ഇക് രിമയുടെ ഭാര്യ ഭർത്താവിനെ അന്വേഷിച്ചു നടന്നു. മുസ്ലിംകളുടെ വാൾമുനയിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ഓടുകയായിരുന്നു അദ്ദേഹം.
നാടുവിട്ടു പോകാനുള്ള പുറപ്പാട്.
ജിദ്ദാ തുറമുഖത്തുവച്ചു ഇക് രിമതിനെ ഭാര്യ പിടികൂടി.
“തിരിച്ചുപോകണം.”
“നീ എന്നെ കൊല്ലാൻ കൊണ്ടുപോകുകയാണോ?” ഇക് രിമ പരിഭ്രാന്തനായിരുന്നു.
“അല്ല, നിങ്ങളെ രക്ഷിക്കാൻ.”
“എങ്ങനെ?”
“നിങ്ങൾക്കിനിയും സത്യം മനസ്സിലായില്ലേ?”
“മനസ്സിലായിട്ടെന്തു കാര്യം?”
“സത്യമതം സ്വീകരിക്കൂ, നിങ്ങൾക്കു മാപ്പുണ്ട്.”
“എനിക്കോ... മാപ്പോ... മുഹമ്മദ് (ﷺ) എന്നെ വധിച്ചുകളയും.”
അയാൾ വെപ്രാളം കാട്ടി. ഭാര്യ ആശ്വസിപ്പിച്ചു. സുരക്ഷ ഉറപ്പാണെന്നു ബോധ്യപ്പെടുത്തി. തിരുസന്നിധിയിലേക്കുള്ള യാത്രയിൽ ഇടയ്ക്കിടെ അയാളുടെ ആശങ്ക തലപൊക്കി.
“ഞാൻ വധിക്കപ്പെടും.”
ഭാര്യ ഒരുവിധം അയാളെ തിരുസന്നിധിയിലെത്തിച്ചു. ദൂരെ നിന്നുതന്നെ റസൂൽ ﷺ ആ വരവു കണ്ടു.
ഇക് രിമ ഇസ്ലാമിന്റെ ബദ്ധവൈരിയായ അബൂജഹലിന്റെ പുത്രൻ, പിതാവിനുശേഷം അതിലേറെ ശക്തിയായി ഇസ്ലാമിനെ
എതിർത്ത കഠിന ശത്രു. അവസാന നിമിഷവും വാൾമുന കൊണ്ടു കണക്കു തീർക്കാൻ തുനിഞ്ഞിറങ്ങിയ ഇക് രിമ...
ഇക് രിമ കടന്നുവരികയാണ്. നബി ﷺ സന്തോഷപൂർവം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുനിന്നു...
“ഇക്രിമയ്ക്കു സ്വാഗതം...”
ഇക്രിമ അന്തംവിട്ടു..! ഇതു സത്യമോ, സ്വപ്നമോ?
“അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്...” ഇക്രിമ ഇസ്ലാമിന്റെ സത്യസാക്ഷ്യം അംഗീകരിച്ചു.
പിൽക്കാലത്ത് ഇക് രിമ(റ) ഇസ്ലാമിനു മഹത്തായ സേവനങ്ങൾ ചെയ്തു.
പിതാവിന്റെ പേരുചേർത്ത് ഇക് രിമതിനെ അഭിസംബോധന ചെയ്യരുതെന്നുവരെ നബി ﷺ സ്വഹാബികളെ ഉപദേശിച്ചു. കാരുണ്യത്തിന്റെ മഹാസാഗരം.
മക്കാവിജയം പൂർത്തിയായപ്പോൾ നബി ﷺ യും സ്വഹാബികളും മദീനയിലേക്കു തിരിച്ചു...