Wednesday - 22 April, 2026 4-Dhu al-Qadah-1447

അപവാദത്തിന്റെ തീനാളങ്ങൾ (3)

   സഫ്വാൻ(റ) ആഇശ(റ)യെ വളരെ ആദരവോടെ മദീനയിലെ വീട്ടിലെത്തിച്ചു. ദീർഘ യാത്ര കാരണം ആഇശ(റ) മദീനയിലെത്തിയ ഉടനെ രോഗം പിടിപെട്ടു കിടപ്പിലായി. ഒരു മാസത്തോളം അസുഖം നീണ്ടുനിന്നു.


 ഇതിനിടയിലാണ് പ്രവാചകൻ ﷺ യും ജുവയ്രിയ(റ)യും തമ്മിലുള്ള വിവാഹം നടന്നത്. അവരുടെ ഗോത്രങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലേക്കു വന്നു. സ്വഹാബികൾ അവരെ സ്വതന്ത്രരാക്കി. ഇങ്ങനെ പല സംഭവങ്ങൾകൊണ്ടു തിരക്കു പിടിച്ചതായിരുന്നു ആ ദിവസങ്ങൾ. ഈ തിരക്കിനിടയിൽ ആഇശ(റ)യുടെ രോഗ വിവരങ്ങൾ വേണ്ടതുപോലെ അന്വേഷിക്കാൻ റസൂൽ ﷺ ക്ക് സമയം കിട്ടിയതുമില്ല.


 കപടവിശ്വാസികൾക്ക് ഒരവസരം വീണുകിട്ടി. സഫ്വാൻ(റ)വിനെയും ആഇശ(റ)യെയും ചേർത്ത് അപവാദം പ്രചരിപ്പിക്കുക. ഇരുവരും ഒന്നിച്ചാണല്ലോ വന്നത്.


 ആഇശ(റ) എങ്ങനെ സഫ്വാൻ(റ)വിന്റെ ഒട്ടകപ്പുറത്ത് എത്തി..?


 കപടവിശ്വാസികൾ കഥയുണ്ടാക്കി. ആളുകൾക്കിടയിൽ പ്രചരിപ്പിച്ചു. പലരും നെറ്റി ചുളിച്ചു. ആഇശ(റ) പരിശുദ്ധയാണ്. ഒരു തെറ്റും ചെയ്യുകയില്ല. പ്രവാചകരുടെ (ﷺ) പത്നിയാണ്. സിദ്ദീഖ്(റ)വിന്റെ മകളാണ്. അവരെങ്ങനെ സഫ്വാൻ(റ)വിന്റെ കൂടെയായി..?


 ഉത്തരമില്ലാത്ത ചോദ്യം.

ആശയക്കുഴപ്പത്തിലായി പലരും. തുറന്നു ചോദിക്കാനും വയ്യ..!!


 അപവാദം പ്രചരിപ്പിക്കുന്നതിൽ ചില പെണ്ണുങ്ങളും പെട്ടുപോയി. ജഹ്ശിന്റെ മകൾ ഹംന അതിൽ പെടുന്നു.


 അസാസയുടെ മകൻ മിസ്ത്വഹ് അപവാദം പലരോടും പറഞ്ഞു. അബൂബക്കർ(റ)വിന്റെ ബന്ധുവാണ് മിസ്ത്വഹ്. സാമ്പത്തിക ശേഷിയൊന്നുമില്ല. അതുകൊണ്ട് അത്യാവശ്യത്തിനുള്ള പണം അബൂബക്കർ(റ) ആയിരുന്നു നൽകിയിരുന്നത്. മിസ്ത്വഹ് ബദറിൽ പങ്കെടുത്ത ആളാണ്. എന്നാലും അപവാദ പ്രചരണത്തിൽ പങ്കുവഹിച്ചു.


 ഹസ്സാൻ ബ്നു സാബിത്. പ്രസിദ്ധനായ കവിയാണ്. പ്രവാചകനു(ﷺ)വേണ്ടി ധാരാളം കവിതകൾ പാടിയിട്ടുണ്ട്. പക്ഷേ, അപവാദ പ്രചരണത്തിൽ കുടുങ്ങിപ്പോയി. മറ്റു പലർക്കും സംശയം തോന്നിയെങ്കിലും പറഞ്ഞു നടന്നില്ല. അവർ ക്ഷമിച്ചു. കപടവിശ്വാസികൾക്ക് ഇതിൽപരം ഒരു സന്തോഷമില്ല...


 അബ്ദുല്ലാഹിബ്നു ഉബയ്യ് പരസ്യമായിത്തന്നെ രംഗത്തിറങ്ങി. കണ്ടവരോടെല്ലാം വിളിച്ചുപറഞ്ഞു.


 പ്രവാചകൻ ﷺ വല്ലാതെ വിഷമിച്ചു. അബൂബക്കർ സിദ്ദീഖ്(റ)വിന്റെ പ്രയാസം വിവരിക്കാവതല്ല. ആഇശ(റ)യുടെ മാതാപിതാക്കൾ തീതിന്നു കഴിയുകയാണ്. മകളോട് അവർ ഈ കഥയൊന്നും പറഞ്ഞില്ല. ആഇശ(റ) ഒന്നും അറിഞ്ഞുമില്ല. രോഗം പിടിപെട്ടു കിടപ്പാണല്ലോ...