ഒരേ ഒരു ഹജ്ജ് (3)
സഹസ്രാബ്ദങ്ങൾക്കു മുമ്പു വിജനമായ മക്കയിൽ എത്തിച്ചേർന്ന ഹാജറ(റ)എന്ന മാതാവ്. അവരുടെ പൊന്നോമന മകൻ ഇസ്മാഈൽ(അ) തന്റെ ഭാര്യയെയും കുഞ്ഞിനെയും മക്കയിൽ ഉപേക്ഷിച്ചു പോയ ഇബ്റാഹീം നബി(അ). അതൊരു വലിയ പരീക്ഷണമായിരുന്നു.
അല്ലാഹുﷻവിന്റെ കൽപന. പുണ്യപ്രവാചകൻ കൽപന സ്വീകരിച്ചു. പരീക്ഷണത്തിൽ വിജയിച്ചു. പ്രിയ പത്നിയെയും കുഞ്ഞിനെയും മക്കയിലാക്കി മടങ്ങിപ്പോയി.
കൈവശമുള്ള വെള്ളം തീർന്നു.
കുഞ്ഞു ദാഹിച്ചു വലഞ്ഞു നിലവിളിയായി. കിണർ കാണാനില്ല. ജലാശയങ്ങളില്ല. മനുഷ്യരില്ല. കുഞ്ഞിന്റെ നിലവിളി ഉയർന്നപ്പോൾ വെപ്രാളത്തോടെ ഉമ്മ ഇറങ്ങി ഓടി. സഫായുടെ നെറുകയിലെത്തി. ദൂരേക്കു നോക്കി. മനുഷ്യരുണ്ടോ, വെള്ളത്തിന്റെ തിളക്കമുണ്ടോ..?
ഒന്നുമില്ല. വിജനമായ മരുഭൂമി. നിരാശ മാത്രം. കടുത്ത നൈരാശ്യത്തോടെ മലയിൽ നിന്ന് ഓടിയിറങ്ങി. അതാ അകലെ മറ്റൊരു മല. മർവ. അതിൽ കയറി നോക്കാം. പ്രതീക്ഷയോടെ ഓടി. മർവയുടെ മുകളിൽ ഓടിക്കയറി. അകലേക്കു നോക്കി.
ഒരു മനുഷ്യജീവിയെയും കാണാനില്ല. വെള്ളമുള്ള ലക്ഷണമൊന്നുമില്ല. കടുത്ത നിരാശയോടെ മലയിൽ നിന്ന് ഓടിയിറങ്ങി. കുഞ്ഞ് നിർത്താതെ കരയുന്നു. ഉമ്മയുടെ വെപ്രാളം കൂടിക്കൂടി വന്നു. വീണ്ടും സഫായിൽ ഓടിക്കയറി.
സഫായിൽ നിന്നു മർവായിലേക്കോടി.
പലതവണ ഇതാവർത്തിച്ചു.
ക്ഷീണിച്ചവശയായി ഹാജറ(റ). മരുഭൂമിയിലെ ചൂടിൽ അവരാകെ വിയർത്തു കുളിച്ചു. മനം നിറയെ ദുഃഖവും നിരാശയുമായി കുഞ്ഞിന്റെ അടുത്തേക്കോടിവന്നു. അപ്പോൾ അവിടെക്കണ്ട കാഴ്ച...!!
വെള്ളം..! പൊട്ടിയൊലിക്കുന്ന വെള്ളം..! കുഞ്ഞ് മടമ്പുകാലിട്ടടിച്ച ഭാഗത്തുനിന്നു വെള്ളം ഉറഞ്ഞൊഴുകുന്നു...
സംസം. ഇന്നും സുലഭമായി ലഭിക്കുന്ന സംസം വെള്ളം. ഹജ്ജിനു പോകുന്നവരെല്ലാം സഫാ മർവാക്കിടയിൽ നടക്കുന്നു.
ഇതിനു സഅ് യ് എന്നു പറയുന്നു.
നിശ്ചിത സ്ഥലത്തു ധൃതിയിൽ നടക്കണം. നബിﷺതങ്ങളും സ്വഹാബികളും സ്വഫാ മലയിലെത്തി.
സ്വഫായിൽ നിന്നു മർവായിലേക്കു സഞ്ചരിച്ചു. ഏഴു തവണ പൂർത്തിയാക്കി. സഅ് യ് കഴിഞ്ഞു...
ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം ഉംറയുടെ
കർമ്മങ്ങളും ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. ബലിമൃഗങ്ങളെ കൂടെ കൊണ്ടുവരാത്തവരോട് ഉംറ നിർവഹിച്ച് ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ പ്രവാചകൻ ﷺ കൽപിച്ചു.
ഹജ്ജു ചെയ്യണമെന്ന മോഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
എങ്കിലും പ്രവാചകന്റെ (ﷺ) കൽപന അനുസരിക്കണമല്ലോ. ആയിരക്കണക്കിനാളുകൾ ഉംറ നിർവഹിച്ചു ഇഹ്റാമിൽ നിന്ന് ഒഴിവായി...
പ്രവാചക പത്നിമാരെല്ലാം ഉംറ നിർവഹിച്ചു. നബിﷺതങ്ങളുടെ പ്രിയ പുത്രിയും ഉംറ നിർവഹിച്ചു. എങ്ങനെ ഉംറ നിർവഹിക്കണമെന്നു ജനങ്ങൾ പഠിച്ചു.