ഇബ്റാഹീം എന്ന കുഞ്ഞിന് ആറുമാസം പ്രായമായി. നബി ﷺ തങ്ങളുടെ രൂപസാദൃശ്യം ആ മകനുണ്ട്. എല്ലാവർക്കും ആ കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹം. ഉമ്മാക്കു പൊന്നുമോനെ പിരിഞ്ഞിരിക്കാൻ വയ്യ. മാരിയതുൽ ഖിബ്തിയ്യയാണ് ഇബ്റാഹീമിന്റെ മാതാവ്...
മാരിയത് (റ) ഈജിപ്തകാരിയാണ്.
പിതാവിനു മോനെ കണ്ടുകൊണ്ടിരിക്കണം. എപ്പോഴും കുട്ടിയെ എടുത്തോമനിക്കാൻ മോഹം. പക്ഷേ, അതിനു പറ്റില്ലല്ലോ. എന്തെല്ലാം കാര്യങ്ങൾ നോക്കണം. എന്നാലും കൂടെക്കൂടെ ഓടിവരും, മോനെ കാണാൻ...
ഖാസിമും അബ്ദുല്ലയും നേരത്തെ മരണപ്പെട്ടുപോയി. ആ ദുഃഖം ഇന്നും മനസിലുണ്ട്. അവരെക്കുറിച്ചോർക്കുമ്പോൾ ഖദീജ(റ)യെയും ഓർത്തുപോകും. അക്കാലമെല്ലാം കടന്നുപോയി...
ഇന്ന് ഇബ്റാഹീമിന്റെ മുഖം കാണുമ്പോൾ മനസ്സിൽ ആഹ്ലാദം നിറയുന്നു. ഒരു പിതാവിന്റെ ആനന്ദം അറിയുന്നു. പ്രവാചകനു (ﷺ) പുത്രനോടുള്ള അളവറ്റ സ്നേഹം എല്ലാവർക്കും അറിയാം. പ്രവാചക പത്നിമാരും കുഞ്ഞിനെ സ്നേഹിക്കുന്നു.
പിന്നെയും ചില മാസങ്ങൾ കടന്നുപോയി. ഇബ്റാഹീമിന് രോഗം വന്നു. പ്രവാചകന്റെ (ﷺ) സമീപത്തായിരുന്നു മോൻ. രോഗം വന്ന് അവശനായപ്പോൾ കുട്ടിയെ ഉമ്മയുടെ അടുത്തേക്കയച്ചു. വെപ്രാളത്തോടെ ഉമ്മ കുഞ്ഞിനെ സ്വീകരിച്ചു. കുഞ്ഞിനു മരുന്നു കൊടുത്തു. രോഗത്തിനൊരു കുറവുമില്ല. കുട്ടിയുടെ അവശത വർധിച്ചുകൊണ്ടിരുന്നു.
നബിﷺതങ്ങൾ വലിയ തിരക്കിലായിരുന്നു. പല ഭരണകാര്യങ്ങളും നോക്കേണ്ട സന്ദർഭം. ഉന്നതരായ ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടക്കുന്നു.
തബൂക്കിനു ശേഷം അന്തരീക്ഷം പൊതുവെ ശാന്തമാണ്. അറേബ്യയിൽ ഒരു ഗോത്രവും മുസ്ലിംകൾക്കെതിരെ യുദ്ധത്തിനു തയ്യാറായില്ല. പുറത്തു നിന്നുള്ള ആക്രമണങ്ങളുടെ സൂചനയുമില്ല.
അതുകൊണ്ട് ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടി. ഭരണകാര്യങ്ങൾ, കുടുംബ കാര്യങ്ങൾ, ചില ദൗത്യസംഘങ്ങൾ വന്നിട്ടുണ്ട്. അവരെ സ്വീകരിക്കണം. സംസാരിക്കണം. വേറെ സന്ദർശകരുമുണ്ട്. പല അത്യാവശ്യ കാര്യങ്ങളുമായി വന്നവർ.
അങ്ങനെ തിരക്കുപിടിച്ച വേളയിലാണ് ഒരു ദൂതൻ ഓടിവന്നത്. ആ ദുഃഖവാർത്ത പ്രവാചകനെ (ﷺ) അറിയിച്ചു. പൊന്നുമോനു രോഗം കൂടുതലാണ്. പ്രവാചകൻ ﷺ അമ്പരന്നു.
മനസ്സിൽ ദുഃഖം കുമിഞ്ഞുകൂടി. മകന്റെ മുഖം മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. പതറിപ്പോകരുത്. മനസ്സിന്റെ നിയന്ത്രണം വിടരുത്. എന്നിട്ടും ദുഃഖം സഹിക്കാനാകുന്നില്ല. ചുറ്റും നോക്കി പല സ്വഹാബികളും അവിടവിടെ നിൽപുണ്ട്. കുട്ടിയുടെ രോഗവാർത്ത പുറത്തറിഞ്ഞു തുടങ്ങി.
അബ്ദുർറഹ്മാൻ ബ്നു ഔഫ്(റ).
പ്രസിദ്ധനായ സ്വഹാബിവര്യൻ. നബി ﷺ തങ്ങൾ ആ സ്വഹാബിവര്യന്റെ കരംപിടിച്ചു. എന്നിട്ടു മുമ്പോട്ടു നടന്നു...
മശ്ബതു ഉമ്മി ഇബ്റാഹീം എന്ന സ്ഥലം. അവിടെ ഈത്തപ്പനത്തോട്ടത്തിനു സമീപം ഒരു വീട്. ആ വീട്ടിലാണ് മാരിയ്യത്(റ)വിന്റെ താമസം. പ്രവാചകൻ ﷺ ആ വീട്ടിലേക്കു കയറി.