മുസ്ലിംകൾ ഖയ്നുഖാഇന്റെ കോട്ടകൾ വളഞ്ഞു. ഉപരോധം ഏർപെടുത്തി. വലിയ യുദ്ധതന്ത്രം പ്രയോഗിച്ചു. കോട്ടയ്ക്കകത്തേക്കോ പുറത്തേക്കോ പോകാൻ ആരെയും
അനുവദിച്ചില്ല. പതിനഞ്ചു ദിവസം ഇതേ നില തുടർന്നു...
ഹംസ(റ)വായിരുന്നു പതാക വഹിച്ചിരുന്നത്. ശവ്വാൽ മാസത്തിലായിരുന്നു നബിﷺതങ്ങൾ സൈന്യസമേതം ഖയനുഖാഇനു നേരെ പുറപ്പെട്ടത്.
അബൂ ലുബാബതുൽ അൻസ്വാരി(റ)വിനെ മദീനയുടെ ഉത്തരവാദിത്തം ഏൽപിച്ചിട്ടാണു പുറപ്പെട്ടത്.
പതിനഞ്ചു ദിവസം ഉപരോധം നീണ്ടുനിന്നപ്പോൾ ജൂതന്മാർ തളർന്നു. അവർ കീഴടങ്ങി. അവർ ഇങ്ങനെ അപേക്ഷിച്ചു:
“ഞങ്ങളെ വധിക്കരുത്. ഞങ്ങൾ മദീനവിട്ടു പൊയ്ക്കൊള്ളാം. ഞങ്ങളുടെ സകല സ്വത്തും ആയുധങ്ങളും അടിയറവയ്ക്കാം. സ്ത്രീകളെയും കുട്ടികളെയും ഞങ്ങൾക്കു വിട്ടുതരണം.”
ദയാലുവായ പ്രവാചകൻ ﷺ അവരുടെ അപേക്ഷ സ്വീകരിച്ചു. അവരുടെ ആയുധങ്ങളും സ്വത്തുക്കളും സ്വീകരിച്ചു. ജൂതന്മാരെ മദീന വിട്ടു പോകാൻ അനുവദിച്ചു.
ഉബാദത് ബ്നു സാമിത്(റ). ആ സ്വഹാബീവര്യനായിരുന്നു ജൂതന്മാരെ നാടുകടത്താനുള്ള ചുമതല. സിറിയയുടെ അതിർത്തിയിൽപെട്ട അദ് രിആത് എന്ന പ്രദേശത്തേക്ക് അവർ താമസം മാറ്റി.
ബദർ യുദ്ധത്തിൽ മുസ്ലിംകൾക്കുണ്ടായ വിജയം അബൂസുഫ്യാനെ തളർത്തിയിരുന്നു. മിക്കനേതാക്കളും കൊല്ലപ്പെട്ടിരിക്കുന്നു. ഇനിയുള്ള വലിയ നേതാവ് അബൂസുഫ്യാൻ തന്നെ...
തന്റെ പുത്രനും പല ബന്ധുക്കളും ബദറിൽ വധിക്കപ്പെട്ടു. തന്റെ പത്നി ഹിന്ദിന്റെ പിതാവും സഹോദരനും വധിക്കപ്പെട്ടു. “ഇതിനു പ്രതികാരം ചെയ്യാതെ ഞാൻ തലയിൽ വെള്ളം
ഒഴിക്കില്ല.” അബൂസുഫ്യാന്റെ പ്രതിജ്ഞ വളരെ പ്രസിദ്ധമായി...
എങ്ങനെ പ്രതികാരം ചെയ്യുന്നു എന്നറിയാൻ എല്ലാവരും കാത്തിരുന്നു. ബദറിലെ പരാജയം അവരെ ദുഃഖിപ്പിച്ചിരുന്നു. ഓരോ വീട്ടിലും കൂട്ടക്കരച്ചിൽ. ഒരു മാസത്തോളം അവർ കരഞ്ഞു...
അബൂസുഫ്യാനു നല്ല പേടിയുണ്ട്. മുസ്ലിംകളെ നേർക്കു നേരെ ആക്രമിക്കാൻ ധൈര്യമില്ല. രഹസ്യമായി ഒരാക്രമണം നടത്താം. അതും മദീനയുടെ അതിർത്തിയിൽ എവിടെയെങ്കിലും...
ഇരുനൂറു പേരെ സംഘടിപ്പിച്ചു. വളരെ രഹസ്യമായി സഞ്ചരിച്ചു. മദീനയിൽ നിന്നു മൂന്നു മൈൽ അകലെയുള്ള ഒരു സ്ഥലമാണ് ഉറയ്ള്. അബൂസുഫ്യാനും കൂട്ടരും അവിടെയെത്തി...
അവിടെ മഅ്ബദ് ബ്നു അംറ്(റ) എന്ന അൻസാരി കുടുംബം താമസിച്ചിരുന്നു. നല്ലൊരു ഈത്തപ്പനത്തോട്ടം അദ്ദേഹം അവിടെ വളർത്തിയിരുന്നു.
അബൂസുഫ്യാനും ഇരുനൂറു പേരും ചേർന്ന് അൻസ്വാരിയെ വധിച്ചു. അൻസ്വാരിയുടെ കൂടെയുണ്ടായിരുന്ന വ്യക്തിയെയും വധിച്ചു. ഈത്തപ്പനത്തോട്ടം കത്തിച്ചുകളഞ്ഞു.
അബൂസുഫ്യാനും സംഘവും പിന്തിരിഞ്ഞാടി. അതിവേഗം പലായനം ചെയ്യുകയാണവർ. മുസ്ലിംകൾ എത്തുംമുമ്പേ വളരെദൂരം പിന്നിടണം...
ആഹാരത്തിനുവേണ്ടി അവർ സവീഖ് (ഒരുതരം പലഹാരം) കൊണ്ടുവന്നിരുന്നു. ഓട്ടത്തിനു വേഗം കിട്ടാൻ വേണ്ടി സവീഖിന്റെ വലിയ കെട്ടുകൾ വലിച്ചെറിഞ്ഞുകൊണ്ടാണ് അവർ ഓടിയത്.
ഈ ആക്രമണവാർത്ത മദീനയിൽ അറിഞ്ഞു. നബിﷺതങ്ങളും ഇരുനൂറു സ്വഹാബികളും പുറപ്പെട്ടു.
അവർ സ്ഥലത്തെത്തുമ്പോഴേക്കും അബൂസുഫ്യാനും പാർട്ടിയും സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. അവർ വലിച്ചെറിഞ്ഞ കെട്ടുകൾ ശേഖരിച്ചു. കത്തിച്ചുകളഞ്ഞ ഈത്തപ്പഴത്തോട്ടം
മുസ്ലിംകളെ ദുഃഖിപ്പിച്ചു. കൊല്ലപ്പെട്ട സ്വഹാബിവര്യന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
അഞ്ചു ദിവസങ്ങൾക്കു ശേഷം നബി ﷺ തങ്ങൾ മദീനയിൽ മടങ്ങിയെത്തി...