Wednesday - 22 April, 2026 4-Dhu al-Qadah-1447

നോമ്പും പെരുന്നാളും (1)

   മസ്ജിദുന്നബവി സ്ഥാപിച്ചപ്പോൾ മസ്ജിദുൽ അഖ്സാ ഖിബ്ലയാക്കിയാണു നിർമിച്ചത്. ജൂതന്മാർക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.


പല കാര്യങ്ങളിലും അവർക്കെതിർപ്പുണ്ടായിരുന്നു. ഇസ്ലാമിന്റെ വളർച്ച അവർ ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും ഖിബ്ലയുടെ കാര്യത്തിൽ സന്തോഷമായി.


മക്കയിലെ കഅ്ബാശരീഫ് ഖിബ്ലയായി കിട്ടിയാൽ കൊള്ളാമെന്നു നബിﷺയുടെ ആഗ്രഹം.


 മദീനയിൽ പതിനാറു മാസത്തോളം മസ്ജിദുൽ അഖ്സയിലേക്കു തിരിഞ്ഞുനിന്നാണു നിസ്കരിച്ചത്. ഹിജ്റയുടെ രണ്ടാം വർഷം ഖിബ്ല മാറ്റിക്കൊണ്ടു വഹ് യ് ഇറങ്ങി...


 മക്കയിലെ കഅ്ബയ്ക്കു നേരെ തിരിഞ്ഞുനിന്നു നിസ്കരിക്കുക. ഈ കല്പന ജൂതന്മാരെ വല്ലാതെ ചൊടിപ്പിച്ചു. അവരുടെ ശത്രുത വർധിച്ചു.


 റമളാനിലെ നോമ്പ് നിർബന്ധമാക്കിയതും ഇതേ വർഷത്തിലാണ്. നബിﷺതങ്ങൾ എല്ലാ മാസത്തിലും മൂന്നു നോമ്പു നോൽക്കുമായിരുന്നു. ഇപ്പോൾ ഒരു മാസത്തെ നോമ്പ് നിർബന്ധമായി.


 പണക്കാരനും ദരിദ്രനുമൊക്കെ നോമ്പെടുക്കണം. നോമ്പിനെ നിഷ്ഫലമാക്കുന്ന കാര്യങ്ങൾ സൂക്ഷിക്കണം. വിശപ്പിന്റെ കാഠിന്യമറിയാൻ നോമ്പ് മനുഷ്യനെ സഹായിക്കുന്നു. അന്നപാനീയങ്ങളും ദുഷ്പ്രവൃത്തികളുമില്ലാതെ നോമ്പെടുക്കാൻ മുസ്ലിംകൾ സന്നദ്ധരായി.


 ഫിത്വർ സകാത് നിർബന്ധമാക്കിയതും ഈ വർഷം തന്നെയാണ്. നോമ്പിന്റെ പര്യവസാനം കുറിച്ചുകൊണ്ടു പെരുന്നാൾ വരുന്നു. അന്ന് ആരും പട്ടിണി കിടക്കാൻ പാടില്ല. അതിനു

വേണ്ടി ആഹാരം ദാനം ചെയ്യണം.


 ഓരോ വ്യക്തിക്കുവേണ്ടിയും ഓരോ സ്വാഅ് ധാന്യം ഫിത്വർ സകാതായി നിശ്ചയിക്കപ്പെട്ടു. ഓരോ പ്രദേശത്തും മുഖ്യഭക്ഷണമായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണു സകാതായി കൊടുക്കേണ്ടത്. ഇതേ വർഷംതന്നെ ധനത്തിന്റെ സകാതു നിർബന്ധമായി.


 അറബികൾക്കിടയിൽ വളരെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ് സകാത്. മൃഗങ്ങൾക്കു സകാതുണ്ട്. കാർഷിക വിളകൾക്കും. കച്ചവടച്ചരക്കുകൾക്കും സ്വർണത്തിനും വെള്ളിക്കുമുണ്ട് സകാത്. 


 സമ്പന്നന്റെ സ്വത്തിൽ പാവങ്ങൾക്കുള്ള അവകാശമാണ് സകാതെന്നു നബി ﷺ പ്രഖ്യാപിച്ചു. സകാതിന്റെ അവകാശികളെ ഖുർആൻ എണ്ണിപ്പറഞ്ഞിട്ടുണ്ട്. 


 സകാതും ഫിത്വർ സകാതും റമളാനിലെ നോമ്പും നിർബന്ധമാക്കപ്പെട്ട അതേവർഷം തന്നെ രണ്ടു പെരുന്നാളുകളും ആഘോഷ ദിവസങ്ങളായി നിശ്ചയിക്കപ്പെട്ടു. ഈദുൽ ഫിത്വർ, ഈദുൽ അള്ഹാ.


 റമളാൻ മാസത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുൽ ഫിത്വർ കടന്നുവരുന്നു. എല്ലാവരും അന്നു പുതുവസ്ത്രങ്ങൾ ധരിച്ചു സുഗന്ധദ്രവ്യങ്ങൾ പൂശി വയറുനിറയെ ആഹാരം കഴിച്ച്

പെരുന്നാളാഘോഷിക്കുന്നു.


 പെരുന്നാൾ നിസ്കാരവും ഖുതുബയും സുന്നത്താക്കി. ദാനധർമങ്ങളും ആരാധനാകർമങ്ങളും കൂടുതൽ ചെയ്യേണ്ട ദിനങ്ങൾ. ആരാധനകൊണ്ട് ആഘോഷം...