Wednesday - 22 April, 2026 4-Dhu al-Qadah-1447

പരീക്ഷണത്തിന്റെ നാളുകൾ (1)

   പ്രവാചകരുടെ (ﷺ) വീട്ടിൽ രോഗിയായി കിടക്കുന്ന ആഇശ(റ). അവരെ പരിചരിക്കാൻ വേണ്ടി ഉമ്മ വന്നിട്ടുണ്ട്. ഉമ്മയുടെ വാത്സല്യം നിറഞ്ഞ പരിചരണം മാത്രമാണ് അവർക്ക് ആശ്വാസം. പുറത്തെ കഥകളൊന്നും ബീവി അറിഞ്ഞില്ല...


 രോഗം വരുമ്പോൾ പ്രവാചകൻ ﷺ വളരെ ദയാപൂർവം പെരുമാറും. ഇത്തവണ അതു കണ്ടില്ല. ഇടയ്ക്കൊക്കെ വരും. എങ്ങനെ യുണ്ടെന്നു ചോദിക്കും, അത്രതന്നെ.


 എന്താണ് ഇങ്ങനെയൊരു മാറ്റം..?

ആഇശ(റ) അതിശയിച്ചു. ഈ അകൽച്ച അസഹ്യമായിത്തീർന്നപ്പോൾ ആഇശ(റ) നബിﷺയോടു ചോദിച്ചു.

“ഞാൻ ഉമ്മയുടെ വീട്ടിലേക്കു മാറിത്താമസിക്കട്ടെയോ..?”


“മാറിത്താമസിച്ചോളൂ... പെട്ടെന്നു സമ്മതം കൊടുത്തു.  


 ങേ... എന്തൊരു പണിയാണിത്.  തന്നോടു പോയ്ക്കൊള്ളാൻ പറഞ്ഞിരിക്കുന്നു..! ഇത്തിരി കൂടുതൽ ദയ കിട്ടാൻ വേണ്ടി ചോദിച്ചതാണ്. പോകാൻ സമ്മതം തന്നിരിക്കുന്നു.

ഉമ്മയുടെ കൂടെ വീട്ടിലേക്കു പോയി. വളരെ ദുഃഖത്തോടെ...


 മനസ്സു നിറയെ വിഷമമായിരുന്നു. അധികദൂരം ഇല്ലല്ലോ. ഇടക്കൊക്കെ ഭർത്താവു വരും. അന്വേഷിക്കും. പഴയ സ്നേഹപ്രകടനമൊന്നുമില്ല. എന്തോ ഒരകൽച്ച...


 “ഉമ്മാ... എന്തായിങ്ങനെ..? എന്നോടു പഴയ സ്നേഹം കാണിക്കുന്നില്ലല്ലോ..?”


 “സ്നേഹമൊക്കെയുണ്ട്. മോൾക്കു വെറുതെ തോന്നുന്നതാണ്.” ഉമ്മ മകളെ ആശ്വസിപ്പിക്കും.

 

 പിതാവ് ഇടയ്ക്കിടെ വരും. മകളെ ആശ്വസിപ്പിക്കും. രോഗ കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ്. മാതാപിതാക്കൾ തന്നെ വളരെ കൂടുതൽ സ്നേഹിക്കുന്നു,

ഭർത്താവു മാത്രം അകന്നുപോകുന്നു. എന്തായിങ്ങനെ..?


 പ്രവാചകന്റെ (ﷺ) മനോവിഷമം വളരെ കൂടുതലാണ്. തന്റെ ഭാര്യയോട് ഒന്നും തുറന്നു ചോദിക്കാൻ കഴിയുന്നില്ല. മനസ്സിലെ വിഷമം അസഹ്യമായപ്പോൾ തന്റെ കുടുംബത്തിലെ ചിലരോടു കാര്യങ്ങൾ ചർച്ച ചെയ്തു. അവർക്കെല്ലാം ആഇശ(റ)യെപ്പറ്റി

നല്ലതേ പറയാനുള്ളൂ.


 ഉസാമ(റ) ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ കുടുംബം അങ്ങയുടെ കുടുംബം തന്നെയാണ്. അവരെക്കുറിച്ചു നല്ലതു മാത്രമേ ഞങ്ങൾക്കറിയുകയുള്ളൂ.”


 അലി(റ) പറഞ്ഞു: “അവരുടെ വേലക്കാരിയോടു അങ്ങ് സംസാരിച്ചു നോക്കൂ...”


 നബിﷺതങ്ങൾ വേലക്കാരിയോടു സംസാരിച്ചു. അവർ പറഞ്ഞു: “സത്യവുമായി അങ്ങയെ അയച്ച അല്ലാഹുﷻവാണ് സത്യം! കണ്ണു ചിമ്മേണ്ട യാതൊരു കാര്യവും ഞാൻ അവരിൽ കണ്ടിട്ടില്ല. ഒരു കാര്യം പറയാം. അവർ വളരെ ചെറുപ്പമാണ്.

അപ്പമുണ്ടാക്കാൻ മാവു കുഴക്കുന്നതിനിടിൽ അവർ ഉറങ്ങിപ്പോകും. ആട്ടിൻകുട്ടി വന്ന് അതു തിന്നുകളയും.”


 ഒരു പതിമൂന്നുകാരിയുടെ നിഷ്കളങ്കമായ അവസ്ഥയെക്കുറിച്ചാണു വേലക്കാരി പറഞ്ഞത്. പ്രവാചകൻ ﷺ പള്ളിയിലേക്കു മടങ്ങിവന്നു. മനസ്സ് ഇളകി മറിയുന്നു...