Wednesday - 22 April, 2026 4-Dhu al-Qadah-1447

ശുഭാപ്തി വിശ്വാസം കൂടിയാൽ

   ഹുനൈൻ താഴ് വര. പ്രഭാതം പൊട്ടിവിടരുകയാണ്. മുസ്ലിംകൾ നേരത്തെ ഉണർന്നു. പ്രഭാതകർമങ്ങൾ നിർവഹിച്ചു. സുബഹി നിസ്കരിച്ചു.


 അരണ്ട വെളിച്ചം. മുസ്ലിം സൈന്യം ആ പ്രദേശം വിട്ടു മുന്നോട്ടു നീങ്ങാൻ ഒരുങ്ങുകയായിരുന്നു.


 പെട്ടെന്നാണതു സംഭവിച്ചത്. ഓർക്കാപ്പുറത്ത് ആക്രമണം. മലമുകളിൽ ശത്രുക്കൾ പതിയിരിക്കുകയായിരുന്നു. അവിടെനിന്നു തുരുതുരാ പറന്നുവരുന്ന അമ്പുകൾ! പലരുടെയും ശരീരത്തിൽ അവ തുളച്ചുകയറി. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.

നേർത്ത വെളിച്ചമേയുള്ളൂ. അണികൾ ചിതറുന്നു. പരക്കംപാച്ചിൽ. മുസലിംകൾ ജീവനും കൊണ്ടോടുന്നു...


 അതു കണ്ടപ്പോൾ നബിﷺതങ്ങൾ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു...


 “ജനങ്ങളേ, നിങ്ങൾ എവിടേക്കാണ് ഓടിപ്പോകുന്നത്..? തിരിച്ചുവരിക.

ശത്രുക്കളെ തുരത്തുക...” 


 അതൊന്നും ഓടിപ്പോകുന്നവർ കേൾക്കുന്നില്ല...


 കുതിരയുടെ കടിഞ്ഞാൺ പിടിച്ചുനിൽക്കുകയായിരുന്ന അബ്ബാസ്(റ)വിനോടു നബിﷺതങ്ങൾ ഇങ്ങനെ നിർദേശിച്ചു...


 “ഓടിപ്പോകുന്നവരെ തിരിച്ചുവിളിക്കുക.”


 അബ്ബാസ് (റ) നല്ല ശബ്ദമുള്ള ആളായിരുന്നു. അദ്ദേഹം ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി...


 “മുഹാജിർ സമൂഹമേ, അൻസാറുകളുടെ സമൂഹമേ, ബയ്അതുർരിള് വാനിൽ പങ്കെടുത്ത സഹോദരങ്ങളേ, അല്ലാഹുﷻവിന്റെ റസൂൽ (ﷺ) നിങ്ങളെ വിളിക്കുന്നു. തിരിച്ചുവരിക. തിരിച്ചുവരിക...”


 അബ്ബാസ്(റ)വിന്റെ ശബ്ദം മലഞ്ചെരുവിൽ അലയടിച്ചുകൊണ്ടിരുന്നു. ഓടിപ്പോയിക്കൊണ്ടിരുന്ന യോദ്ധാക്കളുടെ ചെവിയിൽ അബ്ബാസ്(റ)വിന്റെ ശബ്ദമെത്തി.

അവർ ഓട്ടം നിർത്തി. ആ വിളിക്കുത്തരം നൽകി...


 “ലബ്ബയ്ക്ക. ലബ്ബയ്ക്ക...”


 അവർ പരിസരം മറന്നു. തങ്ങൾക്കു പറ്റിയ അബദ്ധം ഓർത്തു ദുഃഖിച്ചു. തള്ളക്കോഴിയുടെ സമീപത്തേക്കു കോഴിക്കുഞ്ഞുങ്ങൾ ഓടിയണയും പോലെ മുസ്ലിംകൾ പ്രവാചകരുടെ

സമീപത്തേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു...


 നബിﷺതങ്ങൾ തന്റെ പുണ്യം നിറഞ്ഞ കരങ്ങളിൽ മണ്ണു വാരിയെടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: 


“ശാഹത്തിൽ വുജൂഹ്.” 


 മണ്ണ് ശത്രുക്കളുടെ മുഖത്തേക്കെറിഞ്ഞു.

ഉഗമായ പോരാട്ടം തുടങ്ങി...


 നബി ﷺ ഇങ്ങനെ പറയുന്നുണ്ടായിരുന്നു. “അല്ലാഹു ﷻ അവന്റെ പ്രവാചകനു നൽകിയ വാഗ്ദാനം ഒരിക്കലും ലംഘിക്കുകയില്ല...”


 അതിശക്തമായ പോരാട്ടം തുടങ്ങി. ഒന്നുകിൽ വിജയം. അല്ലെങ്കിൽ രക്തസാക്ഷിത്വം...


 ഹവാസിൻ ഗോത്രക്കാർ മലമുകളിൽ നിന്നിറങ്ങിവന്നു. മുസ്ലിംകളുമായി മുഖാമുഖം നിന്നു യുദ്ധം തുടങ്ങി. ഘോരയുദ്ധം. ഹവാസിൻ ഗോത്രക്കാർക്കു മുന്നേറാൻ കഴിയുന്നില്ല...


 അതിശക്തമായ പ്രതിരോധം.

ഹുനയ്ൻ രണാങ്കണത്തിൽ മലക്കുകൾ ഇറങ്ങി! അവർ മുസ്ലിംകൾക്കു ശക്തി നൽകി. ഹവാസിൻ ഗോത്രക്കാർ യുദ്ധക്കളം വിട്ടോടി...


 സൈന്യാധിപനായ മാലിക് ബ്നു ഔഫ് ഒരന്തിമ ശ്രമംകൂടി നടത്തിനോക്കി, വിജയിച്ചില്ല. ശത്രുക്കളുടെ ചേരിയിലുള്ള എല്ലാ ഗോത്രക്കാരും യുദ്ധക്കളം വിട്ടോടുകയായിരുന്നു.


 ഒരു വിഭാഗം ത്വാഇഫിലേക്കു രക്ഷപ്പെട്ടു. മറ്റൊരു വിഭാഗം നഖ്ലയിലേക്ക് ഓടിപ്പോയി. സൈന്യാധിപനായ മാലിക് ബ്നു ഔഫ് ത്വാഇഫിലേക്കാണ് ഓടിപ്പോയത്.


 സ്ത്രീകളും കുട്ടികളും ബന്ദികളായിത്തീർന്നു.

വമ്പിച്ച യുദ്ധമുതലുകളാണു കൈവശം വന്നുചേർന്നത്. ഇരുപത്തിനാലായിരം ഒട്ടകങ്ങൾ. നാൽപതിനായിരം ആടുകൾ. നാലായിരം വെള്ളിനാണയങ്ങൾ.

ബന്ദികളുടെ എണ്ണം ആറായിരം.

യുദ്ധമുതലുകളും ബന്ദികളെയും ജിഅ്റാന എന്ന സ്ഥലത്തേക്കു മാറ്റി.


 ത്വാഇഫിലേക്കു രക്ഷപ്പെട്ട ശത്രുക്കളെ നേരിടുകയെന്നതായിരുന്നു പ്രവാചകരുടെ (ﷺ) അടുത്ത ലക്ഷ്യം...