Wednesday - 22 April, 2026 4-Dhu al-Qadah-1447

ഖുർആന്റെ താക്കീത് (2)


   മാതാവ് മകളെ കെട്ടിപ്പുണർന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ വെളിച്ചം, വാടിപ്പോയ മുഖം മെല്ലെ പ്രസന്നമായി വന്നു. തളർന്ന ചുണ്ടുകൾ മന്ത്രിച്ചു.

“അൽഹംദുലില്ലാഹ്...” അല്ലാഹുﷻവിനാണു സർവ സ്തുതിയും.


 പള്ളിയിൽ തടിച്ചുകൂടിയ സത്യവിശ്വാസികൾക്കു മുന്നിൽ

ഇപ്പോൾ അവതരിച്ച ഖുർആൻ വചനങ്ങൾ ഓതിക്കേൾപിച്ചു.

“കള്ളം കെട്ടിച്ചമച്ചതു നിങ്ങളിൽ നിന്നുള്ള ഒരു സംഘം തന്നെ. അതിൽ നിങ്ങൾക്കു ദോഷമൊന്നുമില്ല. നിങ്ങൾക്കതു ഗുണമാണ്. കള്ളം പ്രചരിപ്പിച്ചവർക്ക്, ഓരോരുത്തർക്കും അവൻ പ്രവർത്തിച്ചതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. കള്ളക്കഥ പ്രചരിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചവനു കഠിന ശിക്ഷയുണ്ട്.


 ആ വാർത്ത കേട്ടപ്പോൾ സത്യവിശ്വാസികളും വിശ്വാസിനികളും സ്വന്തം ആളുകളെക്കുറിച്ച് എന്തുകൊണ്ടു നല്ലതു വിചാരിച്ചില്ല. അതു വ്യക്തമായ കള്ള ആരോപണമാണെന്ന് എന്തുകൊണ്ടവർ പറഞ്ഞില്ല.


 ആ വാർത്ത കേട്ടപ്പോൾ ഇതിനെക്കുറിച്ചു നമുക്കു സംസാരിച്ചുകൂടാ. പരിശുദ്ധനായ അല്ലാഹുവേ..! ഇതു വലിയൊരു കള്ളക്കഥ തന്നെയാണ് എന്ന് എന്തുകൊണ്ടു നിങ്ങൾ പറഞ്ഞില്ല.


ഇത്തരം കാര്യങ്ങൾ മേലിൽ ചെയ്തുപോകരുതെന്ന് അല്ലാഹു ﷻ ഇതാ നിങ്ങളെ ഉപദേശിക്കുന്നു.”


 കള്ളക്കഥ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ താക്കീതു നൽകിക്കൊണ്ട് അവതരിച്ച വിശുദ്ധ ഖുർആൻ വചനങ്ങളുടെ ആശയമാണു മുകളിൽ വായിച്ചത്.


 പരിശുദ്ധകളായ വനിതകളെക്കുറിച്ച് അപവാദം പറയുന്നതു ഗുരുതരമായ കുറ്റമാണ്. അതിനു കഠിനമായ ശിക്ഷ ലഭിക്കും. അത്തരം വാർത്തകൾക്കു ചെവികൊടുക്കരുത്. സത്യവിശ്വാസികൾ ഒരു കാരണവശാലും അതിൽ പെട്ടു പോകരുത്. ഇങ്ങനെ എന്തെല്ലാം പാഠങ്ങൾ ഈ വചനങ്ങൾ ഉൾക്കൊള്ളുന്നു.


 ആയത്തുകൾ അവതരിച്ചതോടെ പ്രവാചകരുടെ (ﷺ) മനസ്സു തെളിഞ്ഞു. മുഖം തെളിഞ്ഞു. ആഇശ(റ)യോടുള്ള സ്നേഹം വർധിച്ചു. ആഇശ(റ)യുടെ കാര്യത്തിൽ സഹപത്നിമാരും കുടുംബാംഗങ്ങളും വളരെ ദുഃഖത്തിലായിരുന്നു. എല്ലാവരും ഇപ്പോൾ സന്തോഷിക്കുന്നു.


 മാതാപിതാക്കൾ മകളെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുക്കൾ പൊഴിച്ചു. മകളുടെ പദവി വർധിച്ചതായി അവർക്കു മനസ്സിലായി...


 ആഇശ(റ)യുടെ രോഗം മാറി. പ്രസരിപ്പു കൂടി. മനസകം പ്രാർത്ഥനാനിർഭരമായി. അപവാദ പ്രചരണത്തിനു മൂന്നു പേർക്കു ശിക്ഷ കിട്ടി. ജഹ്ശിന്റെ മകൾ ഹംന(റ), അസാസയുടെ മകൻ മിസ്ത്വഹ്(റ), ഹസ്സാൻ ബ്നു സാബിത്(റ).


 മിസ്ത്വഹ്(റ)വിനു അബൂബക്കർ(റ) നൽകിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം അപവാദ പ്രചരണത്തെ തുടർന്നു നിർത്തിവച്ചു. അതു ശരിയായ നടപടിയല്ലെന്ന ആശയത്തോടെ ഖുർആൻ അവതരിച്ചു. സാമ്പത്തിക സഹായം തുടർന്നു നൽകണമെന്നു പ്രേരിപ്പിക്കുകയും ചെയ്തു. അബുബക്കർ സ്വിദ്ദീഖ്(റ) സാമ്പത്തിക സഹായം വീണ്ടും നൽകാൻ തുടങ്ങി.


 ലോകാവസാനം വരെയുള്ള സത്യവിശ്വാസികൾക്കു പാഠം

ഉൾക്കൊള്ളാൻ വേണ്ടിയാണ് ഈ സംഭവം നടന്നത്.


 സ്ത്രീകൾക്കെതിരെ ആരോപണമുന്നയിക്കുന്നവർ എക്കാലവും കാണും. വെറുതെ ആരോപണമുന്നയിക്കുന്നവർ

ശിക്ഷാർഹരാണ്. അല്ലാഹുﷻവിന്റെ കഠിനമായ കോപത്തിനു വിധേയമാകുന്ന ഒരു നടപടിയാണിത്. വളരെ സൂക്ഷിക്കണം.


 ആഇശ(റ) നബിﷺതങ്ങളുടെ വീട്ടിലേക്കു തന്നെ മടങ്ങി. സഹപത്നിമാരൊക്കെ അവരെ സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു. 


 ശിക്ഷയ്ക്കു വിധേയരായവർ തങ്ങൾക്കു പിണഞ്ഞ അബദ്ധമോർത്തു ഖേദിച്ചു. ഹസ്സാൻ ബ്നു സാബിത്(റ) നബിﷺതങ്ങളുടെ സാമീപ്യം കൊതിച്ചെത്തി. മദീനയിലെ അന്തരീക്ഷം തെളിഞ്ഞു. സന്തോഷവും സമാധാനവും നിറഞ്ഞ നാളുകൾ പിറന്നു.