നബി ﷺ തങ്ങളെത്തന്നെയാണു സൂചിപ്പിച്ചതെന്നറിഞ്ഞ അബൂബക്കർ സിദ്ദീഖ് (റ) തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു:
“അങ്ങേക്കു പകരം ഞങ്ങളുടെ ജീവനും മക്കളും ബലിയർപ്പിക്കാൻ ഞങ്ങൾ സന്നദ്ധരാണ്.”
നബിﷺതങ്ങൾ അതു ശ്രദ്ധിച്ചു. ആംഗ്യം കാണിച്ചു കൊണ്ടു പ്രവാചകൻ ﷺ പറഞ്ഞു: “അബൂബക്കർ ധൈര്യമായിരിക്കൂ...”
നബിﷺതങ്ങൾ അബൂബക്കർ (റ) വിനോടിങ്ങനെ പറഞ്ഞു: “എന്റെ സ്വഹാബികളിൽ നിങ്ങളെക്കാൾ എനിക്കു പ്രിയമുള്ളവനായി ഒരാളുമില്ല. താങ്കൾ എന്റെ ആത്മമിത്രമാകുന്നു. അല്ലാഹു ﷻ അവന്റെ സന്നിധിയിൽ ഒരുമിച്ചുകൂട്ടും വരെ ഈ സാഹോദര്യം നിലനിൽക്കും. സത്യവിശ്വാസത്തിൽ അടിത്തറയിട്ട സൗഹൃദമാണിത്.”
നബിﷺതങ്ങൾ മിമ്പറിൽ നിന്നിറങ്ങി. സദസ്സിനോട് ഒരു കാര്യം ഉണർത്തി. “മുഹാജിർ സമൂഹമേ,
അൻസാറുകൾക്കു നന്മ ചെയ്യുക. നന്മ മാത്രം കാംക്ഷിക്കുക. മുസ്ലിം സമുദായം എണ്ണത്തിൽ വർധിച്ചുകൊണ്ടിരിക്കും. അൻസാറുകൾ ഇന്നുള്ളതു മാത്രം. അവർ വർധിക്കുകയില്ല. അവർ എന്റെ സ്വന്തക്കാർ. എനിക്ക് അഭയം നൽകിയവർ. എന്റെ വിശ്വസ്തരായ സ്വഹാബത്ത്. അവർക്കു ഗുണം ചെയ്യുക. അവരിൽ ന്യൂനതയുള്ളവരോടു കരുണ കാണിക്കുക. അവരോടു വിട്ടുവീഴ്ച ചെയ്യുക.”
പ്രസംഗം നിർത്തി. ആഇശ(റ)യുടെ വീട്ടിലേക്കു മടങ്ങി. പ്രസംഗം കാരണം വലിയ ക്ഷീണമായി. ഗുരുതരമായ പ്രശ്നങ്ങളാണു കൈകാര്യം ചെയ്തത്. ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല. ഊണും ഉറക്കവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. പനിയും തലവേദനയും നിരന്തരം വർധിക്കുകയാണ്. ഉറങ്ങാത്ത രാത്രി. ആഇശ(റ)യും ഉറങ്ങിയില്ല. മറ്റു ഭാര്യമാർക്കും ഉറക്കമില്ല.
നേരം പുലർന്നു. തീരെ വയ്യ. പള്ളിയിലേക്കു പോകാൻ പ്രയാസം. സുബ്ഹി നിസ്കാരത്തിന് ആരു നേതൃത്വം നൽകും..?
പള്ളിയിൽ ആളുകൾ വന്നുതുടങ്ങി. അവർ ഇമാമിനെ കാത്തിരിക്കുന്നു...