Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രകാശം പരന്ന പാതയിലേക്ക് (1)

   അബുൽ ആസ് ആകെ ചിന്താകുഴപ്പത്തിലാണ്. ഖുറയ്ശികളുടെ സ്വത്തു മുഴുവൻ മുസ്ലിംകൾ പിടിച്ചെടുത്തു. കയ്യിലൊന്നുമില്ല. ഈ നിലയിൽ മക്കയിലേക്കു മടങ്ങുകയോ..? ഛെ..! നാണക്കേട്. പിന്നെ തനിക്കെന്തു സ്ഥാനം. ഓർക്കാൻ വയ്യ...


 സ്വത്തു തിരിച്ചുവാങ്ങണം. അതു ഖുറയ്ശികൾക്ക് എത്തിച്ചു കൊടുക്കണം. എങ്കിലേ സമാധാനമുള്ളൂ...


 മദീനയിൽ പോകണം. പ്രവാചകനെ (ﷺ) കാണണം. സ്വത്ത് തിരിച്ചുതരാൻ പറയണം. എളുപ്പമുള്ള കാര്യമല്ല. മുസ്ലിംകൾ തന്നെ വെറുതെവിടില്ല. ഇനിയെന്തു ചെയ്യും..?


 പ്രിയപ്പെട്ട സയ്നബ്. എങ്ങനെയെങ്കിലും സയ്നബിന്റെ സമീപത്തെത്തുക. അഭയം ചോദിക്കുക. തനിക്കഭയം നൽകും. നല്ല പ്രതീക്ഷയുണ്ട്. സയ്നബ് തനിക്കുവേണ്ടി പ്രവാചകനോടു (ﷺ) സംസാരിക്കും. അതുതന്നെ നല്ല മാർഗം...


 ഇരുട്ടിന്റെ മറവിൽ യാത്ര.

പാതിരാത്തണുപ്പിലും യാത്ര. ശരീരം വിയർത്തു. നല്ല ക്ഷീണം. സാഹസമാണിത്.


 പ്രഭാതം അടുത്തെത്തി. മദീനാപള്ളിയിൽ നിന്നു ബാങ്കിന്റെ

ശബ്ദം ഉയർന്നു. സത്യവിശ്വാസികൾ അങ്ങോട്ടൊഴുകി. ആരുടെയും ശ്രദ്ധയിൽ പെടാതെ സഞ്ചരിച്ചു.

അരണ്ട വെളിച്ചം, നടന്നു.


 “സയ്ബിന്റെ വാതിൽ കാണിച്ചുതരൂ..!”

വഴിയിൽ കണ്ടവരോടു പറഞ്ഞു. വാതിൽക്കൽ എത്തി. വാതിലിൽ മുട്ടി. വാതിൽ തുറക്കപ്പെട്ടു.

പരസ്പരം കണ്ടു ഞെട്ടിപ്പോയി..!!


 “നിങ്ങളെന്തിനിവിടെ വന്നു..?” - സയ്ബിന്റെ പരിഭ്രമം നിറഞ്ഞ ചോദ്യം.


 “സംഭവങ്ങൾ നീ അറിഞ്ഞിരിക്കുമല്ലോ..? ഖുറയ്ശികളുടെ ചരക്കുമായി ഞാൻ സിറിയയിൽ നിന്നു വരികയായിരുന്നു. മുസ്ലിംകൾ അത് അധീനപ്പെടുത്തി. അതു തിരിച്ചുകിട്ടാതെ എനിക്കു മക്കത്തേക്കു പോകാൻ കഴിയില്ല. അന്യരുടെ സ്വത്താണ്.” അബുൽ ആസ് വിശദീകരിച്ചു...


“ഇതൊക്കെ എന്നോടെന്തിനു പറയുന്നു..?” - സയ്നബ്.


 “നീ പിതാവിനോടു പറയണം. എനിക്കു മടക്കിത്തരാൻ. എന്റെ അഭിമാനം പോകുന്ന പ്രശ്നമാണ്...”


 അബുൽ ആസിന്റെ ദയനീയാവസ്ഥ സയ്നബിനെ തളർത്തി...


“സയ്നബ് നിനക്കു സുഖമാണോ..?”


“എന്തു സുഖം..?”


“എന്നെ നിന്റെ അഭയാർത്ഥിയായി കരുതണം. അതു വിളിച്ചു പറയണം. അല്ലെങ്കിൽ മുസ്ലിംകളെന്നെ ആക്രമിക്കും.”


 സയ്നബിന്റെ മനസ്സലിഞ്ഞു.

തന്റെ ഭർത്താവ്..! തന്റെ മക്കളുടെ പിതാവ്. അദ്ദേഹം തന്നോട് അഭയം ചോദിക്കുന്നു. ഈ അവസ്ഥ

വന്നാൽ ഏതൊരു സ്ത്രീയാണു തിരസ്കരിക്കുക..!


 വികാരാവേശത്തോടെ സയ്നബ്(റ) വിളിച്ചു പറഞ്ഞു: “അബുൽ ആസിന് ഞാൻ അഭയം നൽകിയിരിക്കുന്നു."


 മദീനാപള്ളിയിൽ സുബ്ഹി നിസ്കാരത്തിനു തടിച്ചുകൂടിയ

സത്യവിശ്വാസികൾ ആ ശബ്ദം കേട്ടു. അബുൽ ആസിന് ആശ്വാസമായി. ഇനി പേടിക്കാനില്ല...


 ഒരു മുസ്ലിം അഭയം നൽകിയാൽ അഭയം തന്നെ...