നബിﷺതങ്ങളുടെ അടുത്ത ബന്ധുക്കൾ മയ്യിത്തു കുളിപ്പിച്ചു.
അലിയ്യ് ബ്നു അബീത്വാലിബ്(റ),
അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ്(റ), അബ്ബാസ്(റ)വിന്റെ പുത്രൻ ഫള്ൽ(റ), മറ്റൊരു പുത്രനായ ഖുസാം(റ), ഉസാമത് ബ്‌നു സയ്ദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണു കുളിപ്പിച്ചത്.
അലി(റ) ദേഹം കഴുകി. ശരീരത്തിൽ സുഗന്ധം പരക്കുന്നു. അതാസ്വദിച്ചുകൊണ്ട് അലി(റ) പറഞ്ഞു: “ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങു സുഗന്ധം പരത്തുന്നു...”
കുളിപ്പിച്ചു തീർന്നു. ശരീരത്തിലെ വെള്ളം തുടച്ചു. മൂന്നു തുണികളിൽ പൊതിഞ്ഞു.
വമ്പിച്ച ജനാവലി എത്തിയിട്ടുണ്ട്. അവർക്കു മയ്യിത്തു നിസ്കരിക്കണം. ആദ്യം പുരുഷന്മാർക്ക് അവസരം നൽകാം.
പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു. ആളുകൾ മുറിയിലേക്കൊഴുകി. ഓരോരുത്തരായി മയ്യിത്തു നിസ്കാരം നിർവഹിക്കുന്നു.
പുറത്തു ജനക്കൂട്ടത്തിൽ വലുപ്പം വർധിച്ചുകൊണ്ടിരുന്നു. അവർക്കെല്ലാം നബിﷺതങ്ങളെ ഒരു നോക്കു കാണാൻ അവസരം നൽകണം. അതിനു ദിവസങ്ങൾതന്നെ വേണ്ടിവരും.
ആദ്യം പുരുഷന്മാർ, പിന്നെ സ്ത്രീകൾ അവസാനം കുട്ടികൾ. അങ്ങനെയാണു സന്ദർശനം.
സ്വഹാബികൾ യോഗം ചേർന്നു. അബൂബക്കർ സിദ്ദീഖ്(റ)വിനെ നേതാവായി തെരഞ്ഞെടുത്തു. മുസ്ലിംകളുടെ ഒന്നാമത്തെ ഖലീഫ.
നബിﷺതങ്ങൾക്കു രോഗം വന്നപ്പോൾ നിസ്കാരത്തിനു നേതൃത്വം നൽകാൻ കൽപിച്ചത് അബൂബക്കർ സിദ്ദീഖ് (റ) വിനോടായിരുന്നു. അടുത്ത നേതാവ് അദ്ദേഹമാണെന്നതിന്റെ
വ്യക്തമായ സൂചനയായിരുന്നു അത്.
അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു ജനം ഒഴുകിവരികയാണ്. കണ്ണീരും തേങ്ങലും നെടുവീർപ്പുകളും...
പകലും രാവും കടന്നുപോയി.
ബുധനാഴ്ച സന്ധ്യയായി. സന്ധ്യയോടെ അവസാന കർമങ്ങൾ ആരംഭിച്ചു. നബിﷺതങ്ങൾ വഫാതായ അതേ മുറിയിൽത്തന്നെ ഖബർ തയ്യാറാക്കി.
കുളിപ്പിക്കുന്നതിനു നേതൃത്വം വഹിച്ചവർ തന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു...
പള്ളിയും പരിസരവും ജനനിബിഡമാണ്. അവർ തങ്ങളുടെ നേതാവിനുവേണ്ടി പ്രാർത്ഥിക്കുന്നു.
ദിക്റുകളും ദുആകളും. വിശുദ്ധ ഖുർആൻ പാരായണം. ഭക്തിനിർഭരമായ അന്തരീക്ഷം...
നിർത്താതെ സ്വലാത്തു ചൊല്ലുന്നു...