Wednesday - 22 April, 2026 4-Dhu al-Qadah-1447

പുതിയ ഇമാം (1)

   നബിﷺതങ്ങൾക്കു പള്ളിയിലേക്കു നടന്നുചെല്ലാൻ കഴിയുന്നില്ല. മറ്റൊരാളെ ഇമാമായി നിർത്തേണ്ട ഘട്ടം വന്നിരിക്കുന്നു...


 നബിﷺതങ്ങൾ ആഇശ(റ)യോട് ഇങ്ങനെ ആവശ്യപ്പെട്ടു. “അബൂബക്കറിനെ വിളിക്കൂ.., അദ്ദേഹം ഇമാമായി നിൽക്കട്ടെ...”


 ആഇശ(റ) ഇങ്ങനെ മറുപടി നൽകി: “എന്റെ പിതാവു ലോലഹൃദയനാണ്. ഖുർആൻ ഓതുമ്പോൾ കരഞ്ഞുപോകും. ഇമാമത്തു നിൽക്കാൻ അദ്ദേഹത്തെക്കൊണ്ടാവില്ല...”


 “അബൂബക്കറിനെ വിളിക്കൂ, അദ്ദേഹം നിസ്കാരത്തിനു നേതൃത്വം നൽകട്ടെ.” വീണ്ടും നബി ﷺ ആവശ്യപ്പെട്ടു.


 “എന്റെ പിതാവു വളരെ ദുർബലനാണ്. നിസ്കാരം നയിക്കാൻ മാത്രം അദ്ദേഹം ശക്തനല്ല.” - ആഇശ (റ) ഒന്നുകൂടി പറഞ്ഞുനോക്കി.


 വേദനകൊണ്ടു പുളയുകയായിരുന്ന പ്രവാചകൻ ﷺ ശബ്ദമുയർത്തി. “അബൂബക്കറിനോടു നിസ്കാരത്തിനു നേതൃത്വം നൽകാൻ പറയൂ... നിങ്ങൾ, സ്ത്രീകൾ യൂസുഫ് നബിയെ കുടുക്കാൻ നോക്കിയവരല്ലേ...”


 റസൂൽ ﷺ പുതിയ നേതാവിനെ കണ്ടെത്തുകയാണെന്ന് ആഇശ ബീവിക്കു മനസ്സിലായി. തങ്ങൾ എന്റെ വീട്ടിലാണ്. താൻ സ്വാധീനം ചെലുത്തി പിതാവിനെ നേതൃസ്ഥാനത്ത് എത്തിച്ചതാണെന്ന് ആരെങ്കിലും ധരിച്ചേക്കുമോ..? അതായിരുന്നു ബീവിയുടെ ഭയം. ഇത് ഉറച്ച തീരുമാനമാണ്. ആഇശ (റ) പിന്നെ ഒന്നും പറഞ്ഞില്ല. അബൂബക്കർ(റ)വിനെ വരുത്തി.


 പ്രവാചകൻ ﷺ അദ്ദേഹത്തോടു നിസ്കാരത്തിനു നേതൃത്വം നൽകാൻ പറഞ്ഞു. അദ്ദേഹം വിഷമിച്ചുപോയി. പ്രവാചകനു പകരം താൻ ഇമാമാകുക..! എങ്ങനെ തനിക്കതിനു കഴിയും..?!


 ഖൽബു കിടുകിടാ വിറച്ചു. പള്ളിയിലേക്കു നടന്നു. പള്ളി നിറയെ സത്യവിശ്വാസികൾ. അവർ സുബ്ഹി

നിസ്കാരം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇഖാമത്ത് കൊടുത്തു...


 അബുബക്കർ (റ) ഇമാമായി നിൽക്കുന്നു. പള്ളിയിൽ പ്രവാചകനെ (ﷺ) കാണാത്ത ദുഃഖം. ആ ദുഃഖത്തോടെ ജനം അണിനിരന്നു. അബൂബക്കർ (റ) പാരവശ്യത്തോടെയാണു നിൽക്കുന്നത്.


 “അല്ലാഹു അക്ബർ.” എങ്ങനെയോ പറഞ്ഞൊപ്പിച്ചു... 


 നിസ്കാരം തുടങ്ങി. മനസു നിസ്കാരത്തിൽ മുഴുകി. മറ്റു ചിന്തകൾ മറന്നു. ഏകനായ ഇലാഹിനുവേണ്ടി നിസ്കരിക്കുന്നു...


 കർമ്മങ്ങൾ പൂർത്തിയാക്കി. നിസ്കാരം കഴിഞ്ഞു. 


 വല്ലാത്തൊരു പരീക്ഷണം കടന്നുപോയി...