Wednesday - 22 April, 2026 4-Dhu al-Qadah-1447

ഏഴു കിണറ്റിലെ ജലം


   ഹിജ്റ 11. സഫർ മാസം 29.

ജന്നത്തുൽ ബഖീഇൽ അന്നൊരു മയ്യിത്ത് ഖബറടക്കൽ നടന്നു. നബി ﷺ തങ്ങൾ അതിൽ പങ്കെടുക്കാൻ പോയി. അവിടെ നിന്നു മടങ്ങുമ്പോൾ നേർത്ത തലവേദന തോന്നി. പിന്നെ അതു വർധിച്ചു. കലശലായ തലവേദന.


 എന്തൊരു തലവേദന..! ശരീരത്തിന്റെ ഊഷ്മാവു വർധിച്ചു. നല്ല പനി. വല്ലാത്ത ക്ഷീണം. നബി ﷺ തങ്ങൾക്കു രോഗം. ഇതിനുമുമ്പു കടുത്ത രോഗം വന്നിട്ടില്ല. രോഗവിവരം ഭാര്യമാരെ വിഷമിപ്പിച്ചു. പുറത്തറിഞ്ഞപ്പോൾ എല്ലാവർക്കും പ്രയാസം...


 ഹിജ്റ ആറാം വർഷത്തിൽ ഒരു രോഗം വന്നു. അന്നു ഭക്ഷണത്തോടു വെറുപ്പു തോന്നി. പിന്നെ രോഗം മാറി.


 ഹിജ്റ ഏഴാം വർഷത്തിൽ വിഷം കലർന്ന മാംസം ചവച്ചതിന്റെ ഫലമായും രോഗം വന്നു. അതിന്റെ ശല്യം ഇടക്കിടെ ഉണ്ടാകാറുണ്ട്. ഇതുപോലെ കടുത്ത രോഗം വന്നിട്ടില്ല. പതിമൂന്നു ദിവസം രോഗം നീണ്ടുനിന്നു.


 രോഗിയാണെങ്കിലും നിസ്കാരത്തിനു നേതൃത്വം നൽകാൻ പള്ളിയിലെത്തും. നല്ല വേദന അനുഭവിച്ചുകൊണ്ടാണു നിസ്കാരത്തിനു നേതൃത്വം നൽകുന്നത്. പള്ളിയിലാകെ വിഷാദം നിറഞ്ഞു. നിസ്കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങും.


 “നാളെ ഞാൻ എവിടെയായിരിക്കും..?” നബിﷺതങ്ങൾ പത്നിമാരോടു ചോദിച്ചു.


 ഇങ്ങനെ ചോദിക്കുന്നതെന്തിനാണ്..? ഭാര്യമാർ പരസ്പരം ചോദിച്ചു. അവർക്കു കാര്യം പിടികിട്ടി. ആഇശ(റ)യുടെ വീട്ടിലെത്താൻ സമയമായോ എന്നാണു ചോദിക്കുന്നത്. അവർ ഒരു തീരുമാനത്തിലെത്തി. രോഗം സുഖപ്പെടുന്നതുവരെ ആഇശ(റ)യുടെ വീട്ടിൽ താമസിക്കട്ടെ...


 ഭാര്യമാർ ഈ തീരുമാനം പ്രവാചകനെ (ﷺ) അറിയിച്ചു. ആ മുഖത്തു പ്രസന്നഭാവം. അവരുടെ തീരുമാനം സന്തോഷത്തോടെ സ്വീകരിച്ചു.


 ഒറ്റയ്ക്കു നടന്നുപോകാനാകില്ല.

രണ്ടു പ്രമുഖ സ്വഹാബികൾ സഹായത്തിനെത്തി. അബ്ബാസ്(റ).

അലിയ്യ് ബ്നു അബീത്വാലിബ്(റ).

ഇവരുടെ ചുമലിൽ പിടിച്ചുകൊണ്ടാണു നബി ﷺ ആഇശ(റ)യുടെ വീട്ടിലെത്തിയത്. വീടെന്നു പറഞ്ഞാൽ പള്ളിയോടു ചേർന്നുള്ള മുറിയാണ്. അവസാനത്തെ ഒരാഴ്ച അവിടെയാണു താമസിച്ചത്.


 വിശുദ്ധ ഖുർആനിലെ അവസാനത്തെ രണ്ടു ചെറിയ സൂറത്തുകളാണു മുഅവ്വിദതയ്നി.

ഖുൽ അഊദു ബിറബ്ബിൽ ഫലഖ്, ഖുൽ അഊദു ബിറബ്ബിന്നാസ്,


 ഈ സൂറത്തുകൾ ഓതിയാൽ വമ്പിച്ച പ്രതിഫലം ലഭിക്കും. ഇവ ഓതി മന്ത്രിക്കാം. രോഗാവസ്ഥയിലും മറ്റും ഓതി മന്ത്രിച്ചാൽ ആശ്വാസം കിട്ടും. പനിയും തലവേദനയും വർധിച്ചുവരുമ്പോൾ ആഇശ(റ)

ഈ സൂറത്തുകൾ ഓതി നബിﷺതങ്ങളെ മന്ത്രിക്കും.


 നേർത്ത ആശ്വാസം തോന്നും. അപ്പോൾ മുഖം തെളിയും.

നബിﷺതങ്ങൾ പല ദുആകളും അവരെ പഠിപ്പിച്ചിരുന്നു. അവയെല്ലാം ഓർമയിലുണ്ട്. അവ ഓതി മന്ത്രിക്കേണ്ട ഘട്ടമാണിത്.


 ആഇശ(റ) അത്തരം ദുആകൾ ഓതുന്നു. മന്ത്രിക്കുന്നു. ശരീരം തടവിക്കൊടുക്കുന്നു. ഭർത്താവിന്റെ വേദന ഭാര്യയെ അസ്വസ്ഥയാക്കുന്നു.

അതൊരു ബുധനാഴ്ചയായിരുന്നു. പ്രവാചകന്റെ (ﷺ) ജീവിതത്തിലെ അവസാനത്തെ ബുധനാഴ്ച. പനി കഠിനമായി. എന്തൊരു ചൂട്. വേദന വർധിച്ചു. ബോധക്ഷയം സംഭവിച്ചു.


 ബോധം തെളിഞ്ഞപ്പോൾ പ്രവാചകൻ (ﷺ) ഇങ്ങനെ പറഞ്ഞു: “ഏഴു കിണറുകളിൽ നിന്ന് ഏഴു പാത്രം വെള്ളം കൊണ്ടു വരിക.” ആളുകൾ പാത്രങ്ങളുമായി ഓടി...


 ഏഴു കിണറുകളിൽ നിന്ന് ഏഴു പാത്രം വെള്ളം കൊണ്ടു വന്നു. അപൂർവ സ്വഭാവമുള്ള ഒരു കുളി. കുറച്ചു നേരം ഇതു തുടർന്നു...


 “മതി... മതി... ഇനി മതി.” നബിﷺതങ്ങൾ പറഞ്ഞു. കുളി നിർത്തി. നേർത്ത ആശ്വാസം. മുഖം തെളിഞ്ഞു. സംസാരിക്കാൻ കഴിയുന്നു.


 തലവേദന വിട്ടുമാറിയില്ല. തലവേദന കൂടിയപ്പോൾ തലയിൽ തുണികൊണ്ടു കെട്ടി...