ബദർ യുദ്ധത്തിൽ ബന്ദികളായവരെ പിഴയടച്ചു സ്വതന്ത്രമാക്കാൻ കൽപിച്ചു.
ആദ്യമായി മോചനദ്രവ്യവുമായി വന്നതു മുത്വലിബ് എന്ന ആളായിരുന്നു. നാലായിരം വെള്ളിയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ മോചനദ്രവ്യം. പിതാവ് അബൂവിദാഅ ബന്ധിയായിരുന്നു. മുത്വലിബ് നാലായിരം വെള്ളി നൽകി പിതാവിനെ മോചിപ്പിച്ചു. എല്ലാവരും നോക്കിനിൽക്കെ പിതാവും പുത്രനും മക്കയിലേക്കു യാത്രയായി...
പിന്നീടു മക്കയിൽ നിന്നു പലരും വന്നുതുടങ്ങി. അവർ തങ്ങളുടെ ബന്ധുക്കളെ സ്വതന്ത്രരാക്കി കൊണ്ടുപോയി.
ചിലർ തീരെ ദരിദ്രരായിരുന്നു. പത്തു മുസ്ലിം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ അവരോടു നിർദേശിച്ചു. ബന്ദികൾ നേടിയ വിജ്ഞാനം ഇവിടെ ആദരിക്കപ്പെട്ടു...
പത്തു കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുക എന്ന കർമം മോചനദ്രവ്യമായി പരിഗണിക്കപ്പെട്ടു...
അബൂസുഫ്യാന്റെ പുത്രൻ അംറ് ബന്ദിയായിരുന്നു. മുസ്ലിംകൾ അംറിനോടു ദയാപൂർവം പെരുമാറി. അബൂസുഫ്യാൻ മോചനദ്രവ്യം നൽകിയില്ല...
ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ സഅ്ദ് ബ്നു നുഅ്മാൻ(റ) എന്ന അൻസ്വാരിയെ അബൂസുഫ്യാൻ മക്കയിൽ ബന്ദിയാക്കി. “എന്റെ മകനെ മോചിപ്പിച്ചാൽ നിന്നെയും മോചിപ്പിക്കാം.” അബൂസുഫ്യാൻ അറിയിച്ചു...
വിവരം മദീനയിലെത്തി.
അബൂസുഫ്യാന്റെ മകനെ വിട്ടയച്ചു. അൻസ്വാരിയെയും വിട്ടയച്ചു...
അബുൽ ആസ്വ് എന്ന ആളിനെ ഓർമയുണ്ടോ..? നബി ﷺ തങ്ങളുടെയും ഖദീജ(റ)യുടെയും ഓമന മകൾ സയ്നബിന്റെ കഥ നേരത്തെ പറഞ്ഞിട്ടുണ്ട്...
സയ്നബ്(റ)യെ വിവാഹം ചെയ്തത് അബുൽ ആസ് ആയിരുന്നു. സയ്നബ്(റ) ഇസ്ലാം മതം സ്വീകരിച്ചു. ഭർത്താവ് ഇസ്ലാമിന്റെ ശത്രുവാണ്. എങ്കിലും അവർ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്നു...
അബുൽ ആസ്വ് ബദർ യുദ്ധത്തിൽ പങ്കെടുത്തു ബന്ദിയായി. മോചനദ്രവ്യം നൽകി മോചിപ്പിക്കേണ്ടതു ഭാര്യയാണ്...
സയ്നബ്(റ) ദുഃഖിച്ചു. തന്റെ ഭർത്താവു ഗോത്രത്തിലെ പ്രമുഖ വ്യക്തിയാണ്. ഗോത്രക്കാരുടെ അഭിമാനഭാജനം. തന്നോടു വളരെ സ്നേഹമാണ്. തന്നെപ്പിരിയാൻ ഇഷ്ടമില്ല. ഇസ്ലാംമതം സ്വീകരിച്ചിട്ടും തന്നെ വെറുത്തില്ല. അദ്ദേഹത്തെ മോചിപ്പിക്കണം. കൊടുത്തയയ്ക്കാൻ എന്താണുള്ളത്..?
ഒരു മാലയുണ്ട്, സ്വർണമാല. സ്വർണമാല കയ്യിലെടുത്തു. സൂര്യപ്രകാശത്തിൽ അതു വെട്ടിത്തിളങ്ങി. സയ്നബ് (റ)യുടെ കണ്ണുകൾ നനഞ്ഞു. ഏറെ പ്രിയപ്പെട്ട മാലയാണിത്. വിവാഹസമ്മാനമായി ലഭിച്ചതാണ്. പ്രിയപ്പെട്ട മാതാവ് ഖദീജ(റ) സമ്മാനിച്ചത്. ഉമ്മയുടെ ഓർമയ്ക്കുവേണ്ടി സൂക്ഷിച്ചുവച്ചത്.
റബ്ബേ... ഇതല്ലാതെ മറ്റൊന്നും നൽകാനില്ലല്ലോ..? വേദനയോടെ ആ മാല കൊടുത്തയച്ചു...
മോചനദ്രവ്യത്തിന്റെ പൊതി പ്രവാചകരുടെ (ﷺ) കയ്യിലെത്തി. ഞെട്ടിപ്പോയി..!! ആ മുഖത്തു ദുഃഖം. തന്റെ പ്രിയപ്പെട്ട പത്നി പൊന്നോമന മകൾക്കു വിവാഹസമ്മാനമായി നൽകിയ മാല..!
സ്വഹാബികൾ ആ ദുഃഖം മനസ്സിലാക്കി. മാല തിരിച്ചുകൊടുക്കാം. മോചനദ്രവ്യമായി മറ്റെന്തെങ്കിലും വേണം. സ്വഹാബികൾ നിർദേശിച്ചു...
“സയ്നബിനെ മദീനയിലേക്കയയ്ക്കണം, മോചനദ്രവ്യമായി.” നബി ﷺ അബുൽ ആസ്വിനോടു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. അബുൽ ആസ്വിനെ മോചിപ്പിച്ചു...
സയ്നബിനെ പിരിയാൻ വിഷമമായിരുന്നു. വാക്കു പാലിക്കണമല്ലോ. ഭാര്യാഭർത്താക്കന്മാർ അക്കാര്യം സംസാരിച്ചു. വിശ്വാസമാണു വലുത്. അതിന്റെ സംരക്ഷണത്തിന് എന്തു ത്യാഗത്തിനും തയ്യാറാകണം.
വിശ്വാസത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഭർത്താവിനെ ഉപേക്ഷിക്കാൻ സയ്നബ്(റ) സന്നദ്ധയായി...
ഖുറയ്ശികൾ നോട്ടമിട്ടു നടക്കുകയാണ്. സയ്നബ് രക്ഷപ്പെടരുത്. സയ്നബിന്റെ ചലനങ്ങൾ വീക്ഷിക്കപ്പെടുന്നു.
പ്രവാചകൻ ﷺ മകളുടെ വരവും കാത്തിരുന്നു. ആകാംക്ഷയോടെ...
ഒടുവിൽ സയബ്(റ) വന്നുചേർന്നു. ഖുറയ്ശികൾ ഏൽപിച്ച പരുക്കുകളുമായി...