Wednesday - 22 April, 2026 4-Dhu al-Qadah-1447

സത്യത്തിന്റെ വിജയക്കൊടി (2)

   ഉമയ്ർ(റ) പടവാൾ വീശിക്കൊണ്ടു യുദ്ധക്കളത്തിലേക്കു കുതിച്ചു. ശ്രതുക്കൾ ആ യോദ്ധാവിനെ പൊതിഞ്ഞു. മിന്നൽ വേഗതയിൽ വാൾ വീശുന്നു. നിരവധി പേർക്കു

വെട്ടേറ്റു... 


 ശത്രുക്കളുടെ വാളുകൾ ആ ധീരസേനാനിയുടെ ശരീരത്തിലും പതിച്ചുകൊണ്ടിരുന്നു. രക്തം വാർന്നൊഴുകി. ക്ഷീണം വന്നു. ശരീരം തളർന്നു. ഉമയ്ർ(റ) യുദ്ധക്കളത്തിൽ വീണു ശഹീദായി...


 യുദ്ധം മുറുകി. ഗതിയാകെ മാറി. പൊടുന്നനെ ഗതിമാറ്റം. മലക്കുകൾ ഇറങ്ങി..! പടക്കുതിരകളുടെ പടപട ശബ്ദം. പടവാളുകളുടെ കിലുകില ശബ്ദം. പടക്കളം ഇളകിമറിയുന്നു. ശത്രുനിരകൾ തകിടംമറിയുന്നു.

ധിക്കാരിയായ അബൂജഹലിനു വെട്ടേറ്റു. യുദ്ധത്തലവൻ മറിഞ്ഞുവീണു. പ്രമുഖ നേതാക്കൾ ഓരോരുത്തരായി വധിക്കപ്പെട്ടു...


 ശത്രുക്കൾ മുസ്ലിം പക്ഷത്തെ ശ്രദ്ധിച്ചു. ചെറിയൊരു ജനക്കൂട്ടം. ഉടനെ കഥ തീർക്കാമെന്നവർക്കു

തോന്നൽ. മുന്നേറുന്നവർ തലയറ്റു വീഴുന്നു..! അത്ഭുതം. തളർച്ച.

പരാജയ ഭീതി. ഇനി ആർക്കുവേണ്ടി യുദ്ധം..? രക്തം എന്തിനുവേണ്ടി..? ശത്രുക്കൾ പിന്തിരിഞ്ഞോടാൻ തുടങ്ങി. മുസ്ലിം സേന അവരെ പിന്തുടർന്നു. പലരെയും പിടിച്ചുകെട്ടി. ഖുറയ്ശി പ്രമുഖരെ കയറിൽ ബന്ധിച്ചു...


 ധർമവും അധർമവും തമ്മിലുള്ള യുദ്ധം അവസാനിച്ചു. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. സത്യം ജയിച്ചു. ധർമം ജയിച്ചു. അധർമം തോറ്റു...


 ഇപ്പോൾ അട്ടഹാസങ്ങളില്ല. പോർവിളികളില്ല. മരണവുമായി

മല്ലിടുന്നവരുടെ ഞരക്കം മാത്രം. കരളലിയിക്കുന്ന ദീനരോദനങ്ങൾ.

വിലപിക്കുന്ന ചുണ്ടുകൾ. ദാഹജലത്തിനു വേണ്ടി കേഴുന്നവർ...


 ഖുറയ്ശികളുടെ പക്ഷത്ത് എഴുപതു പേർ വധിക്കപ്പെട്ടു.

അത്രയും പേർ ബന്ധനത്തിലായി.  നബി ﷺ തങ്ങളുടെ ഓമനമകൾ സയ്നബ് (റ)യുടെ ഭർത്താവും തടവുകാരുടെ കൂട്ടത്തിലുണ്ടായിരുന്നു.


 മുസ്ലിംകളുടെ പക്ഷത്ത് ആറു മുഹാജിറുകളും എട്ട് അൻസ്വാറുകളും രക്തസാക്ഷികളായി... 


 മക്കയിൽ വച്ചു മുസ്ലിംകളെ ക്രൂരമായി മർദിച്ച രണ്ടുപേർ പിന്നീടു വധിക്കപ്പെട്ടു. അവർ പ്രവാചകന്റെ കൊടിയ ശത്രുക്കളായിരുന്നു.

ഉഖ്ബത് അബീമുഅയ്ത്വ്, നള്റ് ബ്നു ഹാരിസ്. ഇവരാണു വധിക്കപ്പെട്ടവർ.


 വിജയം കൊതിച്ചുവന്ന വൻ സൈന്യത്തിനു ദയനീയമായി

പരാജയം. മുസ്ലിംകളുടെ കൊച്ചു സൈന്യത്തിനു വൻ വിജയം.


 അന്ത്യനാൾവരെയുള്ളവർക്ക് ഇതിൽ പാഠമുണ്ട്. റമളാൻ പതിനേഴിനു ബദ്ർ ദിനം. ബദ്റിന്റെ ഓർമ. ബദ്രീങ്ങളുടെ ഓർമ. ആ ഓർമ പുതുക്കാൻ ഓരോ വർഷവും ബദ്ർ ദിനം വരുന്നു.


 മദീനയിൽ ജൂതന്മാരും കപടവിശ്വാസികളും പല കുപ്രചരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മുസ്ലിംകളെ ഖുറയ്ശികളുടെ സൈന്യം നശിപ്പിക്കുമെന്ന കാര്യത്തിൽ അവർക്കു സംശയമില്ലായിരുന്നു. ആ സന്തോഷവാർത്തയ്ക്ക് കാതോർക്കുകയായിരുന്നു അവർ...


 നബി ﷺ തങ്ങൾ രണ്ടു സ്വഹാബികളെ മദീനയിലേക്കയച്ചു. ബദ്ർ യുദ്ധത്തിന്റെ വിജയം മദീനയിൽ അറിയിക്കുകയായിരുന്നു ലക്ഷ്യം...


 ബദ്റിൽ യുദ്ധം നടക്കുമ്പോൾ മദീനയിൽ നബിﷺയുടെ പുത്രിയുടെ അസുഖം വർധിച്ചു. റുഖിയ്യ(റ) അത്യാസന്ന നിലയിലായി. എല്ലാവരും ഉൽക്കണ്ഠയിലാണ്. പിതാവു മടങ്ങിയെത്തുമ്പോഴേക്കും മകൾ യാത്രയാകുമോ..?


 ഭയപ്പെട്ടതുതന്നെ സംഭവിച്ചു. റുഖിയ്യ(റ) മരണപ്പെട്ടു. ഉസ്മാൻ(റ) അതീവ ദുഃഖിതനായി. മദീനയിലുണ്ടായിരുന്ന സ്വഹാബികൾ ഒത്തുകൂടി. റുഖിയ്യ(റ)യുടെ മരണാനന്തര കർമങ്ങൾ നിർവഹിച്ചു...


 റുഖിയ്യ(റ)യുടെ മയ്യിത്തു ഖബറടക്കി. ഉസ്മാൻ(റ)വും കൂട്ടരും മടങ്ങുമ്പോൾ മദീനയിലൂടെ ദൂതന്മാർ ഓടിയെത്തുന്നു. ബദ്റിൽ വിജയം... ബദ്റിൽ ജയിച്ചു. അല്ലാഹുﷻവിന്റെ റസൂലും സ്വഹാബത്തും വിജയിച്ചു.

അബൂജഹ്ൽ കൊല്ലപ്പെട്ടു. ജൂതന്മാർ അന്തംവിട്ടു. കപടവിശ്വാസികൾ ഞെട്ടി...