Wednesday - 22 April, 2026 4-Dhu al-Qadah-1447

ഉമ്മുമാലികിനു കിട്ടിയ ഭരണി

   ഒരു സ്വഹാബി വനിതയുടെ പേരു പറയട്ടെ - ഉമ്മു മാലിക് (റ).


 നബിﷺതങ്ങളോട് എന്തെന്നില്ലാത്ത സ്നേഹമാണ്. ഇടയ്ക്കിടെ നെയ്യ് കൊടുത്തയയ്ക്കും. റസൂലിനു (ﷺ) നെയ്യ് കൊടുത്തയയ്ക്കുന്നത് അവർക്കൊരു സന്തോഷമാണ്...


 പ്രവാചകന് (ﷺ) പലരും ആഹാരസാധനങ്ങൾ കൊടുത്തയയ്ക്കും. ചിലപ്പോൾ കുറച്ചെടുത്തു കഴിക്കും. ബാക്കി അനുചരന്മാർക്കിടയിൽ വിതരണം ചെയ്യും.


 ഉമ്മുമാലികിന്റെ നെയ്യിന്റെ കഥയും അതുതന്നെ. അവർക്കൊരു തോൽസഞ്ചിയുണ്ട്. അതിൽ നെയ്യ് നിറയ്ക്കും. നബിﷺതങ്ങൾക്കു കൊടുത്തയയ്ക്കും. അതാണു

പതിവ്.


 ഇനിയാണു കഥ തുടങ്ങുന്നത്... 


 ഒരു ദിവസം നബിﷺതങ്ങൾ ഉമ്മുമാലികിന് ഒരു സമ്മാനം നൽകി - ഒരു ഭരണി.


 നബിﷺതങ്ങൾ മനസ്സറിഞ്ഞു നൽകിയ ഭരണി. അത്ഭുത ഭരണി എന്നു പറയാം. ഭരണി കൊടുത്തുകൊണ്ടു നബി ﷺ ഇങ്ങനെ പറഞ്ഞു: “ഇതിൽ നെയ്യുണ്ട്. ഇതു മുഴുവൻ വടിച്ചെടുക്കരുത്...” 


 ഉമ്മുമാലിക് (റ) ഭരണി തുറന്നുനോക്കി. ഒന്നാം തരം നെയ്യ്. ആഹാരം പാകം ചെയ്യാൻ ഉത്തമം...


 അത്ഭുതം അതല്ല. പിന്നീടൊരിക്കലും ഭരണിയിൽ നെയ്യൊഴിക്കേണ്ടി വന്നിട്ടില്ല. ഏതു നേരവും അതിൽ നിറയെ നെയ്യുണ്ടാകും. വീട്ടിലുള്ളവർക്കൊക്കെ വലിയ സന്തോഷം. ആവശ്യത്തിനുള്ളത് എടുക്കും. ബാക്കി അതിൽ തന്നെ കിടക്കും. ഭരണിയിൽ നെയ്യൊഴിഞ്ഞ നേരമില്ല...


 ഒരു ദിവസം ഒരബദ്ധം പറ്റിപ്പോയി. ഇനി പറഞ്ഞിട്ടെന്താകാര്യം..!


 ഉമ്മുമാലിക് എന്തു ചെയ്തെന്നോ..? ഭരണിയിലെ നെയ്യ് പറ്റെ വടിച്ചെടുത്തു. ഭരണിയിൽ ഒരൽപവും ബാക്കിവച്ചില്ല. ഭരണി കാലിയായി. അതിൽ ഒന്നുമില്ല...


 പിന്നെ അതിൽ നെയ്യ് കാണാനേയില്ല. കാലിയായ ഭരണി അങ്ങനെ അവശേഷിച്ചു. ഉമ്മുമാലികിനു ദുഃഖം. കാലി ഭരണി കാണുമ്പോൾ സങ്കടം.


 എങ്കിലും നബി ﷺ തന്ന ഭരണിയല്ലേ.

അതും ഒരനുഗ്രഹം തന്നെ. അവർ ആശ്വസിച്ചു...