Wednesday - 22 April, 2026 4-Dhu al-Qadah-1447

ത്വാഇഫിൽ നിന്നു പോർവിളി (2)



   മാലിക് ബ്നു ഔഫ്. അതായിരുന്നു അവർ തിരഞ്ഞെടുത്ത നേതാവിന്റെ പേര്. നള്ർ വംശക്കാരനാണ്. നള്ർ, ജൂശം, ബനൂ സഅ്ദ് എന്നീ ഗോത്രക്കാരും യുദ്ധത്തിൽ പങ്കെടുക്കും.


 ജൂശം ഗോത്രത്തിലെ വലിയ കാരണവരായിരുന്നു ദുറയ്ദ് ബ്‌നു സ്വിമ്മ. പ്രായം ചെന്ന വൃദ്ധൻ. എന്നാൽ മികച്ച യുദ്ധ തന്ത്രജ്ഞൻ.


 “യുദ്ധരംഗത്തേക്കു യോദ്ധാക്കൾ മാത്രം പോയാൽ പോര. തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും കൊണ്ടുപോകണം.” നേതാവായ മാലിക് ബ്നു ഔഫ് പ്രഖ്യാപിച്ചു. 


 ദുറയ്ദ് ആ നിർദേശത്തെ എതിർത്തു. “യുദ്ധത്തിൽ തോറ്റുപോയാൽ നമ്മുടെ സ്ത്രീകളും കുട്ടികളും മുസ്ലിംകളുടെ കയ്യിൽ അടിമകളായിത്തീരും. യുദ്ധംചെയ്തു വിജയം വരിക്കാൻ പുരുഷന്മാർ മതി.” - ദുറയ്ദ് പ്രഖ്യാപിച്ചു.


 ആ പ്രഖ്യാപനം അധികമാരും സ്വീകരിച്ചില്ല. മാലിക് ബ്നു ഔഫിന്റെ നിർദേശമാണു സ്വീകരിക്കപ്പെട്ടത്. യുദ്ധത്തിനുള്ള വൻ സന്നാഹങ്ങൾ തുടങ്ങി.


 നിരവധി ഗോത്രങ്ങൾ മുന്നണിയിൽ വന്നുകൊണ്ടിരുന്നു. വിപുലമായ സൈന്യം. സ്ത്രീകളും കുട്ടികളും അവരോടൊപ്പം പുറപ്പെടുന്നു. കന്നു

കാലികളെയും കൂടെ കൊണ്ടുപോകുന്നു.


 യുദ്ധത്തിൽ തോറ്റുപോയാൽ സ്ത്രീകളും കുട്ടികളും കന്നുകാലി സമ്പത്തും നഷ്ടപ്പെടും. അതുകൊണ്ടു ധീരമായി പോരാടണം. അതാണു മാലിക് ബ്നു ഔഫിന്റെ തന്ത്രം. 


 ദുറയ്ദ് പൊതുവായ അഭിപ്രായത്തോടു യോജിച്ചു. മക്കയ്ക്കും, ത്വാഇഫിനും ഇടയ്ക്കുള്ള പ്രദേശമാണു ഹുനയ്ൻ. അവിടെയാണു യുദ്ധം. 


 ഹുനയ്ൻ മലനിരകൾ. അവയുടെ താഴ് വരകളിൽ സൈന്യം വന്നു നിറയണം. മലമുകളിൽ സൈന്യം നിലയുറപ്പിക്കണം.

താഴ്‌വരയിൽ നിന്നും മലമുകളിൽ നിന്നും മുസ്ലിംകൾക്കു നേരെ ഒരേ സമയം ആക്രമണം നടത്തുക. അവർക്കു പിടിച്ചുനിൽക്കാനാവില്ല. പാദങ്ങൾ പതറും, പരാജയപ്പെടും.


 ഒരു സന്ധിയും വേണ്ട. സർവനാശം സംഭവിക്കുംവരെ യുദ്ധം തന്നെ. മാലിക് ബ്നു ഔഫിനു ഉറച്ച വിശ്വാസം. ഇത്തവണ മുസ്ലിംകൾ പരാജയപ്പെടും.


 നേതാവിന്റെ ഉറച്ച വിശ്വാസം അനുയായികളിൽ ധൈര്യം

പകർന്നു. അവർ ആഹ്ലാദത്തിമർപ്പിലാണ്.