Wednesday - 22 April, 2026 4-Dhu al-Qadah-1447

മദീന അപകടത്തിൽ (1)

   മക്കയിലെയും പരിസര പ്രദേശങ്ങളിലെയും ഗോത്രങ്ങളും

ജൂതഗോത്രങ്ങളും അടങ്ങിയ വൻസൈന്യം അതിവേഗം മുന്നേറുകയാണ്. ഒരൊറ്റ ദിവസംകൊണ്ട് എല്ലാം കഴിയണം.


 മദീനയെ സമീപിച്ചുകഴിഞ്ഞു. പുറത്തെങ്ങും സൈന്യത്തെ കാണാനില്ല. യുദ്ധം മദീനയിൽ

തന്നെ. മദീനയിലേക്കു കടക്കാറായി.


 വൻസൈന്യത്തിന്റെ നേതാവ് അബൂസുഫ്യാൻ. അനുയായികൾക്കുവേണ്ട നിർദേശങ്ങൾ നൽകി. മദീനയിൽ പ്രവേശിക്കുക. മുസ്ലിംകളെ വളയുക. ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്. നിർദേശങ്ങൾ ഉൾക്കൊണ്ടു. ശക്തമായ മുന്നേറ്റം. അതിവേഗം.


ങേ... പെട്ടെന്നു മുന്നേറ്റം നിലച്ചു..!  എന്താണിത്..? സ്തബ്ധരായിപ്പോയി. കിടങ്ങ്..!! ഇങ്ങനെയൊരു യുദ്ധതന്ത്രം അറേബ്യയിൽ പരിചയമില്ലല്ലോ..?!


 നബിﷺതങ്ങൾ മുവ്വായിരം യോദ്ധാക്കളെ പല ഗ്രൂപ്പുകളാക്കി തിരിച്ചു പല ഭാഗത്തായി നിറുത്തിയിരുന്നു. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), സൽമാനുൽ ഫാരിസി(റ) എന്നിവർ ഓരോ ഗ്രൂപ്പിനെ നിയന്ത്രിച്ചു.


 മജ്മുൽ അസ്മാൻ എന്ന സ്ഥലത്ത് ഖുറയ്ശികൾ തമ്പടിച്ചു. മറ്റു ഗോത്രക്കാരും ജൂതന്മാരും സമീപ പ്രദേശങ്ങളിൽ താവളമടിച്ചു.

മദീനയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഇനിയെന്താണു വഴി..? ശത്രുക്കൾ ആലോചിച്ചു. അമ്പെയ്ത്ത്തു യുദ്ധം തുടങ്ങാം.


 അങ്ങനെ അമ്പെയ്ത്തു തുടങ്ങി. തിരിച്ചും അമ്പുകൾ വരുന്നുണ്ട്. ഇരുപക്ഷത്തും ചിലർക്കൊക്കെ പരിക്കുകൾ പറ്റി. അമ്പുകൾകൊണ്ടു മാത്രം ഒന്നും നേടാനാവില്ല. കിടങ്ങ് ചാടിക്കടക്കാൻ നോക്കാം.

അതു പ്രയാസമാണ്. ചാടിയാൽ കിടങ്ങിൽ വീഴും.


 ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. അസഹ്യമായ തണുപ്പുകാരണം മനുഷ്യരും മൃഗങ്ങളും വിഷമിച്ചു. ഇനി ഒരു തന്ത്രംകൂടി ബാക്കിയുണ്ട്. അതു വിജയിച്ചാൽ രക്ഷയായി.


 ബനൂഖുറയ്ള ഗോത്രം ഇപ്പോഴും മുസ്ലിംകളുമായി സഖ്യത്തിലാണ്. മദീനയിൽതന്നെ താമസിക്കുന്ന ജൂതഗോത്രമാണത്. യുദ്ധം വന്നപ്പോൾ സന്ധിവ്യവസ്ഥ പ്രകാരം അവർ മുസ്ലിംകളെ സഹായിക്കുന്നു. ഈ സഹായം നിറുത്തണം. അവർ

സഖ്യകക്ഷികളോടൊപ്പം വരണം. അപ്പോൾ അവരുടെ പ്രദേശത്തുകൂടി മദീനയിൽ കടക്കാം.നല്ല തന്ത്രം..! എങ്ങനെ നടപ്പാക്കും..?


 പ്രസിദ്ധനായ ജൂതനേതാവിനെ അയയ്ക്കാം. ഹുയയ്യ് ബ്നു അഖ്തബ്. ജൂതഗോത്രങ്ങൾക്കെല്ലാം സുപരിചിതനായ നേതാവാണ്

ഹുയയ്യ്. 


 ബനൂഖുറയ്ള നേതാക്കളെ അയാൾ കണ്ടു. “ഈ സമയത്തും നിങ്ങൾ മുഹമ്മദിനെ സഹായിക്കുന്നത് ഒട്ടും ശരിയല്ല. നിങ്ങൾ എല്ലാ സഹായവും നിറുത്തണം. ഞങ്ങളുടെ കൂടെ നിൽക്കണം. ഹുയയ്യ് ശക്തമായ ഭാഷയിൽ പറഞ്ഞു.


 ബനൂ ഖുറയ്ള നേതാക്കൾ ഇങ്ങനെ മറുപടി നൽകി: “അതു സാധ്യമല്ല. മുഹമ്മദും കൂട്ടരും വളരെ മാന്യമായിട്ടാണു ഞങ്ങളോടു പെരുമാറുന്നത്. മദീനയിൽ ഞങ്ങൾക്കു യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ മുഹമ്മദുമായുള്ള ഉടമ്പടി

മുറുകെപ്പിടിക്കും.”


 “നിങ്ങളെന്താണു ധരിക്കുന്നത്..? മുഹമ്മദും പാർട്ടിയും നശിക്കാൻ പോകുകയാണ്. നിങ്ങളും കൂടി ഞങ്ങളോടൊപ്പം ചേർന്നാൽ മതി. നിങ്ങളുടെ സ്ഥലത്തുകൂടി ഈ വൻസൈന്യം മദീനയിൽ പ്രവേശിക്കും. മുസ്ലിംകളുടെ കഥകഴിക്കും. പിന്നെ ഒരു ശല്യവുമില്ല.” ഹുയയ്യ് സമ്മർദം ചെലുത്തി.


 മുഹമ്മദും കൂട്ടരും വധിക്കപ്പെട്ടാൽ പിന്നെന്തു ഉടമ്പടി..? എങ്കിൽ അതു ലംഘിക്കാം. സഖ്യകക്ഷികൾക്കു സഹായം നൽകാം ഖുറയ്ള സഖ്യകക്ഷികൾക്കു പിന്തുണ പ്രഖ്യാപിച്ചു! മുസ്ലിംകൾക്കുള്ള സകല സഹായവും നിറുത്തി. മുസ്ലിംകൾ ഞെട്ടിപ്പോയി..!! എന്തൊരു വഞ്ചനയാണു ബനൂ ഖുറയ്ള കാണിച്ചത്..?


 മദീനയിലേക്ക് അവർ വഴിതുറന്നുകൊടുക്കും. വൻസൈന്യം

ഒഴുകിവരും. മുസ്ലിംകൾ കൂട്ടത്തോടെ വധിക്കപ്പെടും. മുനാഫിഖുകൾ യുദ്ധക്കളം വിടാൻ ഒരുങ്ങുന്നു...