ദീരയോദ്ധാവായ അലി(റ)വിന് വലീദ് ഒരു പ്രശ്നമേ ആയിരുന്നില്ല. അൽപനേരം യുദ്ധം തുടർന്നു. യുവാവായ അലി ഒരൊറ്റ ചാട്ടം. പിന്നെ പിൻവലിഞ്ഞു. ആഞ്ഞു വീശി. ഒരൊറ്റ വെട്ട്. അത്രയേ വേണ്ടിവന്നുള്ളൂ. അതാ കിടക്കുന്നു വലീദ്. പിടഞ്ഞു മരിച്ചു...
ഉത്ബത് ചില്ലറക്കാരനല്ല. ഒന്നാംതരം യോദ്ധാവാണ്. ഉബയ്ദത്ത്(റ) ഉത്ബതിനെ വകവരുത്താൻ ശ്രമിക്കുന്നു. കഴിയുന്നില്ല. അലി(റ)വും ഹംസ(റ)വും ഉൽകണ്ഠയോടെ നോക്കിനിൽക്കുകയാണ്.
ഉബയ്ദത്(റ)വിനു വെട്ടേറ്റു..!
ഹംസ(റ)വിനു സഹിച്ചില്ല. അലി(റ)വിനും സഹിച്ചില്ല. അവർ സഹായത്തിനെത്തി. ഉത്ബത് വധിക്കപ്പെട്ടു. ഖുറയ്ശികളുടെ മൂന്നു നേതാക്കൾ വധിക്കപ്പെട്ടു...
ഉബയ്ത്(റ)വിനെ എടുത്തുമാറ്റി. നബിﷺതങ്ങൾ ഉബയ്ദത് (റ)വിന്റെ സമീപം വന്നു.
“അല്ലാഹുവിന്റെ റസൂലേ... ഞാൻ വധിക്കപ്പെട്ടില്ല. മറിവേറ്റതേയുള്ളൂ. എനിക്കു ശഹീദിന്റെ പ്രതിഫലമുണ്ടോ..?”
“ഉണ്ട്, ആദരണീയനായ രക്തസാക്ഷിയാണു താങ്കൾ.”
ഉബയ്ദത്(റ) യുദ്ധം കഴിഞ്ഞു മടങ്ങുമ്പോൾ സഫ്റാ എന്ന സ്ഥലത്തുവച്ചു മരണപ്പെട്ടു...
“ക്ഷമിക്കുക. ക്ഷമ കൈവെടിയരുത്. സഹനം വേണം.” നബി ﷺ അണികൾക്കിടയിൽ നടക്കുന്നു, ഉപദേശിക്കുന്നു..."
“നിങ്ങൾ ശ്രതുക്കളെ അക്രമിക്കരുത്. ശത്രുക്കൾ നിങ്ങളെ
വളഞ്ഞാൽ അമ്പെയ്യുക. അവരെ തുരത്തിയോടിക്കുക. അവർ നിങ്ങളുടെ വളരെ സമീപത്തെത്തിയാൽ മാത്രം വാൾ ഉപയോഗിക്കുക.”
“ഞാൻ പറയുമ്പോൾ വാൾ ഉപയോഗിക്കുക.” പ്രതിരോധത്തിനു മാത്രമേ ആയുധം ഉപയോഗിക്കാവൂ. ആക്രമണം പാടില്ല. യുദ്ധരംഗത്തും ധർമം വേണം...
വേണ്ട ഉപദേശങ്ങൾ നൽകിയശേഷം നബി ﷺ തങ്ങൾ തന്റെ തമ്പിലേക്കു മടങ്ങി. അബൂബക്ർ സ്വിദ്ദീഖ്(റ) കൂടെയുണ്ട്. നബി ﷺ കഅ്ബക്കു നേരെ തിരിഞ്ഞുനിന്നു. ഇരു കരങ്ങൾ ആകാശത്തേക്കുയർത്തി പ്രാർത്ഥിക്കാൻ തുടങ്ങി...
ദുആ വളരെ നീണ്ടുപോയി. സ്വിദ്ദീഖ്(റ) ബേജാറായിപ്പോയി. ഇതെന്തൊരു വിളിയാണ്. “അല്ലാഹുവിന്റെ റസൂലേ... അങ്ങയുടെ നാഥൻ വാഗ്ദത്തം പാലിക്കുക തന്നെ ചെയ്യും... ഇങ്ങനെ കരയരുതേ...”
ഒരു സന്നാഹവുമില്ലാതെ, ഓർക്കാപ്പുറത്താണ് ഒരു യുദ്ധത്തെ നേരിടേണ്ടിവന്നത്. അല്ലാഹുﷻവിന്റെ സഹായമില്ലാതെ മറ്റെന്തു പ്രതീക്ഷയാണുള്ളത്..? പ്രാർത്ഥന നീണ്ടു. വല്ലാത്ത ക്ഷീണം. മയക്കം...
യുദ്ധം കൊടുമ്പിരികൊള്ളുന്നു. ഇസ്ലാമിനെ നശിപ്പിക്കാനുള്ള ആവേശത്തോടെ ശത്രുക്കൾ മുസ്ലിംകളെ പൊതിയുന്നു. മുസ്ലിംകൾ ശത്രുക്കളെ അമ്പെയ്തു തുരത്തുന്നു. അവരെ പൊതിയുമ്പോൾ വാളെടുത്തു വെട്ടുന്നു. അട്ടഹാസങ്ങൾ, ആർത്തനാദം, വെല്ലുവിളി, അലർച്ച..!
അതിനിടയിൽ പ്രവാചകന്റെ (ﷺ) ശബ്ദം. എല്ലാവരും ചെവിയോർത്തു. “മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം..! പിന്തിരിഞ്ഞാടാതെ, അല്ലാഹുﷻവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടു ശ്രതുക്കളോടു ധീരമായി പൊരുതി രക്തസാക്ഷിയാവുന്നവർക്ക് അല്ലാഹു ﷻ സ്വർഗം വാഗ്ദാനം ചെയ്യുന്നു.” എന്തൊരു പ്രഖ്യാപനം..!
രക്തസാക്ഷിത്വത്തിന്റെ മഹത്വം.
ഉമയ്ർ(റ) ക്ഷീണം തീർക്കാൻ വേണ്ടി ഈത്തപ്പഴം തിന്നുകയായിരുന്നു. അപ്പോഴാണു നബിﷺയുടെ വാക്കുകൾ കേട്ടത്. സ്വർഗാവകാശിയാവാൻ ഇതിനേക്കാൾ പറ്റിയ അവസരമുണ്ടോ..? ഉമയ്ർ(റ) ബാക്കിയുള്ള ഈത്തപ്പഴം വലിച്ചെറിഞ്ഞു. പടവാൾ വീശിക്കൊണ്ടു യുദ്ധക്കളത്തിലേക്കു കുതിച്ചു...