Wednesday - 22 April, 2026 4-Dhu al-Qadah-1447

കടക്കാരനെ സഹായിക്കുക

   ആകപ്പാടെയുള്ള വരുമാനമാർഗമാണു കൃഷി. കുടുംബം പുലർത്തണം. മറ്റ് അത്യാവശ്യ കാര്യങ്ങൾ നടക്കണം. പെട്ടെന്നാണതു സംഭവിച്ചത്..!!


 പ്രകൃതി ക്ഷോഭം. എല്ലാം തകർന്നു. കൃഷി നശിച്ചു. ദാരിദ്ര്യവും കടങ്ങളും ബാക്കി. വീട്ടിൽ പട്ടിണി. കടം കൂടിക്കൂടി വരുന്നു. പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. പറഞ്ഞ അവധിയൊക്കെ തെറ്റി. പലരും കടം തിരിച്ചുകൊടുക്കാൻ നിർബന്ധിക്കുന്നു. എന്തു ചെയ്യും..?


 മനസ്സു നിറയെ ദുഃഖവുമായി നടന്നു. കടുത്ത പരീക്ഷണത്തിനു വിധേയനായ സ്വഹാബിവര്യൻ.

ലോകാനുഗ്രഹിയായ പ്രവാചകന്റെ (ﷺ) സന്നിധിയിലേക്കു ചെന്നു...


“അസ്സലാമു അലയ്ക്കും യാ റസൂലല്ലാഹ്.”


 നബിﷺതങ്ങൾ സലാം മടക്കി. ആഗതന്റെ മുഖത്തേക്കു നോക്കി. കണ്ണുകൾ നിറയുന്നു. മുഖം വിഷാദത്തിൽ മുങ്ങിപ്പോയിരിക്കുന്നു.

കൃഷി നശിച്ച സംഭവം വിവരിച്ചു.

കടം പെരുകിയ കഥ പറഞ്ഞു. സ്വഹാബികൾ കൂട്ടം കൂടി നിൽപുണ്ട്. 


 അവരെ നോക്കിക്കൊണ്ടു പ്രവാചകൻ ﷺ പറഞ്ഞു: “കൃഷി നഷ്ടപ്പെട്ടു വിഷമിക്കുന്ന, കടം കൊണ്ടു വലഞ്ഞ ഈ സഹോദരനു ദാനം നൽകുവിൻ.”


 ആളുകൾ കൈവശമുള്ള സംഖ്യ അദ്ദേഹത്തിനു നൽകി. കിട്ടിയ സംഖ്യ എണ്ണിനോക്കി, കടം വീട്ടാൻ തികയില്ല. കടക്കാർ വന്നുനിൽപുണ്ട്.

ഉള്ളത് അവർക്കു ഭാഗിച്ചു കൊടുക്കാൻ കൽപിച്ചു. കടക്കാർക്ക് ഓരോ വിഹിതം കിട്ടി.


 നബിﷺതങ്ങൾ കടക്കാരോട് ഇങ്ങനെ പറഞ്ഞു: “അത്രയേ ഉള്ളൂ. കിട്ടിയതു വാങ്ങിക്കൊള്ളൂ... അതുകൊണ്ടു തൃപ്തിപ്പെടുക...”


 അവർ കിട്ടിയതു വാങ്ങി. അതുകൊണ്ടു തൃപ്തിപ്പെട്ടു. ബാക്കിയുള്ളതു പൊരുത്തപ്പെട്ടു.


 പ്രിയപ്പെട്ട കുട്ടികളേ, ഈ സംഭവത്തിൽ നിന്നു നാം മഹത്തായൊരു പാഠം പഠിക്കണം.


 നമ്മിൽ നിന്ന് ഒരാൾ കടം വാങ്ങി. പറഞ്ഞ അവധിക്കു കടം വീട്ടാൻ അയാൾക്കു കഴിഞ്ഞില്ല. പണമില്ലാത്തതുകൊണ്ടാണ്, എങ്കിൽ നാം അയാൾക്ക് അവധി നീട്ടിക്കൊടുക്കണം.


 അയാൾക്കു കടത്തിന്റെ ഒരു ഭാഗം മടക്കിത്തരാൻ കഴിവുണ്ടായി. എങ്കിൽ നാമതു സ്വീകരിക്കണം. ബാക്കി തരാൻ നിവൃത്തിയില്ല. അപ്പോൾ നാമതു പൊരുത്തപ്പെട്ടുകൊടുക്കുകയാണങ്കിൽ അതൊരു വലിയ സൽകർമ്മമായിരിക്കും.


 അല്ലാഹു ﷻ വിനെയും റസൂൽ ﷺ തങ്ങളെയും സന്തോഷിപ്പിക്കുന്ന സൽകർമം.


* * * 


 നബി ﷺ ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു. സദുപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അപ്പോൾ അതുവഴി ഒരു ശവമഞ്ചം കൊണ്ടുവരുന്നു. അതു

കണ്ടപ്പോൾ നബി ﷺ എഴുന്നേറ്റുനിന്നു.


 “അതു ജൂതന്റെ മൃതദേഹമല്ലേ..?”

സ്വഹാബികൾ നബിﷺതങ്ങളെ ഉണർത്തി. 


 അതിനു പ്രവാചകന്റെ (ﷺ) മറുചോദ്യം ഇങ്ങനെയായിരുന്നു: “അതൊരു മനുഷ്യന്റെ മൃതദേഹമല്ലേ..?”