Wednesday - 22 April, 2026 4-Dhu al-Qadah-1447

പന്ത്രണ്ടായിരം യോദ്ധാക്കൾ

   മക്കാവിജയം കഴിഞ്ഞതോടെ മുസ്ലിംകളുടെ മനസ്സുകളിൽ ശാന്തത കളിയാടി. വലിയ ഏറ്റുമുട്ടൽ ഉണ്ടായില്ല. എല്ലാം ശാന്തം. ശാന്തമായ ജീവിതം നയിക്കണം. മനസ്സമാധാനത്തോടെ അല്ലാഹുﷻവിനെ ആരാധിച്ചു കഴിയാം.


 സമാധാനം നിറഞ്ഞ ജീവിതം കൊതിച്ചു നടക്കാൻ തുടങ്ങിയിട്ടു കാലമെത്രയായി. മക്കയിൽ സമാധാനത്തോടെ ജീവിക്കാനായില്ല. അതുകൊണ്ടു ജന്മനാടുവിടേണ്ടതായി വന്നു. 


 മദീനയിൽ സ്വൈര ജീവിതം നയിക്കാനാകുമെന്നു കരുതി. ജൂതന്മാരുമായി സമാധാനക്കരാറുണ്ടാക്കി. അപ്പോഴാണ് ഖുറയ്ശികൾ തങ്ങളെ നശിപ്പിക്കാൻ വേണ്ടി യുദ്ധത്തിനൊരുങ്ങിയത്. അങ്ങനെ ബദ്ർ യുദ്ധം നടന്നു. പിന്നെ എത്രയെത്ര യുദ്ധങ്ങൾ...


 അലട്ടില്ലാത്ത ജീവിതം സ്വപ്നമായി മാറി. ഇപ്പോൾ മക്കാപട്ടണം ജയിച്ചടക്കി. രണ്ടായിരത്തോളം പേർ ഇസ്ലാംമതം സ്വീകരിച്ചു. ഇനി ശാന്തിയുടെ നാളുകളാണ്.

പെട്ടെന്നൊരു യുദ്ധം വേണ്ടതായിവരില്ല. ഏറെ നാൾ കൊതിച്ച സമാധാനം ഇതാ സമാഗതമായിരിക്കുന്നു.


 അപ്പോഴാണ് ആ വാർത്ത വന്നത്...

ഹുനയ്നിൽ പടയൊരുക്കം ഇസ്ലാംമതത്തെ തകർത്തു തരിപ്പണമാക്കാൻ ശ്രതുക്കൾ

വരുന്നു. യുദ്ധത്തിന്റെ ആരവം.

സമാധാനം കൊതിച്ചവർക്കു മനോവിഷമം..!!


 ശാന്തിയുടെ നാളുകൾ ഇനിയും അകലെ. മക്കയിലേക്കു വന്ന പതിനായിരം മുസ്ലിംകൾ. പുതുതായി ഇസ്ലാംമതം സ്വീകരിച്ച രണ്ടായിരം പേർ. പന്ത്രണ്ടായിരം പേരുടെ മുസ്ലിം സൈന്യം...


 മുഹാജിറുകളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് അലി(റ) ആയിരുന്നു. മുഹാജിറുകളുടെ പതാക അദ്ദേഹത്തിന്റെ കൈവശമായിരുന്നു.


 ഔസ് ഗോത്രത്തിന്റെ പതാക വഹിച്ചിരുന്നത് ഉബയ്ദ്(റ) ആയിരുന്നു. ഖസ്റജുകാരുടേത് ഹുബാബ്(റ) വഹിച്ചു. ഖാലിദ് ബ്നുൽ വലീദ്(റ) ആയിരുന്നു സൈന്യത്തിന്റെ നായകൻ. മുസ്ലിം സൈന്യം നീങ്ങുകയാണ്. എന്തൊരു വലിയ സൈന്യം..! 


 ഇത്രയും അംഗബലമുള്ള ഒരു സൈന്യത്തെ ഒരുക്കാൻ ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല. ഈ സൈന്യത്തെ തോൽപിക്കാൻ ആർക്കു കഴിയും..?

ചിലരുടെ മനസ്സിൽ അങ്ങനെ തോന്നി. ചിലരുടെ സംസാരത്തിലും അങ്ങനെ വന്നുപോയി.


 ഒരു സത്യവിശ്വാസിയുടെ മനസ്സിൽ അങ്ങനെയൊരു ചിന്ത വന്നുകൂടാ. അത്തരം വാക്കുകൾ പറയാൻ പാടില്ല.


 ഇത്ര വലിയ സൈന്യത്തെ സജ്ജമാക്കാൻ കഴിഞ്ഞത് അല്ലാഹുﷻവിന്റെ അനുഗ്രഹമാണ്. വിജയവും പരാജയവും നൽകുന്നത്

അവനാകുന്നു. എല്ലാം അവനിൽ സമർപ്പിക്കുക.


 മനുഷ്യൻ അവന്റെ കടമകൾ പൂർണമായി നിർവഹിക്കണം.

എല്ലാം അല്ലാഹുﷻവിൽ ഭരമേൽപിക്കുക. പ്രാർത്ഥിക്കണം.

വിജയം തരുന്നത് അല്ലാഹുﷻവാണ്. അഹങ്കാരത്തിന്റെ ഒരംശംപോലും സത്യവിശ്വാസിയുടെ മനസ്സിൽ കടന്നുവരാൻ പാടില്ല.


 സത്യവിശ്വാസി വിനീതനായിരിക്കണം. വിശ്വാസം വേണ്ടത്ര ദൃഢമാകാത്ത ചിലർക്കാണ് ഈ തോന്നൽ വന്നുപോയത്. ഒരു പകൽ അവസാനിക്കുകയാണ്. സൂര്യൻ പടിഞ്ഞാറൻ കുന്നുകൾക്കപ്പുറം പോയിമറഞ്ഞു. ഇരുട്ടിന്റെ നേർത്ത ആവരണം ഹുനയ്ൻ താഴ്‌വരകളെ പൊതിഞ്ഞു.


 അന്നേരം മുസ്ലിം സൈന്യം ഹുനയ്ൻ താഴ്‌വരയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ദീർഘയാത്ര. അതിന്റെ ക്ഷീണം.

എല്ലാം അവർ അവഗണിച്ചു. ഇരുട്ടുംമുമ്പെ ഹുനയൻ താഴ്‌വരയിലെത്തണം. ഹുനയ്ൻ മലനിരകൾ അവ്യക്തമായി കാണാം.

വൻ സൈന്യം താഴ്‌വരയിലെത്തി.


 വാഹനങ്ങളിൽ നിന്നിറങ്ങി. തമ്പുകൾ സ്ഥാപിക്കണം. ആഹാരം വേണം. നിസ്കരിക്കണം. വിശ്രമിക്കണം. തിരക്കിട്ട ജോലികളിൽ വ്യാപൃതരായി. തമ്പുകൾ നിരന്നു.

ഇരുട്ടിന്റെ കട്ടി കൂടി...