ഒരു സൈനിക നീക്കത്തെക്കുറിച്ചു നേരത്തെ പറഞ്ഞിരുന്നല്ലോ, ഉസാമ(റ)വിന്റെ നേതൃത്വത്തിൽ.
ഉസാമ(റ) നബി ﷺ തങ്ങളുടെ കൽപന സ്വീകരിച്ചു.
സിറിയൻ അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിന്റെ
ഒരുക്കം തുടങ്ങി. മദീനക്കു സമീപമുള്ള ജുർഫ് എന്ന സ്ഥലത്തേക്കു നീങ്ങി...
അപ്പോഴാണു നബിﷺതങ്ങൾ രോഗബാധിതനായ വിവരം അറിയുന്നത്. പെട്ടെന്നു മദീന വിടാൻ വിഷമമായി. താൽക്കാലികമായി യാത്ര നീട്ടിവച്ചു...
ഉസാമ (റ) ധൃതിയിൽ മസ്ജിദുന്നബവിയിലേക്കു വന്നു.
അപ്പോഴാണ് രോഗത്തിന്റെ വിശദവിവരങ്ങൾ ലഭിച്ചത്. ഉസാമ(റ)വിനെ സൈന്യാധിപനാക്കിയതിനെക്കുറിച്ചുള്ള സംസാരം അപ്പോഴും തുടരുകയായിരുന്നു. ഇതു നബി ﷺ തങ്ങളുടെ ചെവിയിലുമെത്തി.
ഇതിനെപ്പറ്റി എന്തെങ്കിലും സംസാരിക്കണം. സംസാരിക്കേണ്ട ഘട്ടം വന്നിരിക്കുന്നു. ഏഴു കിണറുകളിൽ നിന്നു കൊണ്ടുവന്ന വെള്ളം കൊണ്ടു കുളിച്ച ദിവസം. കുളി കഴിഞ്ഞു വസ്ത്രം മാറ്റി. തലവേദന കാരണം തലയിൽ വരിഞ്ഞുകെട്ടി. പരസഹായത്തോടെ പള്ളിയിലെത്തി. മിമ്പറിൽ ഇരുന്നു...
അല്ലാഹുﷻവിനെ സ്തുതിച്ചു. ഉഹുദ് യുദ്ധത്തിൽ പങ്കെടുത്തവരെക്കുറിച്ച് ഓർമപ്പെടുത്തി. ഉഹുദിൽ ശഹീദായവരെ അനുസ്മരിച്ചു. അവർക്കുവേണ്ടി ദുആ ചെയ്തു. അതിനു ശേഷം ഉസാമയെക്കുറിച്ചു പരാമർശിച്ചു...
“ജനങ്ങളേ, ഉസാമയുടെ നേതൃത്വം നിങ്ങൾ അംഗീകരിക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചു നിങ്ങൾ പരാതിപ്പെട്ടു. ഓർക്കുക, അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ അദ്ദേഹവും നേതൃത്വത്തിനു പറ്റുന്ന ആൾ തന്നെയാണ്.” അൽപനേരം നിർത്തി.
ശക്തി സംഭരിച്ചശേഷം തുടർന്നു:
“ഐഹിക ജീവിതമോ പാരത്രിക ജീവിതമോ രണ്ടിലൊന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു ﷻ അവന്റെ ഒരു ദാസനു നൽകി. എന്നാൽ ആ ദാസൻ അല്ലാഹുﷻവിങ്കലുള്ളതു തിരഞ്ഞെടുത്തു.”
സദസ്സ് നിശ്ശബ്ദമായിരുന്നു. ചലനമില്ല. തലയിൽ പക്ഷി ഇരിക്കുന്നതുപോലെ അവർ നിശ്ചലരായിരുന്നു...
സദസ്സിൽ അബൂബക്ർ(റ)വിന്റെ കരച്ചിൽ. നബിﷺതങ്ങൾ ആരെപ്പറ്റിയാണു പറഞ്ഞതെന്നു
പലർക്കും മനസ്സിലായില്ല. അബൂബക്ർ(റ)വിനു മനസ്സിലായി.
നബി ﷺ തങ്ങളെത്തന്നെയാണു സൂചിപ്പിച്ചത്. അതോർത്തപ്പോൾ കരഞ്ഞുപോയി...
തേങ്ങിക്കരഞ്ഞുകൊണ്ടദ്ദേഹം പറഞ്ഞു: “അങ്ങേക്കു പകരം ഞങ്ങളുടെ ജീവനും മക്കളും ബലിയർപ്പിക്കാൻ ഞങ്ങൾ സന്നദ്ധരാണ്...”