അറഫാ താഴ് വര. ഇവിടെവെച്ചാണ് നബിﷺതങ്ങളുടെ വിടവാങ്ങൽ
പ്രസംഗം നടന്നത്. ഒട്ടകപ്പുറത്തിരുന്നുകൊണ്ടായിരുന്നു
പ്രസംഗം...
നല്ല മുഴക്കമുള്ള ശബ്ദം. റബീഅത് ബ്നു ഉമയ്യതിബ്നു ഖലഫ് (റ). നബി ﷺ തങ്ങളുടെ തൊട്ടു പിന്നിൽ ആ സ്വഹാബിവര്യൻ നിൽക്കുന്നു. നല്ല ശബ്ദമുള്ള ആളാണ്. നബിﷺതങ്ങൾ പറയുന്ന കാര്യങ്ങൾ അദ്ദേഹം അത്യുച്ചത്തിൽ ഏറ്റു പറയുന്നു.
അല്ലാഹു ﷻ വിന്റെ നാമത്തിൽ ആരംഭിക്കുന്നു. സകല സ്തുതിയും അവനുമാത്രം...
“ജനങ്ങളേ.., എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. ഈ സ്ഥലത്തുവച്ച് ഇനിയൊരിക്കൽ എനിക്കു നിങ്ങളോടു സന്ധിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല.
ജനങ്ങളേ.., നിങ്ങളുടെ രക്തവും സമ്പത്തും അന്ത്യനാൾവരെ പവിത്രമാണ്. നിങ്ങളുടെ ഈ ദിവസം പവിത്രമായതുപോലെ. ഈ മാസം പവിത്രമായതുപോലെ.
നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. തീർച്ച. നിങ്ങളുടെ കർമ്മങ്ങളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടും. ഈ സന്ദേശം നിങ്ങൾക്കെത്തിക്കുക എന്ന കടമ ഞാൻ നിർവ്വഹിച്ചിരിക്കുന്നു.
ആരെങ്കിലും നിങ്ങളുടെ കൈവശം വല്ല സ്വത്തും സൂക്ഷിക്കാൻ ഏൽപിച്ചിട്ടുണ്ടെങ്കിൽ അവ ഉടമസ്ഥർക്കു തിരിച്ചു കൊടുക്കുക.
എല്ലാ പലിശകളും നിരോധിച്ചിരിക്കുന്നു. അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബിനു കിട്ടാനുള്ള എല്ലാ പലിശയും ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു.
ജാഹിലിയ്യ കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ അസാധുവായിരിക്കുന്നു. ഇബ്നു റബീഅ ബ്നു ഹാരിസ് ബ്നു അബ്ദിൽ മുത്വലിബിന്റെ വധത്തെത്തുടർന്നുള്ള കുടിപ്പക ആദ്യമായി ഞാനിതാ ദുർബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ സകലവിധ കുലമഹിമകളും പദവികളും അസാധുവാണ്.
ജനങ്ങളേ.., യുദ്ധം നിരോധിക്കപ്പെട്ട വിശുദ്ധ മാസങ്ങളിൽ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്തുന്നത് കടുത്ത അവിശ്വാസമാകുന്നു. സത്യനിഷേധികൾ അതുമൂലം വഴിപിഴച്ചു പോകുന്നു.
അല്ലാഹു ﷻ ആകാശഭൂമികൾ സൃഷ്ടിച്ച നാൾ മുതൽ അവന്റെ വ്യവസ്ഥയനുസരിച്ച് അവ ചലിക്കുന്നു. അല്ലാഹുﷻവിങ്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം പവിത്രമാകുന്നു. മൂന്നെണ്ണം ക്രമത്തിൽ വരുന്നു - ദുൽഖഅദ്, ദുൽഹജ്ജ്, മുഹർറം. ഒന്ന് ഒറ്റപ്പെട്ടതാണ് - ജമാദുൽ ആഖിറിനും ശഅ്ബാനും മധ്യേയുള്ള റജബ്.
ജനങ്ങളേ.., (പുരുഷന്മാർക്ക്)
നിങ്ങൾക്കു സ്ത്രീകളോടു ചില ബാധ്യതകളുണ്ട്. സ്ത്രീകൾക്കു പുരുഷന്മാരോടും. നിങ്ങളിഷ്ടപ്പെടാത്തവരെ അവർ വീട്ടിൽ പ്രവേശിപ്പിക്കരുത്. സ്ത്രീകൾക്കു മാന്യമായ നിലയിൽ വസ്ത്രവും ഭക്ഷണവും നൽകണം. സ്ത്രീകളോടു ദയാവായ്പോടെ പെരുമാറണം. അവർ നിങ്ങളുടെ ഇണകളാകുന്നു. അല്ലാഹു ﷻ നിങ്ങളെ ഏൽപിച്ച അമാനത്താണവർ.
ജനങ്ങളേ.., സത്യവിശ്വാസികൾ പരസ്പരം സഹോദരന്മാരാണ്. സഹോദരന്റെ ധനം, അവൻ സംതൃപ്തിയോടെ തന്നാലല്ലാതെ
നിങ്ങൾക്ക് അനുവദനീയമല്ല. എനിക്കു ശേഷം നിങ്ങൾ പരസ്പരം ദ്രോഹിക്കുന്ന സത്യനിഷേധികളായിത്തീരരുത്.
ശ്രദ്ധിച്ചു കേൾക്കുക.., ഞാൻ ഒരു കാര്യം നിങ്ങളിൽ വിട്ടേച്ചാണു പോകുന്നത്. അതു മുറുകെപ്പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴിപിഴച്ചു പോകുകയില്ല. അല്ലാഹുﷻവിന്റെ ഗ്രന്ഥമാകുന്നു അത്.
ജനങ്ങളേ.., നിങ്ങളുടെ നാഥൻ ഒന്ന്. നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമിന്റെ സന്തതികളാകുന്നു. ആദമാകട്ടെ മണ്ണിൽ നിന്നു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അറബിക്ക് അനറബിയെക്കാൾ ശ്രേഷ്ഠതയില്ല. തഖ് വ (അല്ലാഹു ﷻ വിനെ സൂക്ഷിക്കുക) കൊണ്ടല്ലാതെ.”
റബീഅ (റ) നബിﷺതങ്ങളുടെ ഓരോ വാക്കും ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു...