Wednesday - 22 April, 2026 4-Dhu al-Qadah-1447

കാരുണ്യത്തിന്റെ മഹാസാഗരം (1)

   കുറെ നാളുകളായി ഹിന്ദ് വലിയ ചിന്താകുഴപ്പത്തിലാണ്. കഅബാലയത്തിലെ ബിംബങ്ങളെയെല്ലാം അവർക്കു വലിയ വിശ്വാസമായിരുന്നു. എന്തൊരു പ്രധാന കാര്യം വരുമ്പോഴും ബിംബങ്ങളുടെ അടുത്തു ചെല്ലും. വണങ്ങും. പ്രാർത്ഥിക്കും. ആവശ്യമായി വരുമ്പോൾ ബലിയറുക്കും.


 ബദ്റിൽ ബിംബങ്ങളുടെ സഹായമുണ്ടാകുമെന്നാണു കരുതിയത്. ദയനീയമായ പരാജയമാണു സംഭവിച്ചത്. ബദ്ർ യുദ്ധത്തിൽ മുഹമ്മദിനെ (ﷺ) അവന്റെ നാഥൻ സഹായിച്ചു എന്നു പറയുന്നതു കേട്ടു. മുഹമ്മദിന്റെ (ﷺ) വിളി അവന്റെ റബ്ബ് കേട്ടു. മലക്കുകളെ ഇറക്കി സഹായിച്ചു.


 ഖുറയ്ശികളുടെ വിളി എന്തേ ബിംബങ്ങൾ കേട്ടില്ലേ..? തന്റെ പ്രിയപ്പെട്ട പിതാവ് ബദ്റിൽ കൊല്ലപ്പെട്ടു. ഹംസയാണ് എന്റെ പിതാവിനെ വധിച്ചത്. പ്രതികാരം കൊണ്ടു തന്റെ രക്തം തിളച്ചു.

എന്തൊരു പ്രതിജ്ഞയാണ് താനെടുത്തത്? മക്കയിലെ പെണ്ണുങ്ങൾ നടുങ്ങിപ്പോയില്ലേ..?


 എന്തിനായിരുന്നു അതൊക്കെ? എന്റെ പിതാവേ, അങ്ങു വലിയ ബുദ്ധിമാനായിരുന്നുവല്ലോ? മുഹമ്മദ് (ﷺ) സത്യപ്രവാചകനാണെന്നു കണ്ടെത്താൻ താങ്കൾക്കു കഴിയാതെ പോയതെന്തേ..? 


 ബുദ്ധിമാനായ പിതാവേ, ആ സത്യം കണ്ടെത്താൻ കഴിയാതെ പോയതെന്ത്? അങ്ങ് ആ സത്യം കണ്ടെത്തിയിരുന്നെങ്കിൽ..!

എങ്കിൽ, എനിക്കു പ്രതികാരത്തെക്കുറിച്ചു ചിന്തിക്കേണ്ടതായിവരുമായിരുന്നോ..?!


 ധീരനായ ഹംസയെ വധിക്കാൻ വഹ്ശിയെ ചുമതലപ്പെടുത്തിയതു ഞാനായിരുന്നു ബാപ്പാ...


 രക്തസാക്ഷികളുടെ നേതാവും, അല്ലാഹുﷻവിന്റെ വാളും എന്നു വിശേഷിപ്പിക്കപ്പെട്ട ഹംസയെ ഉഹുദിൽ വധിച്ചു. ആ മയ്യിത്തിനെ ഞാൻ വികൃതമാക്കി. പിശാച് എന്നെക്കൊണ്ടതു ചെയ്യിച്ചു. ഞാനൊരു പിശാചായി മാറി...


 എന്റെ പിതാവേ, അങ്ങയുടെ രക്തത്തിന്റെ പ്രതികാരം. അതായിരുന്നു ലക്ഷ്യം. എനിക്കു തെറ്റിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. ഉഹുദിൽ വിജയിച്ച ഉന്മാദത്തോടെ ഞങ്ങൾ മടങ്ങിപ്പോന്നു. അതൊരു വിജയമായിരുന്നില്ലെന്നു വഴിയിൽ വച്ചു തന്നെ ബോധ്യമായി. വിജയം പൂർത്തിയായില്ല. അപൂർണ വിജയവുമായി മടങ്ങി. 


 ബാപ്പാ... കഅ്ബയുടെ അകത്തു നാം നാട്ടിയ ബിംബങ്ങളുണ്ടല്ലോ.

അവ ഒരിക്കലും നമ്മെ സഹായിച്ചില്ല.

അവ കല്ലുകളാണെന്നു മുഹമ്മദ് (ﷺ) പറഞ്ഞു. അതു സത്യമായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.


 ബാപ്പാ... ഉസ്സയെ പിടിച്ചു പൊളിച്ചു കളഞ്ഞിരിക്കുന്നു. ലാത്തയെ തവിടുപൊടിയാക്കിയിരിക്കുന്നു.

എല്ലാ ബിംബങ്ങളും തകർന്നു തരിപ്പണമായിരിക്കുന്നു. സ്വയംരക്ഷയ്ക്കുപോലും അവർക്കു കഴിഞ്ഞില്ല.


 പ്രവാചകനും (ﷺ) അനുയായികൾക്കും അടിക്കടി വിജയം. ബിംബങ്ങളുടെ ആളുകൾക്കു പരാജയം...