ഖുറയ്ശിപ്പട കളത്തിലിറങ്ങി. മയ്യിത്തുകൾക്കുനേരെ പരാക്രമം കാണിച്ചു. ഹംസ(റ)വിന്റെ മൃതദേഹം ഹിന്ദ് കുത്തിക്കീറി. കരൾ പിഴുതെടുത്തു ചവച്ചുതുപ്പി. കാതും മൂക്കും മുറിച്ചുകളഞ്ഞു. പല മയ്യിത്തുകളും അലങ്കോലമാക്കി. അവർ പെട്ടെന്നു പിൻവാങ്ങി...
പ്രവാചകൻ ﷺ നന്നെ ക്ഷീണിതനായിരുന്നു. ഇരുന്നുകൊണ്ടാണു നിസ്കരിച്ചത്. നബിﷺതങ്ങളും സ്വഹാബികളും യുദ്ധക്കളത്തിലേക്കുവന്നു. എന്തൊരു കാഴ്ചയാണിത്..?
എഴുപതു സ്വഹാബികൾ വധിക്കപ്പെട്ടിരിക്കുന്നു. പ്രവാചകൻ ﷺ ഞെട്ടിപ്പോയി..!! ഹംസ(റ)വിന്റെ ശരീരം. നെഞ്ചു പിളർത്തപ്പെട്ടിരിക്കുന്നു. ആകെ വികൃതമാക്കപ്പെട്ടിരിക്കുന്നു. നബി ﷺ വല്ലാതെ ദുഃഖിച്ചു. മുഖം ദുഃഖംകൊണ്ടു തുടുത്തു...
ഹംസ(റ)വിന്റെ മയ്യിത്ത് ആദ്യം ഖബറടക്കി. പിന്നെ മറ്റുള്ളവരെ ഖബറടക്കി. മുസ്അബ്(റ), ഹൻളല(റ), അംറ് ബ്നു ജമൂഹ്(റ), ജാബിർ ബ്നു അബ്ദില്ല(റ), സഹ്ല് ബ്നു റബീഅ്(റ), അനസ് ബ്നു നളറ്(റ)...,
അങ്ങനെ എഴുപതു സ്വഹാബികൾ. ഓരോരുത്തരെ ഖബറടക്കുമ്പോഴും അവരുമായി ബന്ധപ്പെട്ട് അനേകം സംഭവങ്ങൾ സ്വഹാബികളുടെ ഓർമയിൽ തെളിയുന്നു. കണ്ണീരും നെടുവീർപ്പുകളും...
അബൂസുഫ്യാൻ അലറി വിളിച്ചുപറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു: “ബദ്റിനു പ്രതികാരം. ബദ്റിനു പകരമാണ് ഈ ദിവസം. അടുത്ത കൊല്ലം വീണ്ടും കാണാം...”
അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ് യുദ്ധക്കളത്തിൽ നൃത്തം
വച്ച രംഗം കണ്ണിൽനിന്നു മായുന്നില്ല...
ഹംസ(റ)വിന്റെ മൂക്കും കാതുകളും മാലചാർത്തി നടത്തിയ നൃത്തം. എത്ര ഭീകരം..!
മദീനയിലേക്കുള്ള മടക്കം. ഏറെ പ്രയാസം അതാണ്. ജൂതന്മാർ കാത്തിരിക്കുന്നു. കപടവിശ്വാസികളും കാത്തിരിക്കുന്നു. കളിയാക്കാൻ. കളിയാക്കിച്ചിരിക്കാൻ...
പരീക്ഷണങ്ങൾ തുടരുകയാണ്.
നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഖുറയ്ശികൾ മക്കയിലേക്കു തിരിച്ചുപോയി എന്നു വിശ്വസിക്കാനും കഴിയുന്നില്ല. അവർ വഴിയിൽ ഒളിച്ചിരിക്കും. ഒരിക്കൽകൂടി മദീനയെ ആക്രമിച്ചേക്കും. അങ്ങനെ വിജയം പൂർത്തിയാക്കും. ഇതാണു പ്രവാചകന്റെ (ﷺ) തോന്നൽ...
എക്കാലത്തെയും മുസ്ലിംകൾക്ക് ബദ്ർ മഹത്തായൊരു പാഠമാണ്...
എക്കാലത്തെയും മുസ്ലിംകൾക്ക് ഉഹുദ് ശക്തമായ താക്കീതാകുന്നു...
ബദ്റും ഉഹുദും നൽകുന്ന സന്ദേശം എന്നും എപ്പോഴും സത്യവിശ്വാസിയുടെ മനസ്സിൽ വേണം. ഉഹുദിലെ സംഭവം...
ധീരസേനാനിയായ ഖതാദ(റ)വിന്റെ കണ്ണിനു പരിക്കുപറ്റി. കുന്തങ്ങളും അമ്പുകളും ആ സൈനികന്റെ ശരീരത്തിൽ പതിച്ചുകൊണ്ടിരുന്നു.
അതൊക്കെ അവഗണിച്ചുകൊണ്ടു ധീരധീരം പോരാടി മുന്നേറുകയായിരുന്നു...
അതിന്നിടയിലാണു മാരകമായ മുറിവേറ്റത്. അതും കണ്ണിന്റെ പാർശ്വത്തിൽ. കണ്ണു തൂങ്ങിക്കിടക്കുന്നു. എന്തൊരു കാഴ്ച..! കണ്ണിന്റെ കാഴ്ച പോയതുതന്നെ. “അതു മുറിച്ചു നീക്കണം. - ചിലർ അഭിപ്രായപ്പെട്ടു.
ചിലർ നബിﷺതങ്ങളുടെ സമീപത്തേക്കോടി. ഖതാദ(റ)വിന്റെ കണ്ണിന്റെ അവസ്ഥ വിവരിച്ചു. ഖതാദ(റ)വിനെ നബിﷺതങ്ങളുടെ മുമ്പിലെത്തിച്ചു. പുണ്യംനിറഞ്ഞ കരങ്ങൾകൊണ്ടു കണ്ണു പൂർവസ്ഥിതിയിൽ എടുത്തുവച്ചു...
കണ്ണ് അവിടെ ഉറച്ചുനിന്നു. കാഴ്ചയും കിട്ടി..! കണ്ണു പഴയതുപോലെയായി.
ഖതാദ(റ) ഉന്മേഷവാനായിത്തീർന്നു.
സ്വഹാബികൾ പിന്നീടു ഖതാദ (റ)വിനെ കുറിച്ചോർക്കുമ്പോഴെല്ലാം ആ സംഭവം ഓർക്കും. ഉഹുദിലെ ആ ഭീകര രംഗം...
നബിﷺതങ്ങളുടെ പുണ്യം നിറഞ്ഞ കരങ്ങളുടെ മുഅ്ജിസത്തു പ്രകടമായ മറ്റൊരു സംഭവമായിരുന്നു അത്.
ഉഹുദ് യുദ്ധത്തിന്റെ ചരിത്രം രചിക്കപ്പെട്ടപ്പോൾ ഈ സംഭവം അതിന്റെ ഭാഗമായിത്തീർന്നു. തലമുറകൾ ഖതാദ(റ)വിന്റെ കഥ കൈമാറി.
ഉഹുദിന്റെ ചരിത്രം പഠിക്കുന്നവരുടെ മനസ്സിൽ ഖതാദ(റ) എക്കാലവും ജീവിക്കും. ഒപ്പം പ്രവാചകരുടെ (ﷺ) കരങ്ങളുടെ അമാനുഷികതയെക്കുറിച്ചുള്ള കോരിത്തരിപ്പിക്കുന്ന ഓർമകളും...