Wednesday - 22 April, 2026 4-Dhu al-Qadah-1447

അറഫ സംഗമം

   ദുൽഹജ്ജ് എട്ട്. 

തർവിയ എന്നാണ് ആ ദിവസത്തിന്റെ പേര്. നബിﷺതങ്ങളും അനുയായികളും മിനായിലേക്കു നീങ്ങി. ചരിത്രം തുടിച്ചുനിൽക്കുന്ന മിനാ താഴ്‌വര.

അമ്പിയാക്കൾ നടന്നുപോയ ചരിത്രഭൂമി. മിനായിൽ അമ്പിയാക്കൾ അന്ത്യവിശ്രമം കൊള്ളുന്നു.


 ആ ചരിത്ര ഭൂമിയിലേക്ക് അന്ത്യപ്രവാചകനും (ﷺ) അനുയായികളും വന്നു. അവിടെ തമ്പടിച്ചു. വിശാലമായ താഴ്‌വര തമ്പുകൾ കൊണ്ടു നിറഞ്ഞു. 


 നബിﷺതങ്ങൾ ആ ദിവസം മിനായിൽ താമസിച്ചു.

നിസ്കാരവും, ദുആയും എല്ലാം മിനായിൽ തന്നെ. സർവശക്തനായ അല്ലാഹു ﷻ വിനോടുള്ള നന്ദി മനസിൽ നിറഞ്ഞുനിൽക്കുന്നു. എന്തെല്ലാം അനുഗ്രഹങ്ങൾ ചൊരിഞ്ഞുതന്നു. അറേബ്യ അധീനപ്പെടുത്തിത്തന്നില്ലേ..! 


 പിറ്റേ ദിവസം പുലർന്നു-ദുൽഹജ്ജ് ഒമ്പത്. എല്ലാവരും പ്രഭാത നിസ്കാരം നിർവഹിച്ചു. വിശുദ്ധ ഖുർആൻ പാരായണം. മനസു തുറന്ന പ്രാർത്ഥന. ഇനി യാത്രയാണ് - പുണ്യം നിറഞ്ഞ അറഫാ ഭൂമിയിലേക്ക്.


 എല്ലാവരും യാത്രയ്ക്കൊരുങ്ങി. നബിﷺതങ്ങൾ തന്റെ ഒട്ടകപ്പുറത്തു കയറി.

ഖസ് വാ എന്നു പേരുള്ള ഒട്ടകം. ഹാജിമാരുടെ സംഘം നീങ്ങി.


 അനുഗൃഹീതമായ അറഫായിലെ മലകൾ കൺമുമ്പിൽ എത്തി. അവർ ആവേശഭരിതരായി. അവർ പൂർവപിതാവായ ആദം നബി(അ)നെ ഓർത്തു. മാതാവായ ഹവ്വാഅ്(റ)യെയും ഓർത്തു.


 സ്വർഗത്തിൽ നിന്നു ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട ദമ്പതികൾ ഭൂമിയിലെത്തിയപ്പോൾ ഇരുസ്ഥലത്തായിപ്പോയി. ഭാര്യയെക്കാണാതെ വിഷമിച്ചു പോയ ആദം(അ). ഭർത്താവിനെ കാണാതെ ദുഃഖാകുലയായിത്തീർന്ന ഹവ്വാഅ്(റ). വർഷങ്ങളോളം കരഞ്ഞു പ്രാർത്ഥിച്ചു.


 ഒടുവിൽ ആദം(അ)നു ദിവ്യവെളിപാട്. മക്കയിലേക്കു പോകുക. ആദം(അ) നടന്നു, ദീർഘയാത്ര. രാപകലുകൾ മാറിമാറി വന്നു. കാലചക്രം കറങ്ങിക്കൊണ്ടിരുന്നു. 


 മക്കയെ സമീപിക്കുകയായിരുന്നു.

ഉയർന്ന മലനിരകളുള്ള പ്രദേശം. അവിടെ ഒരു മനുഷ്യരൂപം.

ആവേശപൂർവം അങ്ങോട്ടു ചെന്നു. അല്ലാഹു ﷻ വിനു സ്തുതി. അത് ഹവ്വാഅ്(റ) ആയിരുന്നു. അവർ കണ്ടുമുട്ടിയ ഭൂമി. അതാണ് അറഫ.


 ഹജ്ജിനു പോകുന്നവർ അറഫയിൽ നിൽക്കണം. അറഫ നഷ്ടപ്പെട്ടാൽ ഹജ്ജ് നഷ്ടപ്പെട്ടു. ഹജ്ജിന്റെ ഫർളുകൾ ഇവയാകുന്നു:-


1. ഇഹ്റാം,

2. അറഫയിൽ നിൽക്കുക,

3. ത്വവാഫുൽ ഇഫാള,

4. സഫാ-മർവാക്കിടയിൽ സഅ് യ്,

5. മുടിയെടുക്കൽ,

6. വഴിക്കുവഴി ചെയ്യൽ-തർതീബ്,


ഉംറക്ക് അഞ്ച് ഫർളുകളേയുള്ളൂ.


1. ഇഹ്റാം

2. ത്വവാഫ്, 

3. സഅ് യ്

4. മുടിയെടുക്കൽ,

5. തർതീബ്.


 ഉംറ നിർവഹിക്കാൻ പോകുന്നവർ അറഫയിൽ നിൽക്കേണ്ടതില്ല. ഹാജിമാർക്ക് അറഫ നിർബന്ധവുമാണ്. 


 അന്ത്യപ്രവാചകനും (ﷺ) അനുയായികളും അറഫയിലെത്തി. തൽബിയത്തിന്റെ ശബ്ദം അത്യുച്ചത്തിലായി.

അറഫാ മലനിരകളിൽ തൽബിയത്തിന്റെ ശബ്ദം മാറ്റൊലി

കൊണ്ടു.


 പ്രവാചകന്റെ (ﷺ) ഓരോ ചലനവും അനുചരന്മാർ സൂക്ഷ്മമായി പഠിക്കുകയാണ്. ദിക്റുകൾ... ദുആകൾ... തൽബിയത്ത്... ഭക്തിസാന്ദ്രമായ അന്തരീക്ഷം.

സമർപ്പണത്തിന്റെ നിമിഷങ്ങൾ.


 പൊള്ളുന്ന വെയിലിൽ തലമറക്കാതെ കൈകൾ ഉയർത്തി സർവശക്തനായ റബ്ബിനോടു കരഞ്ഞു പ്രാർത്ഥിക്കുന്ന സത്യവിശ്വാസികളുടെ മഹാസാഗരം.


 ആ സംഘം അന്ത്യനാൾ വരെയുള്ള ഹാജിമാർക്കു വഴി കാണിക്കുന്നു. അവരുടെ ചലനങ്ങളും വാക്കുകളും ഇസ്ലാംമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാകുന്നു.