സുബ്ഹി നിസ്കാരത്തിനുശേഷം ആളുകൾ പരസ്പരം ചോദിക്കാൻ തുടങ്ങി: “എന്താ ഒരു ശബ്ദം കേട്ടത്..?”
“ഒരു സ്ത്രീ ശബ്ദമാണു കേട്ടത്.”
“ആർക്കോ അഭയം നൽകിയ കാര്യം.
സയ്നബ്(റ) സുബ്ഹി നിസ്കാരത്തിനുശേഷം ഖൽബു തുറന്നു പ്രാർത്ഥിച്ചു. അതിനു ശേഷം പിതാവിനെ കാണാൻ പോയി.
“ഉപ്പയോട് ഒരു കാര്യം പറയാൻ വന്നതാണ്.”
“എന്താണ് എന്റെ മോൾക്കു പറയാനുള്ളത്..?”
“ഞാൻ അബുൽ ആസിന് അഭയം നൽകി.”
“മോളേ; അവൻ നിന്റെ ഭർത്താവ് എന്ന പദവിയിലല്ല ഇപ്പോൾ.”
“ഉപ്പാ. അതെനിക്കറിയാം. അദ്ദേഹം വന്നത് സ്വത്തു തിരിച്ചുകിട്ടാനാണ്. അന്യരുടെ മുതലാണ്. അതു തിരിച്ചുകൊടുക്കണം. പാവം വലിയ വിഷമത്തിലാണ്. ഉപ്പാ... അതു തിരിച്ചുകൊടുത്തുകൂടെ..?”
പുത്രിയുടെ വാക്കുകൾ പിതാവിന്റെ മനസ്സിനെ സ്പർശിച്ചു. പുഞ്ചിരിയോടെ മറുപടി നൽകി.
“എന്റെ മോൾ വിഷമിക്കരുത്. സ്വത്തു തിരിച്ചുകൊടുക്കാം.”
സയ്നബ്(റ)വിന്റെ മുഖം തെളിഞ്ഞു. സന്തോഷത്തോടെ തിരിച്ചുപോയി.
നബി ﷺ സയ്ദ് ബ്നു ഹാരിസിനെ വിളിച്ചു. “സയ്ദ്, അബുൽ ആസിന്റെ സ്വത്തു തിരിച്ചുകൊടുക്കണം. അവനോടു സ്നേഹത്തോടെ പെരുമാറണം. ഒരു ബുദ്ധിമുട്ടും
ഉണ്ടാകരുത്.”
സയ്ദ്(റ) അബുൽ ആസിനെ കണ്ടു. സ്വത്തു തിരിച്ചുകൊടുത്തു. മടങ്ങിപ്പോകാൻ സൗകര്യം
ചെയ്തുകൊടുത്തു. അബുൽ ആസ് മക്കത്തേക്കു തിരിച്ചു.
മനസ്സ് ഇളകി മറിയുന്നു - എത്ര നല്ല പെരുമാറ്റം..! ഇവരാണു സത്യവിശ്വാസികൾ. അല്ലാഹുﷻവിന്റെ ദാസന്മാർ, സംശയമില്ല...
മക്കയിലെത്തി. സ്വത്ത് ഖുറയ്ശികളെ ഏൽപിച്ചു. സമാധാനമായി വീട്ടിലേക്കു മടങ്ങി.
മനസ്സിൽ സയ്നബിന്റെ മുഖം.
പ്രതിസന്ധിഘട്ടത്തിൽ തനിക്കഭയം നൽകി. സ്വത്ത് തിരിച്ചു വാങ്ങിത്തന്നു. എത്ര നല്ല കൂട്ടുകാരി..! -
ചുണ്ടിൽ ശോകഗാനം. സഹിക്കാനാവുന്നില്ല. അങ്ങു പറന്നെത്താൻ മോഹം...
ഒരു ദിവസം അബുൽ ആസ് ഖുറയ്ശികളുടെ മധ്യത്തിലിരിക്കുന്നു...
“നിങ്ങളിൽ ആരുടെയെങ്കിലും സ്വത്ത് എന്റെ കൈവശം ബാക്കിയുണ്ടോ..?” - അബുൽ അസ് ചോദിച്ചു.
“ഒന്നുമില്ല, താങ്കൾ എല്ലാം തിരിച്ചു തന്നു. താങ്കൾ മാന്യനാണ്. വിശ്വസ്തനുമാണ്.” - ഖുറയ്ശികൾ പറഞ്ഞു.
“ഞാൻ മദീനയിൽ ചെന്നു. പ്രവാചകനെ (ﷺ) കണ്ടു. എനിക്ക് ഇസ്ലാംമതം സ്വീകരിക്കാൻ തോന്നി. പക്ഷേ, സ്വീകരിച്ചില്ല. എന്താ കാരണം..? നിങ്ങളുടെ സ്വത്ത് കൈക്കലാക്കാൻ വേണ്ടി ഞാൻ ഇസ്ലാം മതം സ്വീകരിച്ചുവെന്നു നിങ്ങൾ കരുതും. അതു വേണ്ട. അക്കാരണത്താൽ ഇസ്ലാം മതം സ്വീകരിച്ചില്ല. സ്വത്തുമായി ഞാൻ മക്കയിൽ വന്നു. ഉടമസ്ഥർക്കു മടക്കിക്കൊടുത്തു. എല്ലാ അവകാശങ്ങളും മടക്കിത്തന്നുവെന്നു നിങ്ങൾ സാക്ഷ്യം വഹിച്ചു. ഇല്ലേ, നിങ്ങൾ സാക്ഷ്യം വഹിച്ചില്ലേ..?”
“അതേ, തീർച്ചയായും ഞങ്ങൾ സാക്ഷ്യം വഹിച്ചു.” - ഖുറയ്ശികൾ.
അബുൽ ആസ് ശബ്ദമുയർത്തിപ്പറഞ്ഞു:
“ഞാൻ സ്വതന്ത്രനാണ്. ആരോടും കടപ്പെട്ടിട്ടില്ല. എന്നാൽ കേട്ടോളൂ.. അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”
ആവേശം കൊണ്ടു വിറച്ചുപോയി. ഖുറയ്ശികൾ ചലനമറ്റിരുന്നു. അതിനിടയിൽ അബുൽ ആസ് സ്ഥലം വിട്ടു. ഇനി ഒട്ടും വൈകിക്കൂടാ. മദീനയിലേക്കു കുതിക്കുക. പുണ്യഭൂമിയിലേക്ക്.
പ്രവാചക സന്നിധിയിലേക്ക്. അബുൽ ആസ് വാഹനം കയറി.
മരുപ്പാതയിലൂടെ നീങ്ങി...