Wednesday - 22 April, 2026 4-Dhu al-Qadah-1447

ഉഹുദ് നൽകുന്ന പാഠം (2)

   നബി ﷺ കൊല്ലപ്പെട്ടു എന്ന വാർത്ത മുസ്ലിംകളെ തളർത്തി... ഇനി എന്തിനു യുദ്ധം..? പലരും യുദ്ധക്കളം വിട്ടോടിപ്പോയി. മൈലുകൾക്കപ്പുറം വരെ ഓടിയവരുണ്ട്. മദീനയിലേക്കു പോകാൻ അവർക്കു ലജ്ജ. ഒന്നും

രണ്ടും ദിവസങ്ങൾ കഴിഞ്ഞാണവർ യുദ്ധക്കളത്തിലേക്കു വീണ്ടും വന്നത്...


 പ്രവാചകൻ ﷺ മരണപ്പെട്ടെങ്കിൽ നാമെന്തിനു ജീവിക്കണം. അങ്ങനെയാണു ചിലർ ചിന്തിച്ചത്. അവർ യുദ്ധത്തിനു ശക്തികൂട്ടി.

പോർവിളിയുമായി മുമ്പോട്ടുകുതിച്ചു. പലരും ശഹീദായി. പലർക്കും ഗുരുതരമായി പരിക്കേറ്റു...


 നബിﷺതങ്ങൾ യുദ്ധമുഖത്തുതന്നെയുണ്ട്. എങ്ങോട്ടും പോയില്ല. അമ്പുകൾ പ്രവാചകനു (ﷺ) നേരെ വന്നുകൊണ്ടിരുന്നു. ഏതാനും സ്വഹാബികൾ പ്രവാചകനെ (ﷺ) പൊതിഞ്ഞുനിന്നു. അവരുടെ ശരീരത്തിൽ അമ്പുകൾ വന്നു തറച്ചു. എന്നിട്ടും അവർ ഉറച്ചുനിന്നു...


 അബൂത്വൽഹതുൽ അൻസ്വാരി(റ),

അബൂദുജാന(റ), സഅദ് ബ്നു അബീവഖാസ്(റ). ഇവരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. മരണത്തെ മുഖാ മുഖം കണ്ട ധീരന്മാർ. അവരുടെ നില വളരെ പരിതാപകരമായിരുന്നു.


 ഉബയ്യ് ബ്നു ഖലഫ് ശത്രുക്കളുടെ ധീരയോദ്ധാവാണ്. അവൻ പ്രവാചകനെ (ﷺ) കണ്ടുകഴിഞ്ഞു. വില്ലു നേരെ പിടിച്ചു. അമ്പു തൊടുത്തു. പ്രവാചകനു (ﷺ) നേരെ ഉന്നംവച്ചു. മരണം നേർക്കുനേരെ... പെട്ടെന്നു പ്രവാചകൻ ﷺ സമീപത്തുണ്ടായിരുന്ന ഒരാളിൽനിന്നു ചാട്ടുളി വാങ്ങി. നബിﷺതങ്ങൾ അതു വീശിയെറിഞ്ഞു. അമ്പ് വിടുംമുമ്പെ ചാട്ടുളി അവന്റെ ശരീരത്തിൽ പതിച്ചു. അവൻ മറിഞ്ഞുവീണു. അവന്റെ കഥയും കഴിഞ്ഞു...


 ഉബയ്യ് വധിക്കപ്പെട്ടു. പ്രവാചകന്റെ (ﷺ) കൈകൊണ്ടു വധിക്കപ്പെട്ട ഒരേ ഒരാൾ. തനിക്കുനേരെ ഉന്നംവച്ച് അമ്പെയ്യാൻ ഒരുങ്ങിനിന്നവനെ പ്രവാചകൻ ﷺ ആക്രമിച്ചു. ആത്മരക്ഷക്കു വേണ്ടി...


 “ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം പുറത്തു വിടേണ്ട.” നബിﷺതങ്ങൾ പറഞ്ഞു. അതറിഞ്ഞാൽ ശത്രുക്കൾ

യുദ്ധത്തിനു ശക്തികൂട്ടും...


 ഇതിനിടയിൽ കഅബ് ബ്നു മാലിക് (റ) പ്രവാചകനെ (ﷺ) കണ്ടു. ഏതാനും സ്വഹാബികൾക്കിടയിൽ വളരെ ദയനീയമായ അവസ്ഥയിൽ...


 നബിﷺതങ്ങളുടെ മുഖത്തു ചോര. ശത്രുക്കൾ എറിഞ്ഞ കല്ല് മുഖത്തുകൊണ്ടു. ഏറിന്റെ ശക്തിയിൽ പ്രവാചകൻ (ﷺ) വീണുപോയി. മുൻനിരയിലെ രണ്ടു പല്ലുകൾക്കു കേടുപറ്റി. ശിരോകവചത്തിന്റെ ചങ്ങലക്കണ്ണികൾ മുഖത്തെ മുറിവിൽ താഴ്ന്നു. മെല്ലെ എഴുന്നേറ്റുനിന്നു. മുമ്പോട്ടു നടന്നപ്പോൾ ഒരു കുഴിയിൽ വീണുപോയി. അബൂആമിർ കുഴിച്ചുവച്ച കുഴിയായിരുന്നു...


 സ്വഹാബികൾ പ്രവാചകനെ (ﷺ) കുഴിയിൽനിന്ന് എഴുന്നേൽപിച്ചു. അനുയായികളുടെ വലയത്തിനുള്ളിലാണു നബിﷺതങ്ങൾ...


 കഅ്ബ് ബ്നു മാലികിന്റെ ശബ്ദം മുഴങ്ങി. “സത്യവിശ്വാസികളേ, സന്തോഷവാർത്ത..! പ്രവാചകൻ ﷺ വധിക്കപ്പെട്ടിട്ടില്ല. നബിﷺതങ്ങൾ യുദ്ധരംഗത്തു തന്നെയുണ്ട്.”

കഅ്ബിന്റെ വാക്കുകൾക്ക് എന്തൊരു ശക്തി...


 തളർന്ന് ഇരുന്നുപോയവർ ചാടിയിറങ്ങി. അവരുടെ നിരാശ അകന്നു. നവോന്മേഷത്തോടെ എല്ലാവരും യുദ്ധരംഗത്തെത്തി...


 നബിﷺതങ്ങൾ ഉഹുദ് മലയിലേക്കു കയറി. ഉയരത്തിലേക്ക്, സുരക്ഷിത സ്ഥാനത്തേക്ക്. താഴെ യുദ്ധം. പുതിയ രംഗങ്ങൾ സൃഷ്ടിക്കുന്നു...


 അലി(റ) എവിടെനിന്നോ കുറെ വെള്ളം കൊണ്ടുവന്നു. നബി ﷺ മുഖം കഴുകി. മുറിവിൽ ആണ്ടുപോയ അങ്കിയുടെ കണ്ണികൾ വലിച്ചെടുത്തു. ഒരു പാറപ്പുറത്താണു നബി ﷺ ഇരിക്കുന്നത്.


 സ്വന്തമായി ആ പാറപ്പുറത്തു കയറാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല. ത്വൽഹ(റ) അവിടേക്കു നബിﷺയെ എടുത്തുവയ്ക്കുകയാണു ചെയ്തത്...


 അബൂബകർ(റ), അലി(റ), അബ്ദുർറഹ്മാൻ ബ്നു ഔഫ്(റ), സുബയ്ർ(റ), അബൂഉബയ്ദത്(റ) എന്നിവരൊക്കെ നബിﷺയുടെ സംരക്ഷണത്തിൽ നിരതരായി.


 പ്രവാചകൻ ﷺ ഇരിക്കുന്ന ചെരിവിൽ ശത്രുക്കൾ പ്രത്യക്ഷപ്പെട്ടു. ഉമർ(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അവരെ തുരത്തിയോടിച്ചു.


 ത്വൽഹ(റ)വിന്റെ ശരീരത്തിൽ എഴുപതിൽപരം മുറിവുക ളുണ്ടായിരുന്നു. കഅ്ബ്(റ)വിനു പതിനേഴു മുറിവുകളേറ്റു.


 പ്രവാചകൻ ﷺ വധിക്കപ്പെട്ടു എന്നു കേട്ടപാടെ, ശത്രുക്കളെ അരിഞ്ഞുവീഴ്ത്താൻ അവരുടെ മധ്യത്തിലേക്കു കുതിച്ച സ്വഹാബിയാണ് അനസ് ബ്നു നള്റ് (റ). അദ്ദേഹത്തിന്റെ ശരീരത്തിൽ എഴുപതു വെട്ടുകൾ ഏറ്റു. ശഹീദാകുംവരെ പട പൊരുതി...


 മുസ്ലിംകൾ മെല്ലെ മെല്ലെ മലമുകളിലേക്കു പിൻവാങ്ങി.

അവർ അവിടെ കേന്ദ്രീകരിച്ചുതുടങ്ങി. ശത്രുക്കളും നന്നായി ക്ഷീണിച്ചിരുന്നു.

യുദ്ധം അങ്ങനെ അവസാനിച്ചു. ശത്രുക്കൾ പലതും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു...


 “ഞങ്ങൾ ഇനിയും വരും. നിന്റെയൊക്കെ നാശം കണ്ടിട്ടേ അടങ്ങു... യുദ്ധത്തിനൊരുങ്ങി നിന്നോ... അടുത്ത വർഷം വീണ്ടും കാണാം.” അബുസുഫ്യാൻ വിളിച്ചുപറഞ്ഞു...