ഇരുട്ടുള്ള രാത്രി. പോരാത്തതിനു മഴയും. ആളുകൾ എങ്ങനെ ഇറങ്ങി നടക്കും. അന്നത്തെ ഇശാഅ് നിസ്കാരത്തിനു പോകാൻ പലരും
വളരെ ബുദ്ധിമുട്ടി.
മഹാനായ സ്വഹാബി വര്യനാണു ഖതാദ ഇബ്നു നുഅ്മാൻ(റ). അദ്ദേഹം അൻസാരിയാണ്. ദീനിനുവേണ്ടി വിലപ്പെട്ട സേവനങ്ങൾ ചെയ്ത മഹാൻ. ഇരുട്ടിൽ തപ്പിത്തടഞ്ഞു വരുന്ന ഖതാദ(റ)വിനെ നബിﷺതങ്ങൾ കണ്ടു.
ഖതാദ (റ) ഇങ്ങനെ പറഞ്ഞു: “വല്ലാത്ത ഇരുട്ട്, മഴയും. വഴിനടക്കാൻ വളരെ വിഷമം. ഇശാഅ് നിസ്കാരത്തിനു പള്ളിയിലെത്തി ജമാഅത്തിൽ പങ്കെടുക്കണമെന്നു ഞാൻ തീരുമാനിച്ചു.”
പളളിക്കകത്തു ഭക്തജനങ്ങൾ സമ്മേളിച്ചു. ജമാഅത്തിനു സമയമായി. നബി ﷺ തങ്ങളോടൊപ്പം നിസ്കരിക്കാൻ ലഭിക്കുന്ന സുവർണാവസരം.
എല്ലാവരും നിസ്കാരത്തിൽ പ്രവേശിച്ചു. മനസ്സു തുറന്ന പ്രാർത്ഥന. അല്ലാഹുﷻവിനു മുമ്പിൽ എല്ലാം സമർപ്പിക്കുന്നു. നിസ്കാരം കഴിഞ്ഞു. ദിക്റുകൾ ചൊല്ലി. ദുആ ഇരന്നു. ഇനി തിരിച്ചുപോകണം.
ഖതാദ(റ)വിനു വിഷമം. കനത്ത ഇരുട്ടിൽ എങ്ങനെ വീട്ടിലെത്തും...
പള്ളിയിൽ നിന്നു നബിﷺതങ്ങൾ പുറത്തിറങ്ങി. ഖതാദ(റ)വും ഇറങ്ങി. നബി ﷺ ഈത്തപ്പന മടലിന്റെ ഒരു കഷ്ണം ഖതാദ(റ)വിനു നൽകി. എന്നിട്ടിങ്ങനെ പറഞ്ഞു: “ഇതുമായി പോകുക. നിങ്ങളുടെ മുമ്പിൽ പത്തടിയും പിന്നിൽ പത്തടിയും പ്രകാശം കിട്ടും.”
ഖതാദ(റ) മുമ്പോട്ടു നടന്നു. മുമ്പിൽ വെളിച്ചം. പിന്നിലും വെളിച്ചം..! വഴിയൊക്കെ നന്നായി കാണാം. പ്രകാശമുള്ള വിളക്കു കയ്യിൽ പിടിച്ചതുപോലെയുണ്ട്. മനസു നിറയെ സന്തോഷവുമായി ഖതാദ (റ) വീട്ടിൽ വന്നു കയറി. ഇരുട്ടിന്റെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല.
ലോകാനുഗ്രഹിയായ പ്രവാചകനെക്കുറിച്ചുള്ള സന്തോഷ
കരമായ ഓർമകളായിരുന്നു ഖതാദ(റ)വിന്റെ മനസു നിറയെ...
അല്ലാഹുﷻവിന്റെ റസൂലിന്റെ (ﷺ) ഒരമാനുഷികതകൂടി ഇവിടെ വ്യക്തമായിരിക്കുന്നു. അതനുഭവിക്കാൻ അവസരം സിദ്ധിച്ചത് വലിയൊരു സൗഭാഗ്യം തന്നെ. അല്ലാഹുﷻവിനു സ്തുതി. അൽഹംദുലില്ലാഹ്...