Wednesday - 22 April, 2026 4-Dhu al-Qadah-1447

ദാരുണമായ അന്ത്യം (2)

   മദീനയ്ക്ക് സമീപം താമസിച്ചിരുന്ന ഒരു ജൂതഗോത്രത്തിന്റെ പേരു പറയാം-ബനുന്നളീർ. മുസ്ലിംകളുമായി ഇവർ കരാറുണ്ടാക്കിയിരുന്നു. പരസ്പരം യുദ്ധം ചെയ്യുകയില്ല.

ശത്രുവിനെ സഹായിക്കുകയില്ല. കരാറിൽ അങ്ങനെയൊക്കെയുണ്ടെങ്കിലും ബനുന്നളീർ തക്കംകിട്ടുമ്പോഴൊക്കെ കരാർ ലംഘിക്കും...


 പ്രവാചകനെ (ﷺ) വകവരുത്തണം എന്ന ചിന്തയുമായി നടക്കുകയാണവർ. ഒരു സന്ദർഭം കിട്ടിയാൽ അതുപയോഗപ്പെടുത്തും. അവർ പ്രവാചകനെ (ﷺ) വധിക്കാൻ ഗൂഢാലോചന നടത്തി.


 ഒരു ദിവസം നബിﷺതങ്ങൾ ഏതാനും അനുയായികളുടെ കൂടെ ബനുന്നളീർ ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തു

ചെന്നു. അവരുടെ കോട്ടമതിലിൽ ചാരിയിരിക്കാനിടയായി.


 ഇതുതന്നെ പറ്റിയ സമയമെന്നു ജൂതന്മാർക്കു തോന്നി. കോട്ടയുടെ മുകളിൽ കയറി വലിയ കല്ല് താഴേക്കിടുക. അതു തലയിൽ വീണാൽ മരണം ഉറപ്പ്..!!


 ജൂതന്മാർ കോട്ടയ്ക്കു മുകളിൽ കയറി. വലിയ പാറക്കല്ല് ഉരുട്ടിക്കൊണ്ടുവന്നു. താഴേക്കിടാൻ പാകത്തിൽ തയ്യാറാക്കിവച്ചു.


 ജിബ്രീൽ(അ) വിവരം പ്രവാചകനെ (ﷺ) അറിയിച്ചു. തന്ത്രത്തിൽ അവിടെനിന്നു നബി ﷺ രക്ഷപ്പെട്ടു.


 ബനുന്നളീറിനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. പ്രവാചകന്റെ (ﷺ) ജീവനുതന്നെ അവർ ഭീഷണിയായിരിക്കുന്നു. അവരെ മദീനയിൽ നിന്നോടിക്കണം. ഇതു രാജ്യ രക്ഷയുടെ പ്രശ്നമാണ്. യുദ്ധമല്ലാതെ പോം വഴിയില്ല...


 നബിﷺതങ്ങൾ മുഹമ്മദ് ബ്നു മസ് ലമ(റ)വിനെ ബനുന്നളീർ ഗോത്രത്തിനടുത്തേക്കയച്ചു. അദ്ദേഹം ഗോത്ര നേതാക്കളെ ഇങ്ങനെ അറിയിച്ചു:


 “ബനുന്നളീർ ഗോത്രമേ, സ്ഥലം വിട്ടു പോയ്ക്കൊള്ളണം. നിങ്ങൾക്കിനി മദീനയിൽ സ്ഥാനമില്ല. നിങ്ങൾ സന്ധിവ്യവസ്ഥകൾ ലംഘിച്ചു. പ്രവാചകനെ (ﷺ) വധിക്കാൻ നോക്കി. ഉടനെ സ്ഥലം വിടണം...”


 പ്രവാചകൻ ﷺ ബനുന്നളീറിന് അന്ത്യശാസനം നൽകിയ വിവരം കപടവിശ്വാസികളുടെ തലവലനായ അബ്ദുല്ലാഹി ബ്നു ഉബയ്യ് അറിഞ്ഞു. അവൻ ബനുന്നളീറിന്റെ തലവന്മാരോടു

പറഞ്ഞു:


 “നിങ്ങൾ ഒരു കാരണവശാലും മദീന വിട്ടു പോകരുത്. ധൈര്യമായിരിക്കണം. മുഹമ്മദ് യുദ്ധത്തിനു വന്നാൽ ഞങ്ങൾ

നിങ്ങളെ സഹായിക്കും. നിങ്ങൾ മദീന വിട്ടു പോകേണ്ടതായി

വന്നാൽ ഞങ്ങളും നിങ്ങളോടൊപ്പം വരും. ജൂതന്മാർ മുനാഫിഖുകളുടെ വാക്കുകൾ വിശ്വസിച്ചു. പ്രവാചകന്റെ (ﷺ) അന്ത്യശാസനം തള്ളി. ഇനി യുദ്ധമല്ലാതെ പോംവഴിയില്ല...


 ഹിജ്റ നാലാം കൊല്ലം റബീഉൽ അവ്വൽ മാസം. നബിﷺതങ്ങളും സ്വഹാബത്തും ആയുധമണിഞ്ഞു. പതാക പിടിച്ചത് അലി(റ) ആയിരുന്നു. മദീനയുടെ ചുമതല അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂമിനെ

ഏൽപിച്ചു. മുസ്ലിം സൈന്യം നീങ്ങി...


 മുസ്ലിം സൈന്യം എത്തിയതോടെ ജൂതന്മാർ കൂട്ടത്തോടെ കോട്ടകളിൽ അഭയം പ്രാപിച്ചു. മുസ്ലിംകൾ കോട്ട വളഞ്ഞു. മുനാഫിഖുകളുടെ സഹായമൊന്നും ലഭിച്ചില്ല. കുറെ ദിവസങ്ങൾ കടന്നുപോയി...


 “ഞങ്ങൾ നാടുവിട്ടുകൊള്ളാം. കൊല്ലരുത്. സ്ത്രീകളെയും

കുട്ടികളെയും കൂടെ കൊണ്ടുപോകാൻ അനുവദിക്കണം...”

ഇതായിരുന്നു ജൂതന്മാരുടെ അപേക്ഷ...


 പ്രവാചകൻ ﷺ ഓരോ കുടുംബത്തിനും ഓരോ ഒട്ടകത്തിനു ചുമക്കാൻ മാത്രമുള്ള സ്വത്തു കൊണ്ടുപോകാമെന്നു സമ്മതിച്ചു. ആയുധങ്ങൾ അനുവദിച്ചില്ല. ജീവൻ തിരിച്ചുകിട്ടിയതുതന്നെ വലിയ കാര്യം...


 ബനുന്നളീർ ഗോത്രക്കാർ കൂട്ടത്തോടെ പലായനം ചെയ്തു. കുറെ കുടുംബങ്ങൾ ഖയ്ബറിൽ അഭയം തേടി. മറ്റുള്ളവർ

അദ് രിയാത് എന്ന സ്ഥലത്തു ചെന്നു താമസമാക്കി.


 അവരുടെ കൂട്ടത്തിൽ നിന്നു രണ്ടുപേർ ഇസ്ലാംമതം സ്വീകരിച്ചു. യാമീൻ, അബൂസഈദ്.

ബനുന്നളീറിന്റെ വഞ്ചനകളിൽനിന്നു മുസ്ലിംകൾ സുരക്ഷിതരായിത്തീർന്നു...


 ജൂതന്മാർ ഉപേക്ഷിച്ചുപോയ സ്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ കൃഷിയിടങ്ങളായിരുന്നു. ഒരു യുദ്ധം കൂടാതെയാണ് ഇവ കിട്ടിയത്. ഇതിന് ഫയ്അ് എന്നു പറയുന്നു. ഈ സ്വത്ത് യോദ്ധാക്കൾക്കിടയിൽ ഭാഗിച്ചിരുന്നില്ല.


 കൃഷിയിടങ്ങളിൽ ഒരു ഭാഗം ദരിദ്രരായ മുഹാജിറുകൾക്കു നൽകി. അഗതികളെയും അശരണരെയും സഹായിക്കാൻ ഒരു ഭാഗം മാറ്റിവച്ചു. അതിലുണ്ടാകുന്ന ഉൽപന്നങ്ങളാണ് അഗതികൾക്കും

അശരണർക്കും നൽകുക.


 പൊതുതാൽപര്യത്തിനു നീക്കിവച്ച കൃഷിയിടങ്ങൾ അഗതികൾക്കും കടംവന്നവർക്കും രോഗികൾക്കും മറ്റും പ്രയോജനം ചെയ്തു.