ജൂതസംഘം നേരെ ഗത്ഫാൻ ഗോത്രക്കാരെ കാണാനാണു പോയത്. ദീർഘമായി ചർച്ച ചെയ്തു. യുദ്ധത്തിൽ സജീവമായി പങ്കെടുക്കാമെന്ന് അവരും സമ്മതിച്ചു.
നേരെ മുർറത് ഗോത്രക്കാരെ. ഐക്യമുന്നണിയെപ്പറ്റി കേട്ടപ്പോൾ അവർക്കു വലിയ സന്തോഷം. കഴിയാവുന്നത്ര യോദ്ധാക്കളെ സംഘടിപ്പിക്കാമെന്നു സമ്മതിച്ചു.
പിന്നെ, ഫസാ ഗോത്രത്തിലേക്കു പോയി. നൂറുകണക്കിനു യോദ്ധാക്കളെ അയയ്ക്കാമെന്ന് അവരും സമ്മതിച്ചു.
അശ്ജഅ് ഗോത്രത്തിലേക്കാണു പിന്നീടു പോയത്. അവർ സജീവ പങ്കാളിത്തം വാഗ്ദാനം ചെയ്തു. സുലയ്മ ഗോത്രവും സന്തോഷത്തോടെ പിന്തുണ പ്രഖ്യാപിച്ചു. സആദ് ഗോത്രത്തിൽ ജൂതസംഘമെത്തി. അവരും സഹായം വാഗ്ദാനം ചെയ്തു.
ബിഐക്യസംഘത്തിന്റെ വലുപ്പം കൂടിക്കൂടി വന്നു. ഏറ്റവും വലിയ ശക്തി ഖുറയ്ശികൾ തന്നെ. ഖുറയ്ശികളുടെ ഒരുക്കം കാണണ്ടേ..!
നാലായിരം കാലാൾപ്പട. മുന്നൂറ് അശ്വഭടന്മാർ. ആയിരത്തിലേറെ ഒട്ടകങ്ങൾ. ഇതാണു ഖുറയ്ശി സേന. നേതൃത്വം അബൂസുഫ്യാന്...
ഗത്ഫാൻ ഗോത്രം ഒരുങ്ങിയത് ഇപ്രകാരമാണ്. ആയിരം ഒട്ടകങ്ങൾ.
ആയിരത്തിലേറെ കാലാൾപ്പട.
സുലയ് ഗോത്രം അണിനിരത്തിയത് എഴുന്നൂറ് യോദ്ധാക്കളെയാണ്. അശ്ജഅ്, മുർറത് ഗോത്രങ്ങൾ മുന്നൂറു വീതം അണിനിരത്തി. ജൂതഗോത്രങ്ങൾ ആയിരങ്ങളെ അണിനിരത്തി. പതിനായിരം വരുന്ന പടയണി തയ്യാറായി...
ഒരു വൻ സൈന്യം മദീനയെ ആക്രമിക്കാൻ വരുന്നു എന്ന വാർത്തയാണു മുസ്ലിംകൾ കേട്ടത്. അവർ പരിഭ്രമിച്ചുപോയി. ഇവരെ എങ്ങനെ നേരിടും..?! മുതിർന്ന സ്വഹാബികളൊക്കെ വന്നു. പ്രവാചകൻ ﷺ അവരുമായി ചർച്ച തുടങ്ങി. പുറത്തുപോയി മൈതാനത്തുവച്ച് അവരുമായി യുദ്ധം ചെയ്യണമോ. അതോ, മദീനയിൽ തന്നെ തങ്ങി അതിക്രമിച്ചു വരുന്നവരോടു യുദ്ധം ചെയ്യണമോ..?
ചർച്ച നീണ്ടുപോയി. അതിനിടയിൽ സൽമാനുൽ ഫാരിസി(റ) പ്രവാചകരുടെ (ﷺ) അരികിൽ വന്നു. പേർഷ്യയിൽ നിലവിലുള്ള ഒരു യുദ്ധസമ്പ്രദായത്തെക്കുറിച്ചു പറഞ്ഞു.
മദീനയുടെ മൂന്നുഭാഗവും സുരക്ഷിതമാണ്. ഈത്തപ്പന
ത്തോട്ടങ്ങളും ആളുകൾ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളുമാണ്. അവിടെക്കൂടി ശത്രുക്കൾ കടന്നുവരില്ല. ഒരു ഭാഗം തുറസ്സായി കിടക്കുകയാണ്. അവിടെയാണു പ്രതിരോധിക്കേണ്ടത്. ആ ഭാഗത്ത് ആഴവും വീതിയുമുള്ള കിടങ്ങ് കുഴിക്കണം. സൽമാനുൽ ഫാരിസി(റ)വിന്റെ ഈ അഭിപ്രായം സ്വീകരിക്കപ്പെട്ടു.
പക്ഷേ, കിടങ്ങു കുഴിക്കുക എളുപ്പമല്ല. കടുകടുത്ത ഭൂമി. പാറക്കെട്ടുകൾ. അധികദിവസവുമില്ല. ശത്രുക്കൾ ഇങ്ങത്തുംമുമ്പേ പണിതീരണം.
ശൈത്യം തുടങ്ങി. പുറത്തിറങ്ങാൻ വയ്യ. പ്രവാചകനും (ﷺ) മുവ്വായിരം സൈനികരും രംഗത്തിറങ്ങി. ഹിജ്റ അഞ്ചാം വർഷം ദുൽഖഅ്ദ എട്ടിനു കിടങ്ങുകുഴിക്കുന്ന ജോലി ആരംഭിച്ചു.
പത്തു സ്വഹാബികളെ വിളിച്ചു. പത്തുവാര സ്ഥലം അവർക്ക് അളന്നുകൊടുത്തു. അഞ്ചുവാര ആഴത്തിൽ കുഴിക്കണം. ശ്രതുവിനെ ചാടിക്കടക്കാനാവാത്തവിധം വീതിയും വേണം.
പിന്നെ മറ്റൊരു പത്തുപേരെ വിളിച്ചു. അവർക്കും പത്തുവാര അളന്നുകൊടുത്തു. കഠിനമായ ജോലി തുടങ്ങി. നബിﷺതങ്ങളും മറ്റുള്ളവരെപ്പോലെ ജോലി ചെയ്യുന്നു.
കാലാവസ്ഥ പ്രതികൂലമാണ്. ഭക്ഷണം തീരെ കുറവ്. കുടി നീരിനുതന്നെ പ്രയാസം. പല ദിവസങ്ങളിലും പട്ടിണിതന്നെ. പകൽ മുഴുവൻ വിശ്രമമില്ലാത്ത പണി. രാത്രി ഉറക്കവുമില്ല. മനസ്സും ശരീരവും ഉരുകുന്നു.
ഭക്തിനിർഭരമായ പാട്ടുകൾ പാടിക്കൊണ്ടു മുഹാജിറുകളും
അൻസ്വാറുകളും കിടങ്ങിന്റെ പണി പൂർത്തിയാക്കി...