Wednesday - 22 April, 2026 4-Dhu al-Qadah-1447

കാരുണ്യത്തിന്റെ മഹാസാഗരം (2)

   ബിംബാരാധനയുടെ നാളുകൾ അവസാനിച്ചിരിക്കുന്നു.

മദ്യപാനത്തിന്റെയും ചൂതാട്ടത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. ഗോത്രവൈരങ്ങളുടെയും കുടുംബ വിരോധങ്ങളുടെയുംകാലം പോയി.


 മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന സത്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയും എനിക്ക് ഒളിച്ചിരിക്കാൻ വയ്യ. ഞാനും സത്യത്തിന്റെ പ്രകാശം തേടിപ്പോകുകയാണു ബാപ്പാ...


 ഈ പ്രകാശത്തിനുനേരെ സഞ്ചരിക്കാൻ അങ്ങേക്കു കഴിഞ്ഞില്ലല്ലോ. അങ്ങയുടെ സഹോദരനു കഴിഞ്ഞില്ലല്ലോ.

അങ്ങയുടെ പുത്രനു കഴിഞ്ഞില്ലല്ലോ.

ധീരയായ ഹിന്ദ് പൊട്ടിക്കരഞ്ഞുപോയി.

തേങ്ങിത്തേങ്ങിക്കരഞ്ഞു...


 എനിക്കു മാപ്പു ലഭിക്കുമോ..? ഹംസയുടെ വധത്തിനു ഞാനല്ലേ കാരണക്കാരി. ഓർക്കാൻ വയ്യ. ആ ദിവസം പ്രവാചകൻ (ﷺ) എന്തുമാത്രം വേദനിച്ചിരിക്കണം. മാപ്പു ലഭിക്കുമോ? അതോ പ്രതികാരം ചെയ്യുമോ..?


 എന്തും സ്വീകരിക്കാം. പ്രവാചകൻ (ﷺ) പറയുന്ന പരലോകം. അതു തനിക്കുള്ളതാണല്ലോ. അവിടെ വിജയിക്കണം. ഹിന്ദ് മക്കാനഗരിയിലെ കുലീന വനിതകളെ വിളിച്ചുകൂട്ടി. വനിതകൾ വന്നു തുടങ്ങി. ഇക്രിമതിന്റെ ഭാര്യ, പിന്നെ പ്രമുഖരായ വനിതകൾ...


 “നാം ബിംബങ്ങളുടെ പിന്നാലെ നടന്നു കാലം കഴിച്ചു. - ഒരാൾ പറഞ്ഞു.


“ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ..?” - മറ്റൊരാൾ.


 “ഇനി നമുക്കു രക്ഷയുടെ മാർഗമുണ്ടോ..?"


 “മാർഗം ഒന്നേയുള്ളൂ. പ്രവാചകനെ (ﷺ) നേരിൽ കാണുക. തെറ്റുകൾ ഏറ്റുപറയുക...”


“മാപ്പു ലഭിക്കുമോ..?”


 “പ്രവാചകൻ (ﷺ) ഏറ്റവും മാന്യനായ മനുഷ്യനാണ്. ഏറ്റവും മാന്യമായ പ്രവർത്തനം മാത്രമേ പ്രവാചകനിൽ (ﷺ) നിന്നു പ്രതീക്ഷിക്കാവൂ...”


“എന്നാൽ നമുക്കു പുറപ്പെടാം. ഇപ്പോൾതന്നെ സമയം വൈകിപ്പോയി...”


ഹിന്ദ് അവർക്കു നേതൃത്വം നൽകി...


 എല്ലാവരും പുറപ്പെട്ടു. മേലാസകലം മൂടിയ വസ്ത്രം. ശിരസ്സും മുഖവും വരെ മറച്ചു. ആർക്കും അവരെ കണ്ടാൽ മനസ്സിലാവില്ല. പാദങ്ങൾ പതറുന്നു. കണ്ണുകൾ നിറയുന്നു. തിരു

സന്നിധിയിലേക്കു സ്ത്രീകളുടെ വരവു കണ്ടപ്പോൾ പുരുഷന്മാർ വഴിമാറി. സ്ത്രീകൾക്ക് പ്രവാചകനോടു (ﷺ) സംസാരിക്കാൻ അവസരം നൽകി.


“എന്തിനാണു നിങ്ങൾ വന്നത്..?


 “അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് (ﷺ) അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കാൻ.” - ഒരാൾ മറുപടി നൽകി.


“അല്ലാഹുﷻവിന്റെ റസൂലേ.., വിവരമില്ലാത്ത കാലത്തു ഞങ്ങൾ പല തെറ്റുകളും ചെയ്തുപോയിട്ടുണ്ട്. ഞങ്ങൾക്കു മാപ്പുണ്ടോ..?”


 “ഉണ്ട്...” മനസ്സിൽ തണുപ്പു വീണു.


 “നിങ്ങൾ സത്യം പറയണം. വഞ്ചിക്കരുത്. ഉടമ്പടി പാലിക്കണം. മോഷണം നടത്തരുത്...” പ്രവാചകന്റെ (ﷺ) ഉപദേശം തുടരുന്നു.


 “അല്ലാഹുﷻവിന്റെ റസൂലേ, വീട്ടിലെ ചെലവുകൾക്കു പണം തികയാതെ വരുമ്പോൾ ഭർത്താവിന്റെ പക്കൽ നിന്ന് അയാളറിയാതെ ഭാര്യ എന്തെങ്കിലും എടുത്താൽ അതു മോഷണമാകുമോ..?”


 ചോദ്യം കേട്ടപ്പോൾ പ്രവാചകനു (ﷺ) സംശയം. “നീ ആരാണ്, ഹിന്ദ് ആണോ..?”


“അതേ.


 നിശ്ശബ്ദമായ നിമിഷങ്ങൾ..! ഓർമകൾ മനസ്സിനെ നൊമ്പരപ്പെടുത്തിയ നിമിഷങ്ങൾ.

ഉഹുദ് രണാങ്കണം... ഹംസ(റ)വിന്റെ വികൃതമായ ജഡം. മറ്റൊന്നും ഓർക്കാതിരിക്കാൻ തിരുനബി ﷺ വിഷയം മാറ്റി ചോദിച്ചു.


“നിന്റെ കൂടെ ആരാണ്..?” 

അവരുടെ പേരുകൾ വെളിപ്പെടുത്തി.


“അൽഹംദുലില്ലാഹ്” അല്ലാഹുﷻവിനു സ്തുതി. ചില ഉപദേശങ്ങൾകൂടി നൽകി സദസ്സു പിരിഞ്ഞു...