ഒരു ദിവസം നബിﷺതങ്ങളെ കാണാൻ ഒരു ഗോത്രനായകൻ വന്നു. അയാളുടെ പേര് അബുൽ ബർറാഅ് എന്നായിരുന്നു. പ്രവാചകൻ ﷺ അയാളെ സ്വീകരിച്ചു. പല കാര്യങ്ങളും സംസാരിച്ചു...
“ഇസ്ലാം സത്യമതമാണെന്നു നിങ്ങൾക്കു ബോധ്യം വന്നില്ലേ..?” സംഭാഷണത്തിനിടയിൽ നബിﷺതങ്ങൾ ചോദിച്ചു...
“നിങ്ങളുടെ മതമാണു സത്യം എന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. എന്റെ ജനതയും ഞാനും കൂടി ഇസ്ലാമിലേക്കു കടന്നുവരണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. നജ്റാനിൽ വലിയൊരു ജനത ഇസ്ലാമിനെ കുറിച്ചു പഠിക്കാനാഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഒരു സംഘം ആളുകളെ എന്റെ കൂടെ അയച്ചുതരണം.” അവരുടെ സംഭാഷണം അങ്ങനെ തുടർന്നുപോയി...
അൻസ്വാരികളായ എഴുപതു സ്വഹാബികളെ അയച്ചുകൊടുക്കാമെന്നു നബിﷺതങ്ങൾ സമ്മതിച്ചു.
“ഇവരുടെ സുരക്ഷയുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്..!"
“ഇവരുടെ സുരക്ഷ ഞാൻ ഏറ്റിരിക്കുന്നു.” അബുൽ ബർറാഅ് ഉറപ്പു നൽകി...
മുൻദിർ ബ്നു അംറ്(റ) ആയിരുന്നു സംഘത്തിന്റെ നേതാവ്. അവരെല്ലാം വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവരായിരുന്നു. ഖുർറാഅ് എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്...
മുസ്ലിം സംഘവും അബുൽ ബർറാഉം "ബീർമഊന എന്ന സ്ഥലത്തെത്തി. അവിടെ താമസിച്ചിരുന്ന ഒരു ഗോത്രത്തിന്റെ തലവനായിരുന്നു ആമിർ ബ്നു തുഫയൽ. അയാൾ ഇസ്ലാമിന്റെ ശത്രുവായിരുന്നു. എഴുപതു സ്വഹാബികളെ ഒന്നിച്ചു കണ്ടപ്പോൾ അയാളുടെ രക്തം തിളച്ചു...
ചില ഗോത്രക്കാരെ അയാൾ സഹായത്തിനു കൂട്ടി.
രിഅ്ല, ദക് വാൻ, ഉസയ്യ എന്നീ ഗോത്രങ്ങൾ ആമിറിനെ സഹായിക്കാമെന്നേറ്റു...
ആമിർ എന്ന കൊടിയ ശത്രുവും ധാരാളം യോദ്ധാക്കളും ആയുധധാരികളായി വന്നു. ബീർമഊനയിൽ വച്ചു സ്വഹാബികളെ ആക്രമിച്ചു...
കനത്ത പോരാട്ടം നടന്നു. ഓരോ സ്വഹാബിയെയും അവർ വെട്ടിക്കൊന്നു. കഅ്ബ് ബ്നു സയ്ദ് എന്ന സ്വഹാബി ഗുരുതരമായ പരിക്കുകളോടെ രണാങ്കണത്തിൽ വീണു. മരിച്ചുപോയെന്നു ശത്രുക്കൾ കരുതി. അംറ് ബ്നു ഉമയ്യതും മരണത്തിൽനിന്നു രക്ഷപ്പെട്ടു.
രണ്ടുപേരൊഴികെ മറ്റെല്ലാവരും രക്തസാക്ഷികളായി...
ഈ സംഭവം നബിﷺതങ്ങളെ അതീവ ദുഃഖിതനാക്കി. സ്വഹാബികളെ വധിച്ച ഗോത്രക്കാർക്കെതിരെ നബി ﷺ
പ്രാർത്ഥിച്ചു. നാൽപതു ദിവസം ഖുനൂത് ഓതി പ്രാർത്ഥിച്ചു. അങ്ങനെയാണു നാസിലത്തിന്റെ ഖുനൂത് നിലവിൽ വന്നത്. ഇതു സുബ്ഹി നിസ്കാരത്തിൽ നാം ഓതുന്ന ഖുനൂതല്ല...