യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒരു വലിയ കുഴിയിൽ മുശ്രിക്കുകളെ ഖബറടക്കി. മൂന്നു ദിവസം അവിടെത്തന്നെ ചെലവഴിച്ചു. യുദ്ധമുതലുകൾ ശേഖരിച്ചു. മരിച്ചവരെയെല്ലാം ഖബറടക്കി. തടവുകാരെ സ്വഹാബികൾക്കിടയിൽ വീതിച്ചു...
“തടവുകാരോടു നല്ലനിലയിൽ പെരുമാറണം. അവരെ ബുദ്ധിമുട്ടിക്കരുത്. സഹോദരസ്നേഹം പ്രകടിപ്പിക്കണം.” നബി ﷺ തന്റെ അനുയായികളെ ഉണർത്തി.
സ്വഹാബികൾ അനുസരിച്ചു. ഇതു തടവുകാരുടെ മനസ്സിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു...
കൊല്ലപ്പെട്ട മുശ്രിക്കുകളുടെ പേരുവിളിച്ചു. നബി ﷺ ചില
കാര്യങ്ങൾ ചോദിച്ചതു സ്വഹാബികളെ ആശ്ചര്യപ്പെടുത്തി. മൂന്നു ദിവസങ്ങൾക്കുശേഷം, മുശ്രിക്കുകളെ മൂടിയ കുഴിയുടെ കരയിൽ നിന്നുകൊണ്ടു പ്രവാചകൻ ﷺ ചോദിച്ചു:
“അല്ലാഹു ﷻ ഞങ്ങളോടു ചെയ്ത വാഗ്ദത്തം ഞങ്ങൾക്കു സത്യമായി പുലർന്നിരിക്കുന്നു. അല്ലാഹുﷻവും റസൂലും (ﷺ) നിങ്ങളോടു ചെയ്ത വാഗ്ദത്തം നിങ്ങൾക്കു സത്യമായി
പുലർന്നുവോ..? അബൂജഹ്ൽ... ഉത്ബത്... ശയ്ബത്... സംഅത്. ഉമയ്യത്... നിങ്ങളോടു വാഗ്ദത്തം ചെയ്തത് നിങ്ങൾക്കു കിട്ടിയോ?” - നബി ﷺ വിളിച്ചു ചോദിച്ചു...
ഉമർ(റ) ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, അവർ കേൾക്കുമോ..?”
നബി ﷺ ഇങ്ങനെ മറുപടി നൽകി: “അതേ, ഞാൻ പറയുന്നത് അവർ കേൾക്കുന്നതിനെക്കാൾ കൂടുതലായി നിങ്ങൾ കേൾക്കുന്നില്ല. അവർ മറുപടി പറയാൻ കഴിയാത്തവരാണ്.”
മദീനയിലെ മുസ്ലിംകൾ പ്രവാചകനെ (ﷺ) സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു. കുട്ടികൾ ദഫ് മുട്ടിയും പാട്ടുപാടിയും
പ്രവാചകനെ (ﷺ) സ്വീകരിച്ചു. മദീനയിലെത്തിയശേഷം തടവുകാരെ എന്തു ചെയ്യണമെന്ന
കാര്യം ചർച്ച ചെയ്തു...
“ഇവർ സത്യവിശ്വാസികളെ മർദിച്ചു. ദ്രോഹിച്ചു. വിശ്വസികൾ പിറന്ന നാട് ഉപേക്ഷിക്കേണ്ടതായി വന്നു. ഇവരെ
ഇനിയും വച്ചേക്കരുത്. എല്ലാവരെയും വധിക്കണം.” - ഉമർ(റ) പറഞ്ഞു. മറ്റു ചിലർ ഈ അഭിപ്രായത്തെ പിന്താങ്ങി.
അപ്പോൾ അബൂബക്ർ സ്വിദ്ദീഖ് (റ) ഇങ്ങനെ പറഞ്ഞു: “അവർ അങ്ങയുടെ ബന്ധുക്കളാണ്. അവരെ മോചനധനം വാങ്ങി വിട്ടയക്കണം. അവരിൽ ആരെയെങ്കിലും അല്ലാഹു ﷻ സന്മാർഗത്തിലെത്തിച്ചേക്കാം...”
പ്രവാചകൻ ﷺ പ്രസന്നവദനനായിക്കൊണ്ടു പറഞ്ഞു: “അബൂബക്കർ, താങ്കൾ ഇബ്റാഹീം നബി(അ)നെപ്പോലെയാകുന്നു. ഇബ്റാഹീം (അ) ഇങ്ങനെ പ്രാർത്ഥിച്ചു: “എന്റെ രക്ഷിതാവേ, ആര് എന്നെ പിൻപറ്റുന്നുവോ അവൻ എന്റെ മാർഗത്തിൽ പെട്ടവനാകുന്നു. ആരൊക്കെ എനിക്കു വിരോദം പ്രവർത്തിക്കുന്നുവോ, അപ്പോൾ നീ പാപമോചകനും കരുണാനിധിയും ആകുന്നു...”
“ഉമർ, താങ്കൾ നൂഹ് നബി(അ)യെപ്പോലെയാകുന്നു. നൂഹ് നബി(അ) ഇങ്ങനെ പ്രാർത്ഥിച്ചു: "നീ ഒരു അവിശ്വാസിയെയും ഇവിടെ ബാക്കിയാക്കരുതേ...”
നബി ﷺ തങ്ങൾ രണ്ടുപേരെയും പ്രശംസിച്ചു. അബൂബക്കർ(റ)വിന്റെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു...