Wednesday - 22 April, 2026 4-Dhu al-Qadah-1447

ഖയ്നുഖാഇന്റെ ധിക്കാരം (1)

   ബദർ യുദ്ധത്തിൽ മുസ്ലിംകൾക്കുണ്ടായ വിജയം ജൂതന്മാരെ നിരാശരാക്കി. മുസ്ലിംകളെ കാണുമ്പോൾ അവരുടെ

മനസ്സിൽ രോഷം തിളയ്ക്കും. പ്രവാചകന്റെ (ﷺ) പേരു കേൾക്കാൻ

വയ്യ... 


 ഖയ്നുഖാഅ്. ഒരു ജൂത ഗോത്രത്തിന്റെ പേരാണിത്. അവരുടെ മാർക്കറ്റിൽ കുറേ സ്വർണാഭരണശാലകളുണ്ട്. മദീനക്കാർ അവിടെച്ചെന്ന് ആഭരണങ്ങൾ വാങ്ങും.


 ഒരു മുസ്ലിം യുവതി ആഭരണം വാങ്ങാൻ വേണ്ടി ഒരു ജൂതന്റെ കടയിൽ ചെന്നു. മുഖാവരണം ധരിച്ചാണു വന്നത്. അവർ ഇരിപ്പിടത്തിൽ ഇരുന്നു. മുസ്ലിം സ്ത്രീയെ കണ്ടപ്പോൾ ജൂതന്മാരുടെ രോഷം പതച്ചു. ആ സ്ത്രീയെ അപമാനിക്കാൻ തന്നെ അവർ തീരുമാനിച്ചു.


 “ആ മുഖാവരണം ഒന്നുയർത്തിയാട്ടെ, ഞങ്ങൾ ആ മുഖംഒന്നു കാണട്ടെ.” ഒരാൾ പരിഹാസപൂർവം പറഞ്ഞു.


 സ്ത്രീവല്ലാതെ വിഷമിച്ചു. ഇവിടെ വന്നു കയറിയത് അബദ്ധമായി. പോകാൻ അനുവദിക്കുന്നുമില്ല. ജൂതന്മാർ ചുറ്റും കൂടി. മുഖാവരണം ഉയർത്താൻ നിർബന്ധിക്കുന്നു. അവർ അനുസരിച്ചില്ല.


 ഒരു ജൂതൻ അവരുടെ വസ്ത്രത്തിന്റെ ഒരറ്റം ചരടുകൊണ്ടു പിന്നിൽ കെട്ടിയിട്ടു. ആ പൂവാലന്മാരുടെ ശല്യത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടി അവർ ധൃതിയിൽ എഴുന്നേറ്റു. വസ്ത്രം ഉയർന്നുപോയി. പൂവാലന്മാർ ഉറക്കെ ചിരിക്കാൻ തുടങ്ങി.


 സ്ത്രീയുടെ ദൈന്യത കണ്ട് അവർ നിർത്താതെ ചിരിക്കുന്നു. സ്ത്രീ ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് ഒരു പുരുഷൻ അങ്ങോട്ടു ശ്രദ്ധിച്ചു. ഒരു കൂട്ടം ജൂതന്മാർ ചേർന്നു അബലയായ ഒരു മുസ്ലിം സ്ത്രീയെ അപമാനിക്കുന്ന കാഴ്ച കണ്ടുനിൽക്കാനായില്ല.


 ആ സ്വഹാബി കടയുടമയുടെ മേൽ ചാടിവീണു. വമ്പിച്ച മൽപിടുത്തം. ഏറ്റുമുട്ടലിൽ കടയുടമ വധിക്കപ്പെട്ടു..! ജൂതന്മാർ സ്വഹാബിയെയും വധിച്ചു... 


 ജൂതന്മാർ മുസ്ലിംകളെ പോർവിളിച്ചു. “ബദ്റിലെ വിജയം ഒരു വിജയമല്ല. യുദ്ധം ചെയ്യാനറിയാത്ത വിഡ്ഢികളോടു വിജയിച്ചതു കാര്യമാക്കേണ്ട. ജൂതന്മാരോടു

യുദ്ധം ചെയ്യാനുണ്ടോ, മുഹമ്മദിനു ചുണയുണ്ടോ..?


 ജൂതഗോത്രക്കാർ പരസ്യമായി വെല്ലുവിളിക്കുന്നു. ധിക്കരിക്കുന്നു. പരിഹസിക്കുന്നു. കപടവിശ്വാസികൾ അവരോടു ചേർന്നുനിൽക്കുന്നു. മദീനയിൽ മുസ്ലിംകളുടെ നിലനിൽപു

ചോദ്യം ചെയ്യപ്പെട്ടു... 


 ഖയ്നുഖാഅ് ഗോത്രക്കാർ യുദ്ധത്തിനു വെല്ലുവിളിച്ചു. മുസ്ലിംകൾ യുദ്ധത്തിനു നിർബന്ധിതരായി. അവർ ആയുധമെടുത്തു. 


 മുസ്ലിംകൾ ഖയ്നുഖാഇന്റെ കോട്ടകൾ വളഞ്ഞു. ഉപരോധം ഏർപെടുത്തി. വലിയ യുദ്ധതന്ത്രം പ്രയോഗിച്ചു. കോട്ടയ്ക്കകത്തേക്കോ പുറത്തേക്കോ പോകാൻ ആരെയും അനുവദിച്ചില്ല. പതിനഞ്ചു ദിവസം ഇതേ നില തുടർന്നു.


 ഹംസ(റ)വായിരുന്നു പതാക വഹിച്ചിരുന്നത്. ശവ്വാൽ മാസത്തിലായിരുന്നു നബിﷺതങ്ങൾ സൈന്യസമേതം ഖയനുഖാഇനു നേരെ പുറപ്പെട്ടത്.


 അബൂ ലുബാബതുൽ അൻസ്വാരി (റ)വിനെ മദീനയുടെ ഉത്തരവാദിത്തം ഏൽപിച്ചിട്ടാണു പുറപ്പെട്ടത്...