ഒരുതരം കോപാവേശത്തോടെ ആഇശ(റ) ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഉമ്മയെ കെട്ടിപ്പിടിച്ചു.
“ഉമ്മാ... അല്ലാഹു ﷻ നിങ്ങൾക്കു മാപ്പു തരട്ടെ. നിങ്ങളെന്താണ് ഇക്കാര്യങ്ങളൊന്നും എന്നോടു പറയാ
ത്തത്..? ഒന്നുപോലും പറഞ്ഞില്ലല്ലോ... എന്റെ ഉമ്മാ..?” പറഞ്ഞു തീരുംമുമ്പെ കണ്ണുകൾ നിറഞ്ഞൊഴുകി...
മകളെക്കുറിച്ചറിയാവുന്ന ഉമ്മയ്ക്ക് സങ്കടം അടക്കാനായില്ല. മകളെ എന്തു പറഞ്ഞാണു സമാധാനിപ്പിക്കുക. “ക്ഷമിക്കൂ, പൊന്നുമോളേ ക്ഷമിക്കൂ..! ഭർത്താവിൽ നിന്ന് ഇത്രയേറെ സ്നേഹം ലഭിക്കുന്ന ഭാര്യമാരെയൊക്കെ അസൂയാലുക്കൾ പിടികൂടും. അവർ അപവാദങ്ങൾ പറയും.”
“ഉമ്മാ... നബിﷺതങ്ങളും എന്നെ വെറുത്തോ..?” പിന്നെ ഏങ്ങലടിച്ചുള്ള കരച്ചിൽ...
അസഹ്യമായ വേദന കടിച്ചമർത്താനാവാതെ വാവിട്ടു നില വിളിച്ചുപോയി. ഊണില്ല, ഉറക്കമില്ല. കരച്ചിൽ മാത്രം. ആശ്വാസ വചനങ്ങൾക്കൊന്നും ഫലമുണ്ടായില്ല. രണ്ടു ദിവസം തുടർച്ചയായ കരച്ചിൽ തന്നെ...
ഭേദപ്പെട്ട അസുഖം തിരിച്ചുവന്നു.
ശരീരം ക്ഷീണിച്ചു. വല്ലാതെ തളർന്നു.
മാതാപിതാക്കൾ ആശങ്കയോടെ മകളുടെ സമീപം നിൽക്കുന്നു. അവരും കരയുകയാണ്. പെട്ടെന്നു പ്രവാചകൻ ﷺ കടന്നുവന്നു.
ആ മുഖം വല്ലാതെ വിവർണമായിരുന്നു. മനസ്സിലെ ദുഃഖം മുഖത്തു കാണാം. പ്രവാചകനെ (ﷺ) കണ്ടതോടെ കരച്ചിൽ ഉച്ചത്തിലായി.
“ആഇശാ..” പ്രവാചകൻ ﷺ മെല്ലെ വിളിച്ചു. അവർ മുഖം ഉയർത്തി...
“ആളുകൾ പറഞ്ഞു നടക്കുന്നതൊക്കെ നീയും കേട്ടുകാണുമല്ലോ..? നീ നിഷ്കളങ്കയാണെങ്കിൽ, അല്ലാഹു ﷻ അതു തെളിയിക്കും.”
ഉമ്മയെയും ബാപ്പയെയും നോക്കിക്കൊണ്ടു ബീവി
ചോദിച്ചു. “ഇതൊക്കെ കേട്ടിട്ടു നിങ്ങൾക്കൊന്നും പറയാനില്ലേ..?”
“ഞങ്ങൾക്കെന്താണു പറയേണ്ടതെന്നറിയില്ല മോളേ..!”
ഹൃദയം പൊട്ടിത്തകരുന്നതുപോലുള്ള വേദന. ഉറക്കെ കരയാനേ കഴിഞ്ഞുള്ളു...
“എനിക്കൊന്നുമറിയില്ല. ആരോടും ഒന്നും പറയാനുമില്ല. അല്ലാഹുﷻവിനറിയാം എന്റെ കാര്യങ്ങൾ.” അവർ തിരിഞ്ഞു കിടന്നു...
കനത്ത ദുഃഖം തളംകെട്ടിനിന്ന അന്തരീക്ഷം. ആരും ഒന്നും ശ്രദ്ധിക്കുന്നില്ല. ആഇശ(റ)യുടെ ഏങ്ങലടി മാത്രം കേൾക്കാം.
നബി ﷺ അൽപം അകലേക്കു മാറിയിരുന്നു. പെട്ടെന്ന് ആ മുഖത്തിന്റെ ഭാവം മാറി. വഹ്യിന്റെ ലക്ഷണം...
ആഇശയുടെ കാര്യത്തിൽ വിശുദ്ധ വചനങ്ങൾ ഇറങ്ങുന്നു. സമയം ഇഴഞ്ഞുനീങ്ങി. ജിബ്രീൽ (അ) മടങ്ങിപ്പോയി.
നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചുമാറ്റിക്കൊണ്ടു നബിﷺതങ്ങൾ പറഞ്ഞു:
“ആഇശാ... സന്തോഷവാർത്ത, അല്ലാഹു ﷻ നിന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുന്നു.”
അതു പറഞ്ഞു പ്രവാചകൻ ﷺ നടന്നുപോയി.