ത്വാഇഫിലെ രണ്ടു ഗോത്രങ്ങളുടെ കഥ പറയാം...
ഹവാസിൻ ഗോത്രവും സഖീഫ് ഗോത്രവും.
ഇസ്ലാമിന്റെ കഠിന ശത്രുക്കൾ. പ്രവാചകനെയും (ﷺ) അനുയായികളെയും തുടച്ചുനീക്കണമെന്നാണവരുടെ മോഹം.
എങ്ങനെ കഴിയും? ആ ചോദ്യം അവരെ വല്ലാതെ വിഷമിപ്പിച്ചു. കേൾക്കുന്ന വാർത്തകളൊന്നും സന്തോഷകരമല്ല.
പ്രവാചകനും (ﷺ) അനുയായികളും മക്കയിൽ പ്രവേശിച്ചു. കഅ്ബാലയം പ്രദക്ഷിണം ചെയ്തു. അവിടെ ബാങ്കു മുഴങ്ങി. നിസ്കാരം നിർവഹിച്ചു. ത്വാഇഫിൽ ഒഴുകിയെത്തിയ വാർത്തകളാണ് ഇതെല്ലാം...
വാർത്തകൾ കേട്ടു ഹവാസിൻ ഗോത്രക്കാരും സഖീഫ് ഗോത്രക്കാരും രോഷാകുലരായിത്തീർന്നു.
അപ്പോൾ കൂടുതൽ വാർത്തകൾ വരാൻ തുടങ്ങി. ഇസ്ലാംമതം സ്വീകരിച്ചവരെ ക്രൂരമായി മർദ്ദിച്ച നിരവധി പേർ പ്രവാചകരുടെ (ﷺ) മുമ്പിൽ ബന്ധനസ്ഥരായി കൊണ്ടുവരപ്പെട്ടു.
പ്രവാചകൻ ﷺ പ്രതികാരം ചെയ്യുമെന്ന് അവർ കരുതി. മരണം കൺമുമ്പിൽ കണ്ട നേരം. അപ്പോൾ പ്രവാചകരുടെ (ﷺ) കൽപന വന്നു. നിങ്ങൾ സ്വതന്ത്രരാണ്. നിങ്ങൾക്കെതിരെ ഇന്നത്തെ ദിവസം യാതൊരു പ്രതികാര നടപടിയും സ്വീകരിക്കുന്നതല്ല. നിങ്ങൾക്കു പിരിഞ്ഞുപോകാം.
പ്രവാചകരുടെ (ﷺ) ഈ നടപടി മക്കക്കാരെ ഞെട്ടിച്ചു. എന്തൊരു ഔദാര്യം..! എന്തൊരു വിശാല മനസ്കത. ഇതു കാരുണ്യത്തിന്റെ പ്രവാചകൻ (ﷺ) തന്നെ. ഇതോടെ മക്കക്കാർ കൂട്ടത്തോടെ ഇസ്ലാംമതം സ്വീകരിക്കാൻ തുടങ്ങി. മക്ക ഇപ്പോൾ ഇസ്ലാമിന്റെ കേന്ദ്രമായിരിക്കുന്നു. ഇതൊക്കെയാണു ത്വാഇഫിൽ കിട്ടിയ ഒടുവിലത്തെ വാർത്തകൾ...
ഹവാസിൻ ഗോത്ര നേതാക്കളും സഖീഫ് ഗോത്രനേതാക്കളും ഒന്നിച്ചിരുന്നു ചർച്ച നടത്തി.
ഇസ്ലാമിനെ തകർക്കണം. യുദ്ധം ചെയ്തു നശിപ്പിക്കണം. ഇസ്ലാമിന്റെ ശത്രുക്കളെയെല്ലാം സഹകരിപ്പിക്കണം. അതായിരുന്നു അവരുടെ തീരുമാനം. കാര്യങ്ങൾ തീരുമാനിക്കാൻ ഒരു നേതാവിനെ തെരഞ്ഞടുത്തു...