്റാഹീം... ഞങ്ങൾക്കു ശക്തിയില്ല
മോനേ... അല്ലാഹുﷻവിന്റെ വിധിയിൽനിന്നു നിന്നെ രക്ഷിക്കാൻ ഞങ്ങൾക്കു കഴിവില്ല മോനേ...”
മാരിയ്യതിന് ആ വാക്കുകൾ കേട്ടു സഹിക്കാനായില്ല. പെട്ടെന്ന് എല്ലാം അവസാനിച്ചു. സ്പന്ദിച്ചുകൊണ്ടിരുന്ന ഹൃദയം നിശ്ചലമായി. ശ്വാസം നിലച്ചു. ഇബ്റാഹീം യാത്രയായി. ദുഃഖം അണപൊട്ടിയൊഴുകി. മാരിയ്യത്(റ) ഈമാന്റെ കരുത്തുകൊണ്ടാണു പിടിച്ചുനിന്നത്.
പ്രവാചകരുടെ (ﷺ) ചുണ്ടുകൾ ദുഃഖത്തോടെ മന്ത്രിച്ചുകൊണ്ടി
രുന്നു. “ഓ. ഇബ്റാഹീം... കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഖൽബി
നെന്തൊരു വേദന..! എങ്കിലും അല്ലാഹുﷻവിനു പൊരുത്തമില്ലാത്ത
ഒന്നും നാം പറയില്ല. ഒന്നും പറയില്ല...”
അനുയായികൾ അമ്പരന്നു നിന്നു.
നബിﷺതങ്ങൾ എത്ര കടുത്ത ദുഃഖമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
“അല്ലാഹുﷻവിന്റെ റസൂലേ, മരിച്ചവരുടെ പേരിൽ ഇത്രയും ദുഖം ആകാമോ..?” -സ്വഹാബികൾ ചോദിച്ചു.
“പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ ദുഖിക്കുന്നതിനെയല്ല ഞാൻ നിരോധിച്ചത്. ആർത്തട്ടഹസിച്ചു കരയുന്നതിനെയാണു ഞാൻ നിരോധിച്ചത്. ഇതു കാരുണ്യ പ്രകടനമാണ്. കരുണ കാണിക്കാത്തവന് ആരിൽനിന്നും കരുണ ലഭിക്കുകയില്ല.” നബിﷺതങ്ങളുടെ മറുപടി സ്വഹാബത്തിന് ആശ്വാസമായി.
ശബ്ദമടക്കിക്കരയുന്ന മാരിയ്യത് (റ) യെയും സഹോദരിയെയും നോക്കി നബി ﷺ ഇങ്ങനെ പറഞ്ഞു:
“നിങ്ങൾ പരസ്പരം ആശ്വസിപ്പിക്കുക. നമ്മുടെ കുഞ്ഞ് സ്വർഗത്തിൽ വച്ചു മുലയൂട്ടപ്പെടും.
ഈ വാക്കുകൾ മാതാവിന് ആശ്വാസം പകർന്നു...
മയ്യിത്തു കട്ടിൽ ജന്നത്തുൽ ബഖീഇലേക്കു നീങ്ങി.
അവിടെയാണ് ഖബറടക്കൽ കർമ്മം നടക്കുന്നത്. കൊച്ചു മയ്യിത്ത് ഖബറിലേക്കു താഴ്ത്തി. അന്നു സൂര്യഗ്രഹണമായിരുന്നു. ആളുകൾ അതിനെക്കുറിച്ചു ചിന്തിച്ചു. ചില സംശയങ്ങൾ പ്രകടിപ്പിച്ചു.
മകന്റെ മരണം കാരണം പ്രവാചകൻ ﷺ അതീവ ദുഃഖിതനായിത്തീർന്ന ദിവസമാണിത്. ആ ദുഃഖത്തിന്റെ പ്രതീകമാണോ സൂര്യഗ്രഹണം..?
ഇബ്റാഹീമിന്റെ മരണവും സൂര്യഗ്രഹണവും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ടു ചിലർ സംസാരിച്ചു. കേട്ടവർ അതു മറ്റു ചിലരോടു പറഞ്ഞു.
സംസാരം നബിﷺതങ്ങളുടെ ചെവിയിലുമെത്തി. മകന്റെ വേർപാടിൽ ദുഃഖിച്ചുകൊണ്ടിരുന്ന പ്രവാചകന് (ﷺ) ഈ സംസാരം കൂടുതൽ ദുഃഖം നൽകി.
നബി ﷺ ജനങ്ങളുടെ സമീപത്തെത്തി. “സൂര്യനും ചന്ദ്രനും അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു. സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നത് ആരുടെയെങ്കിലും ജനനവും മരണവും കാരണമല്ല. ഗ്രഹണം ബാധിക്കുമ്പോൾ നിങ്ങൾ നിസ്കരിക്കുക. അല്ലാഹുﷻവിനെ സൂക്ഷിക്കുക. അവനെ സ്മരിക്കുക.” പ്രവാചകൻ (ﷺ) ജനങ്ങളെ ഓർമിപ്പിച്ചു.
നബിﷺതങ്ങൾ ഇബ്റാഹീം എന്ന കുട്ടിയുടെ സ്മരണ മനസ്സിൽ സൂക്ഷിച്ചു. ഭരണനിർവഹണ കാര്യങ്ങളിൽ വ്യാപൃതനായി...