Wednesday - 22 April, 2026 4-Dhu al-Qadah-1447

മണ്ണിലേക്കു മടക്കം (2)


   പള്ളിയും പരിസരവും ജനനിബിഡമാണ്. അവർ തങ്ങളുടെ നേതാവിനുവേണ്ടി പ്രാർത്ഥിക്കുന്നു.

ദിക്റുകളും ദുആകളും. വിശുദ്ധ ഖുർആൻ പാരായണം. ഭക്തിനിർഭരമായ അന്തരീക്ഷം. നിർത്താതെ സ്വലാത്തു ചൊല്ലുന്നു. എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു. ചുണ്ടുകളുടെ മന്ത്രം...


 ലോകാനുഗ്രഹിയായ പ്രവാചകന്റെ (ﷺ) ഭൗതിക ശരീരവും അപ്രത്യക്ഷമാകാൻ പോകുന്നു. മരുഭൂമിയിൽ ഇരുട്ടിനു കനം വച്ചു. രാത്രി വളരുകയാണ്. നനയാത്ത കണ്ണുകളില്ല. നീറിപ്പുകയാത്ത ഖൽബുകളില്ല. ലോകചരിത്രത്തിൽ ഇത്രയും ദുഃഖാകുലമായ ഒരു ദിവസമില്ല...


 ലോകാവസാനംവരെ ഇതുപോലൊരു നാൾ വരാനുമില്ല. ലോകാനുഗ്രഹിയെന്ന് അല്ലാഹു ﷻ വിശേഷിപ്പിച്ച പ്രവാചകൻ ﷺ. മനുഷ്യവർഗത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി. ഇതാ പോകുകയായി...


 സമയം പിന്നെയും നീങ്ങി. രണാങ്കണത്തിൽ വീരേതിഹാസം രചിച്ച ധീരസ്വഹാബികൾ ദുഃഖത്തിന്റെ പ്രതീകങ്ങളായി നിൽക്കുന്നു. ജനലക്ഷങ്ങൾ നിശ്ശബ്ദരായി നിൽക്കുന്നു.

ശബ്ദമില്ലാത്ത പ്രാർത്ഥന...


 അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ ജനാസ ഖബറിലേക്ക് ഇറക്കിവച്ചു. മണ്ണ് ഖബറിലേക്കു നീക്കിയിട്ടു...


”مِنْهَا خَلَقْنَاكُمْ،

 وَفِيهَا نُعِيدُكُمْ،

 وَمِنْهَا نُخْرِجُكُمْ،

 تَارَةً أُخْرَىٰ“


മണ്ണിൽനിന്നും നിങ്ങൾ സൃഷ്ടിക്കപ്പെട്ടു. മണ്ണിലേക്കു തന്നെ മടക്കം. (അന്ത്യനാളിൽ വിചാരണയ്ക്കു വേണ്ടി) ഒരിക്കൽകൂടി മണ്ണിൽനിന്നും ഉയിർത്തെഴുന്നേൽപിക്കപ്പെടും.


 ഖബർ മണ്ണുകൊണ്ടു മൂടി. ആഇശ(റ)യുടെ മുറിയിൽ ഒരു

ഖബർ രൂപംകൊണ്ടു. കണക്കില്ലാത്ത ജനം ആ രാത്രിയിൽ തന്നെ ഖബറിടം

സന്ദർശിച്ചു...


 അന്നു തുടങ്ങിയ സന്ദർശനം ഇന്നും തുടരുന്നു. പതിനാലു നൂറ്റാണ്ടുകൾക്കു ശേഷവും സന്ദർശകരുടെ തിരക്കുതന്നെ... മദീനാ മുനവ്വറയിലേക്ക്...


                 അനുബന്ധം


 പിതാക്കൾ


• അബ്ദുല്ല

• അബ്ദുൽ മുത്വലിബ്

• ഹാശിം

• അബ്ദുമനാഫ്

• ഖുസയ്യ്

• കിലാബ്

• മുർറത്ത്

• കഅ്ബ്

• ലുഅയ്യ്

• ഗാലിബ്

• ഫിഹ്റ്

• മാലിക്

• നള്റ്

• കിനാന

• ഖുസയ്മ

• മുദ് രിക

• ഇൽയാസ്

• മുളർ

• നിസാർ

• മഅദ്ദ്

• അദ്നാൻ

• അദ്നാൻ


 പിതൃസഹോദരങ്ങൾ


• ഹംസ

• അബ്ബാസ്

• സുബയ്ർ

• ഖുഥം

• ഹാരിസ്

• അബൂത്വാലിബ്

• അബൂലഹബ്

• ഹജൽ

• ളിറാർ

• ഗീദാഖ്

• സ്വഫിയ്യ

• ആതിഖ

• അർവ

• ഉമയ്മ

• ബർറ

• ഉമ്മുഹകീം


 മാതൃസഹോദരങ്ങൾ


• അസ്‌വദ്

• അബൂയാഖൂത്

• ഫുറയ്അ


മുലകുടി ബന്ധത്തിലെ സഹോദരങ്ങൾ


• ഹംസ

• അബൂസൽമ

• അബ്ദില്ലാഹിബ്നു അബ്ദിൽ അസദ്

• അബൂസുഫ്യാനുബ്നുൽ ഹാരിസ്

• അബ്ദില്ല

• ആസിയ

• ശീമാഅ്



 ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


ഇതൊരു സ്വാലിഹായ അമലായി റഹ്‌മാനായ റബ്ബ് സ്വീകരിക്കട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


  ഇതോട് കൂടെ ഈ പരമ്പര ഇവിടെ അവസാനിക്കുന്നു.


പ്രൊഫ. കൊടുവള്ളി അബ്ദുൽ ഖാദിർ