Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രവാചകൻ ﷺ പ്രസംഗപീഠത്തിൽ

   മദീനയിലെ പള്ളി. അല്ലാഹുﷻവിന്റെ പുണ്യഭവനം. പുണ്യപ്രവാചകനും അനുയായികളും സ്വന്തം കരങ്ങൾ

കൊണ്ടു പണിതുയർത്തിയ പള്ളി.


 നബി ﷺ നിലത്തുനിന്നുകൊണ്ടാണ് ആദ്യഘട്ടത്തിൽ പ്രസംഗിച്ചിരുന്നത്. കുറേ നാളുകൾക്കു ശേഷം മൂന്നു പടവുകളുള്ള ഒരു പ്രസംഗപീഠം സ്ഥാപിക്കപ്പെട്ടു. ആ പീഠത്തിൽ കയറിനിന്നുകൊണ്ടു പ്രവാചകൻ ﷺ അനുയായികളോടു പ്രസംഗിച്ചു.


 മനുഷ്യവംശത്തിനു മുഴുവൻ പ്രകാശം നൽകുന്ന പ്രസംഗങ്ങൾ. അന്ത്യനാൾ വരെ ജീവിക്കുന്നവർ അനുസരിക്കേണ്ട നിർദേശങ്ങൾ. ഇഹലോകത്തെയും പരലോകത്തയും വിജയത്തിനടിസ്ഥാനമായ കാര്യങ്ങളുടെ മനോഹരമായ വിശദീകരണം.


 പ്രസംഗ പീഠത്തിൽനിന്നുള്ള ഒന്നാമത്തെ പ്രസംഗം. പള്ളി നിറയെ ഭക്തജനങ്ങൾ, പീഠത്തിൽ കയറിനിന്നാൽ നബിﷺയുടെ മുഖം എല്ലാവർക്കും സൗകര്യമായി കാണാം. പുണ്യപ്രവാചകൻ ﷺ മിമ്പറിൽ കയറി.


 എല്ലാവരെയും നോക്കി. ചുണ്ടുകളിൽ മന്ദഹാസം. തെളിഞ്ഞ മുഖം. ആ ദർശനം തന്നെ മനസ്സിനെ ആവേശം കൊള്ളിച്ചു. സലാം ചൊല്ലി.

എല്ലാവരും ഭക്തിയോടെ സലാം മടക്കി.


 പ്രസംഗം തുടങ്ങി. മഹുഷ്യമനസ്സിന്റെ ആഴത്തിലേക്കു താഴ്ന്നിറങ്ങുന്ന വാക്കുകൾ... 

 

 “അൽഹംദുലില്ലാഹ് സർവസ്തുതിയും അല്ലാഹുﷻവിനാകുന്നു. ഞാൻ അവനെ സ്തുതിക്കുന്നു. അവനോടു മാപ്പിനപേക്ഷിക്കുന്നു. അല്ലാഹുവേ, എനിക്കു നേർവഴി കാണിച്ചു തരേണമേ... 


 ഞാൻ അല്ലാഹുﷻവിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവനെ നിഷേധിക്കുന്നവരെ ഞാൻ വെറുക്കുന്നു. അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ല. അവൻ ഏകനാകുന്നു. അവനു പങ്കാളികളായി ഒരാളുമില്ലെന്നും മുഹമ്മദ് (ﷺ) അവന്റെ ദാസനും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു...


 ഒരു നീണ്ട കാലയളവു പ്രവാചകന്മാരില്ലാതെ കടന്നുപോയി, മനുഷ്യകുലം ധാർമികമായി അധഃപതിച്ചു. അപ്പോൾ സന്മാർഗത്തിന്റെ സന്ദേശവുമായി അല്ലാഹു ﷻ മുഹമ്മദിനെ (ﷺ) അയച്ചു. അല്ലാഹുﷻവിനെയും അവന്റെ ദൂതനെയും അനുസരിച്ചു ജീവിക്കുന്നവർ സന്മാർഗത്തിലാണ്...


 അല്ലാഹുﷻവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവർ നിശ്ചയമായും വഴിപിഴച്ചവരാണ്. അവർ സന്മാർഗത്തിൽ നിന്നും അകലത്തിലാണ്. അല്ലാഹുﷻവിനു കീഴ്പ്പെട്ടു ജീവിക്കണമെന്നു ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങൾ പരസ്പരം ഇക്കാര്യം ഉപദേശിക്കുകയും വേണം.


 ഒരു സഹോദരനു മറ്റൊരു സഹോദരനുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരം എന്താണ്..? അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കാനുപദേശിക്കുക. പരലോക സ്മരണ ഉണ്ടാക്കുന്ന ഉപദേശം നൽകുക. അല്ലാഹു ﷻ വിലക്കിയ ഒരു കാര്യവും ചെയ്തുപോകരുത് എന്നുപദേശിക്കുക. നന്മ ചെയ്യാൻ പ്രേരിപ്പിക്കുക. തിന്മ വിലക്കുക. ഇതിനേക്കാൾ മെച്ചപ്പെട്ട  ഒരുപദേശമില്ല. ഇതിനേക്കാൾ മെച്ചമായ ഒരു കാര്യം അനുസരിക്കാനില്ല. 


 അല്ലാഹുﷻവിന്റെ തൃപ്തി മാത്രം കാംക്ഷിക്കുക. സൽക്കർമ്മങ്ങൾ ചെയ്യുമ്പോൾ മറ്റൊന്നും ലക്ഷ്യമാക്കരുത്. അല്ലാഹുﷻവിന്റെ പ്രീതി ആഗ്രഹിച്ചു സൽകർമ്മങ്ങൾ ചെയ്തവർക്ക്, പരലോകത്ത് അതിന്റെ പ്രതിഫലം പൂർണമായി ലഭിക്കും.


 സൽക്കർമ്മങ്ങൾ പ്രവർത്തിക്കുമ്പോൾ അല്ലാഹുﷻവിന്റെ പ്രീതി അല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകരുത്. അങ്ങനെ വന്നു പോയാൽ പ്രതിഫലം നഷ്ടപ്പെട്ടുപോകും. ഇതു ഗൗരവത്തോടെ മനസ്സിലാക്കണം.


 തന്റെ അടിമകളോട് അതിരറ്റ കാരുണ്യം പ്രകടിപ്പിക്കുന്നവനാണ് അല്ലാഹുﷻ. തന്റെ അടിമകളുടെ സൽക്കർമ്മങ്ങൾക്ക് അവൻ മതിയായ പ്രതിഫലം നൽകും. മനുഷ്യമനസ്സിന്റെ ഉദ്ദേശ്യശുദ്ധി അവൻ നന്നായറിയുന്നു. അല്ലാഹു ﷻ തന്റെ വാഗ്ദാനം നിറവേറ്റുകതന്നെ ചെയ്യും. അവന്റെ വാക്കുകൾക്കു മാറ്റമില്ല.”


 കോരിത്തരിപ്പിക്കുന്ന പ്രസംഗത്തിന് ഒരു പാർത്ഥനയോടെ അന്ത്യം. ശ്രോതാക്കളെ വല്ലാതെ ആകർഷിച്ച വാക്കുകൾ. അവർ ആവേശഭരിതരായി. സൽക്കർമ്മങ്ങൾ വർധിപ്പിക്കുമെന്ന് അവർ പ്രതിജ്ഞയെടുക്കുന്നു.

 

 അല്ലാഹുﷻവിന്റെ തൃപ്തിക്കുവേണ്ടി സൽക്കർമ്മങ്ങൾ വർധിപ്പിക്കുക. പരലോക വിജയം കൈവരിക്കുക. അതിനായി പ്രയത്നിക്കുക. അതിനുള്ള ശക്തമായ പ്രേരണ പ്രവാചകന്റെ (ﷺ) പ്രസംഗത്തിൽനിന്നു ലഭിച്ചിരിക്കുന്നു. അല്ലാഹുﷻവിനു സ്തുതി. അൽഹംദുലില്ലാഹ്..